തെലുങ്കിലെ മികച്ച താരങ്ങളിലൊരാളാണ് ജൂനിയര്‍ എന്‍.ടി.ആര്‍. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ ജൂനിയര്‍ എന്‍.ടി.ആര്‍ ചെറുപ്രായത്തില്‍ തന്നെ വലിയ ഫാന്‍ബേസ് സ്വന്തമാക്കി. താരക് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജൂനിയര്‍ എന്‍.ടി.ആറിന്റെ ദേവര 2വിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് തെലുങ്ക് സിനിമാപേജുകളിലെ ചര്‍ച്ച.
2024ല്‍ പുറത്തിറങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രം ദേവര രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നല്കിയാണ് അവസാനിച്ചത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ദേവരയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്നാണ് വിവരം. കഴിഞ്ഞവര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ദേവരയും ഉണ്ടെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം താരക് പ്രധാനവേഷത്തിലെത്തിയ വാര്‍ 2വിനും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച സ്വീകരണമല്ലായിരുന്നു ലഭിച്ചത്. ലോജിക്കില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ ട്രോള്‍ മെറ്റീരിയലാക്കി. ഇനിയൊരു സീക്വല്‍ ചെയ്ത് ഫാന്‍ബേസ് കളയാന്‍ താത്പര്യമില്ലാത്തതിനാലാണ് താരക് ദേവര 2വില്‍ നിന്ന് പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജൂനിയര്‍ എന്‍.ടി.ആറിന്റെ ഉടമസ്ഥതയിലുള്ള യശോദ സിനി ആര്‍ട്‌സാണ് ദേവരയുടെ നിര്‍മാതാക്കള്‍. ആര്‍.ആര്‍.ആറിന് ശേഷം പാന്‍ ഇന്ത്യന്‍ റീച്ച് ലഭിച്ച ജൂനിയര്‍ എന്‍.ടി.ആറിന്റെ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായിരുന്നു ദേവര. താരം ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ദേവര പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. അനിരുദ്ധിന്റെ സംഗീതമാണ് ചിത്രത്തെ ഒരുപരിധി വരെ താങ്ങിനിര്‍ത്തിയത്.
യാതൊരു ആവശ്യവുമില്ലാതെ രണ്ടാം ഭാഗത്തിന് കാത്തുനിര്‍ത്തിയെന്നാണ് ദേവരക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ആന്ധ്ര/ തെലങ്കാനയില്‍ ആദ്യ ആഴ്ചയിലെ ഉയര്‍ന്ന ടിക്കറ്റ് റേറ്റിലൂടെ ഭേദപ്പെട്ട കളക്ഷന്‍ ദേവര സ്വന്തമാക്കി. ബോക്‌സ് ഓഫീസില്‍ നിന്ന് 421 കോടിയോളമായിരുന്നു ചിത്രം സ്വന്തമാക്കിയത്.
നിലവില്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണിന്റെ തിരക്കിലാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ദേവര 2 ഒഴിവാക്കിയതിനാല്‍ ഡ്രാഗണ് ശേഷം ത്രിവിക്രം ശ്രീനിവാസിന്റെ പ്രൊജക്ടിലേക്ക് താരം കടക്കും. ജയിലര്‍ 2വിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരകാണ് നായകനെന്നും അഭ്യൂഹങ്ങളുണ്ട്.
Content Highlight: Rumors that Junior NTR deciding to shelve the sequel of Devara