| Monday, 6th July 2026, 8:45 pm

ലാലേട്ടനല്ല, കുഞ്ഞിക്കയാ... സൂര്യ 47ന് ശേഷം ജിത്തു മാധവന്റെ അടുത്ത സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്ത് സിനിമാപേജുകള്‍

അമര്‍നാഥ് എം.

വെറും രണ്ട് സിനിമ കൊണ്ട് സിനിമാലോകത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് ജിത്തു മാധവന്‍. രോമാഞ്ചം സര്‍പ്രൈസ് ഹിറ്റായപ്പോള്‍ ആവേശം സെന്‍സേഷണല്‍ ഹിറ്റായി മാറി. ആവേശത്തിന് ശേഷം അടുത്ത പ്രൊജക്ടിനെക്കുറിച്ച് പല റൂമറുകള്‍ പുറത്തുവന്നെങ്കിലും തമിഴില്‍ തന്റെ സാന്നിധ്യമറിയിക്കാനായിരുന്നു ജിത്തുവിന്റെ തീരുമാനം.

സൂപ്പര്‍താരം സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ദീപാവലിക്ക് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. സൂര്യ 47ന് ശേഷം ജിത്തു ആര്‍ക്കൊപ്പമാണ് കൈകോര്‍ക്കുക എന്നാണ് പുതിയ ചര്‍ച്ചകള്‍. ആവേശത്തിന് പിന്നാലെ ഉയര്‍ന്നുകേട്ട മോഹന്‍ലാല്‍- ജിത്തു മാധവന്‍ പ്രൊജക്ട് വീണ്ടും ഓണാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ പ്രൊജക്ടിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്നീട് വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. സൂര്യ 47ന് ശേഷം ഈ പ്രൊജക്ട് വീണ്ടും ഓണാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ജിത്തു മാധവന്‍ ദുല്‍ഖറിനൊപ്പം കൈകോര്‍ത്തേക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളത്തില്‍ ബാക്ക് ടു ബാക്ക് പ്രൊജക്ടുകള്‍ ചെയ്ത് ഹോം ഫോര്‍ട്ടില്‍ സജീവമാകാനാണ് ദുല്‍ഖറിന്റെ പ്ലാന്‍. ഐ ആം ഗെയിമിന് ശേഷം താരത്തിന്റേതായി പുതിയ പ്രൊജക്ടുകളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല. ജിത്തുവിനൊപ്പമായിരിക്കും ഡി.ക്യു കൈകോര്‍ക്കുകയെന്ന് ഏറെക്കുറെ ഉറപ്പായെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലായാലും ദുല്‍ഖറായാലും രണ്ട് പേരുടെയും മാക്‌സിമം സ്റ്റാര്‍ഡം ജിത്തു ഊറ്റിയെടുക്കുമെന്ന് ഉറപ്പാണ്. മാസ് മസാല സിനിമകളെ വളരെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ജിത്തു മാധവന്‍ ആര്‍ക്കൊപ്പമാകും കൈകോര്‍ക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. സൂര്യ 47ന്റെ റിലീസിന് ശേഷമാകും ഈ പ്രൊജക്ട് അനൗണ്‍സ് ചെയ്യുക.

നിലവില്‍ സൂര്യ 47ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. സൂര്യയുടെ പിറന്നാള്‍ ദിനമായ ജൂലൈ 23ന് ടൈറ്റില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. ഗലാട്ടാ എന്നാകും ടൈറ്റിലെന്നാണ് അഭ്യൂഹങ്ങള്‍. ഏറെക്കാലത്തിന് ശേഷം പൊലീസ് ഗെറ്റപ്പില്‍ സൂര്യ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഇത്. ക്യാമറക്ക് മുന്നിലും പിന്നിലുമായി മലയാളികളുടെ നീണ്ട നിര സൂര്യ 47ലുണ്ട്.

നസ്രിയയാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ അപ്കമിങ് സെന്‍സേഷന്‍ നസ്‌ലെനും സൂര്യ 47ന്റെ ഭാഗമാണ്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. തമിഴ്‌നാട്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങി കേരളത്തിലെത്തുന്ന ഒരു പൊലീസ് ഓഫീസര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥ.

Content Highlight: Rumors that Jithu Madhavan joining hands with Dulquer Salman

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more