| Sunday, 7th June 2026, 8:17 pm

യഷിന് പിന്നാലെ രജിനിയും.... ഷൂട്ട് ചെയ്തതില്‍ തൃപ്തിയായില്ല, ജയിലര്‍ 2 വീണ്ടും ഷൂട്ട് ചെയ്യാനൊരുങ്ങി നെല്‍സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജിനികാന്തിനെ മുമ്പെങ്ങും കാണാത്ത തരത്തില്‍ അതിഗംഭീരമായി അവതരിപ്പിച്ച് ആരാധകരെ കോരിത്തരിപ്പിച്ച ചിത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ ജയിലര്‍. മൂന്ന് വര്‍ഷത്തിനിപ്പുറം മുത്തുവേല്‍ പാണ്ഡ്യന്‍ വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്.

ആദ്യഭാഗത്തെക്കാള്‍ ഇരട്ടി ഹൈപ്പാണ് ജയിലര്‍ 2ന് ഉള്ളത്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാവുകയും പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞദിവസം ജയിലര്‍ 2ന്റെ റഫ് കട്ട് സംവിധായകനും നിര്‍മാതാക്കളും അടങ്ങുന്ന ടീം കാണുകയുണ്ടായി. റഫ് കട്ടില്‍ ആരും തൃപ്തരായില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പ്രധാനപ്പെട്ട ഭാഗങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ വന്നില്ലെന്നും അതിനാല്‍ ചിത്രം റീഷൂട്ട് ചെയ്യാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന റീഷൂട്ടാണ് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. രജിനികാന്തിന്റെ സാന്നിധ്യമുള്ളതും ഇല്ലാത്തതുമായ സീനുകളാണ് റീഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

സംവിധായകന്‍ നെല്‍സണും നിര്‍മാതാവ് കലാനിധി മാരനും കഴിഞ്ഞദിവസം ഊട്ടിയില്‍ രജിനികാന്തിനെ കാണാന്‍ ചെന്നതോടെയാണ് റീഷൂട്ടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. ജയിലര്‍ 2ന് ശേഷം സിനിമയില്‍ നിന്ന് അവധിയെടുത്ത് വിശ്രമിക്കുകയാണ് രജിനികാന്ത്. തലൈവര്‍ 173ക്ക് മുമ്പ് ജയിലര്‍ 2ന്റെ റീഷൂട്ടിന്റെ തിരക്കിലേക്ക് താരം കടക്കുകയാണ്.

ഈ വര്‍ഷം റീഷൂട്ട് ചെയ്യുന്ന രണ്ടാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് ജയിലര്‍ 2. യഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രമായ ടോക്‌സിക് റീഷൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. മാര്‍ച്ച് 19ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇതുവരെ പ്രദര്‍ശനത്തിനെത്തിയില്ല. ജൂണ്‍ നാലിന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം റീഷൂട്ട് ചെയ്യാന്‍ പോവുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്.

Photo: screen grab/ kvn productions/ youtube.com

2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം 600 കോടിയോളം ബജറ്റിലാണ് ഒരുങ്ങിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം വലിയ വിമര്‍ശനമായിരുന്നു നേരിട്ടത്. 1940കളില്‍ ഗോവയില്‍ നടക്കുന്ന ഗ്യാങ്‌സ്റ്റര്‍ ഡ്രാമയാണ് ടോക്‌സിക്കിന്റേത്. യഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെപ്റ്റംബറില്‍ റിലീസിന് പദ്ധതിയിടുന്ന ജയിലര്‍ 2 റീഷൂട്ടിലേക്ക് കടന്നതിനാല്‍ ഈ ചിത്രത്തിന്റെ റിലീസും വൈകുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Jailer 2 movie is going to Reshoot major portions

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

We use cookies to give you the best possible experience. Learn more