| Friday, 30th October 2026, 10:48 pm

ആദ്യ സംവിധാനം പാളിയാലും കുഴപ്പമില്ല, ക്യാമറക്ക് മുന്നില്‍ തിളങ്ങാനൊരുങ്ങി ഇളയ ദളപതി; 100 കോടി നേടിയ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ ജേസണ്‍

അമര്‍നാഥ് എം.

തമിഴിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറായ വിജയ് കളമൊഴിഞ്ഞത് സിനിമാലോകത്തിന് വലിയ നഷ്ടമായിരുന്നു. ഇന്‍ഡസ്ട്രിയുടെ കളക്ഷന്‍ കിങ് സിനിമാജീവിതത്തോട് വിടപറഞ്ഞതിന് പിന്നാലെ താരത്തിന്റെ മകന്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. എന്നാല്‍ ക്യാമറക്ക് മുന്നിലല്ല, പിന്നില്‍ നില്‍ക്കാനാണ് തനിക്ക് താത്പര്യമെന്ന് ജേസണ്‍ അറിയിച്ചു.

എന്നാല്‍ ആദ്യ സംവിധാന സംരംഭം ജേസണ് പിഴച്ചു. വന്‍ ബജറ്റിലൊരുങ്ങിയ സിഗ്മ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയാണ് കളംവിട്ടത്. ഒ.ടി.ടി റിലീസിന് ശേഷം ആരും ചിത്രത്തെ തിരിഞ്ഞുനോക്കുന്നില്ല. വിദേശത്ത് പോയി ഫിലിംമേക്കിങ് പഠിച്ചെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താനാകാത്ത കഥയാണ് ജേസണ്‍ ഒരുക്കിയത്.

ആദ്യ സംവിധാന സംരംഭം പരാജയപ്പെട്ടെങ്കിലും സിനിമാലോകത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ ജേസണ്‍ തയറാല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറക്ക് പിന്നില്‍ നിന്ന് തിളങ്ങാനാകാത്തതിനാല്‍ ഇത്തവണ ക്യാമറക്ക് മുന്നിലേക്ക് കടന്നുവരാനാണ് ജേസന്റെ പ്ലാനെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജേസണ്‍ നായകനാകുന്ന ആദ്യ സിനിമയുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഡ്യൂഡ് എന്ന സൂപ്പര്‍ഹിറ്റൊരുക്കിയ കീര്‍ത്തീശ്വരനാകും ജേസണ്‍ നായകനാകുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുകയെന്ന് വലൈപ്പേച്ച് അടക്കമുള്ള പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 2027 അവസാനത്തോടെ മാത്രമേ ഈ പ്രൊജക്ട് ഓണാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കീര്‍ത്തീശ്വരന്റെ നിലവിലെ തിരക്കുകള്‍ അവസാനിച്ചതിന് ശേഷമേ ഈ പ്രൊജക്ടിലേക്ക് കടക്കുള്ളൂ.

ഡ്യൂഡിന്റെ ഗംഭീര വിജയത്തിന് ശേഷം തമിഴ് സൂപ്പര്‍താരം സിലമ്പരസനെ നായകനാക്കിയാണ് കീര്‍ത്തീശ്വരന്റെ അടുത്ത ചിത്രം. എന്നാല്‍ അരസന്റെ ഷൂട്ട് നീണ്ടുപോകുന്നത് കാരണം ഈ പ്രൊജക്ടും വൈകുകയാണ്. അരസന്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ സിലമ്പരസന്‍ അടുത്ത പ്രൊജക്ടിലേക്ക് കടക്കുകയുള്ളൂ. 11 വര്‍ഷത്തിന് ശേഷം നയന്‍താര എസ്.ടി.ആറിന്റെ നായികയായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കീര്‍ത്തീശ്വരന്‍- എസ്.ടി.ആര്‍ പ്രൊജക്ടിന് ശേഷം ജേസണുമൊത്തുള്ള പ്രൊജക്ട് ഓണാകും. ദളപതി കളമൊഴിഞ്ഞപ്പോള്‍ വന്ന ‘ഇളയ ദളപതി’യെ വിജയ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അച്ഛനെപ്പോലെ തമിഴ് ഇന്‍ഡസ്ട്രിയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ ജേസണ് സാധിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Rumors that Jason Sanjay ready to play lead role in Keerthiswaran’s next film

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more