| Saturday, 6th June 2026, 9:30 pm

ഇനി തിയേറ്ററില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കണ്ട, ജന നായകന്റെ അഡ്വാന്‍സ് തിരികെ നല്‍കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ട് വിജയ്?

അമര്‍നാഥ് എം.

എത്ര മോശം സിനിമയാണെങ്കിലും നിര്‍മാതാവിന് ലാഭം കിട്ടുന്ന തരത്തില്‍ ഓരോ പ്രൊജക്ടും സേഫാക്കാന്‍ കഴിയുന്ന ഒരേയൊരു താരമായിരുന്നു വിജയ്. കരിയറിന്റെ പീക്കില്‍ നിന്ന സമയത്ത് സിനിമാജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് അവിടെയും തന്റെ റേഞ്ച് തെളിയിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ റെക്കോഡ് സീറ്റുമായി തമിഴകത്തിന്റെ മുഖ്യമന്ത്രിയായി ദളപതി മാറി.

എന്നാല്‍ വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ പലരും ആഗ്രഹിച്ച ഒന്നായിരുന്നു ജന നായകന്റെ റിലീസ്. വിജയ്‌യുടെ അവസാന ചിത്രമായി ഒരുങ്ങിയ ജന നായകന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് ഇപ്പോഴും വെളിച്ചം കാണാത്ത അവസ്ഥയിലാണ്. നിര്‍മാതാക്കള്‍ കോടതിയെ അടക്കം സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചിരുന്നില്ല.

ഇലക്ഷന് ശേഷമെങ്കിലും ചിത്രം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. മുഖ്യമന്ത്രിയായ ശേഷം വിജയ് ജന നായകന്റെ കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയും അസ്തമിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിത്രം തിയേറ്ററുകളിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രത്തിനായി വിതരണക്കാരില്‍ നിന്നും തിയേറ്റര്‍ ഉടമകളില്‍ നിന്നും വാങ്ങിയ അഡ്വാന്‍സ് തിരിച്ചുനല്‍കാന്‍ നിര്‍മാതാക്കളോട് വിജയ് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം റിസ്‌കില്‍ ഇനി ജന നായകന്‍ വിതരണം ചെയ്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് മാസത്തിലധികമായിട്ടും ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തത് നിരാശ നല്‍കുകയാണ്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബര്‍ 20നാണ് ജന നായകന്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന് ജനുവരി ആദ്യവാരം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ റിവൈസിങ് കമ്മിറ്റിയിലേക്ക് ചിത്രം അയച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി. കരിയറില്‍ ആദ്യമായാണ് വിജയ്‌യുടെ ഒരു സിനിമ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് ജന നായകനെ തടഞ്ഞുവെച്ചിരിക്കുന്നത്.

ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയില്‍ ചിത്രം ഓണ്‍ലൈനില്‍ ലീക്കായതും വലിയ വിവാദമായി. ഇതോടെ കനത്ത നഷ്ടമാണ് നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് നേരിടുന്നത്. 400 കോടിയിലേറെ ചെലവഴിച്ചാണ് ചിത്രം ഒരുങ്ങിയത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം എല്ലാ അര്‍ത്ഥത്തിലും നിര്‍മാതാക്കള്‍ക്ക് നഷ്ടമായിരിക്കുകയാണ്. തിയേറ്റര്‍ റിലീസിലൂടെ ചിത്രം ലാഭമാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rumors that Jana Nayagan might not release in theatres

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more