കോളിവുഡിലെ ആദ്യ ആയിരം കോടി ചിത്രമാകുമെന്ന് പലരും പ്രതീക്ഷിച്ച ചിത്രമായിരുന്നു ജയിലര്‍ 2. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയുമായി എത്തിയ ചിത്രം വന്‍ വിജയമായി. തമിഴിലെ ആദ്യ 700, 800 കോടി ക്ലബ്ബ് ജയിലര്‍ 2ലൂടെയായിരുന്നു പിറവിയെടുത്തത്. എല്ലാ റീജിയണുകളിലും ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമെന്ന റെക്കോഡും ജയിലര്‍ 2 സ്വന്തമാക്കി.
എന്നാല്‍ ആയിരം കോടി ക്ലബ്ബ് എന്ന സ്വപ്‌നം കപ്പിനും ചുണ്ടിനുമിടയില്‍ ചിത്രത്തിന് നഷ്ടമായി. 836 കോടിയാണ് ജയിലര്‍ 2ന്റെ ഫൈനല്‍ കളക്ഷന്‍. ഇപ്പോഴിതാ, നഷ്ടപ്പെട്ട ആയിരം കോടി ക്ലബ്ബിലേക്ക് കടക്കാനുള്ള അവസാന ശ്രമം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡിസംബറില്‍ ചിത്രം റീ റിലീസ് ചെയ്‌തേക്കുമെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രജിനിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 11ന് ചിത്രം റീ റിലീസ് ചെയ്‌തേക്കുമെന്നും പുതിയ പതിപ്പായിരിക്കും പ്രദര്‍ശനത്തിനെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈനല്‍ എഡിറ്റില്‍ ഡിലീറ്റ് ചെയ്യപ്പെട്ട മോഹന്‍ലാലിന്റെ പോര്‍ഷനടക്കം പുതിയ പതിപ്പില്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോഹന്‍ലാലിന്റെ രണ്ട് സീനുകള്‍, സന്താനത്തിന്റെ സീനുകള്‍, വിജയ് സേതുപതിയുടെ ഇന്‍ട്രോ എന്നീ ഭാഗങ്ങള്‍ റീ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടായേക്കുമെന്നും സിനിമാപേജുകള്‍ പ്രവചിക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ റീ റിലീസ് ചെയ്യുന്നു എന്ന അപൂര്‍വ നേട്ടം ജയിലര്‍ 2 സ്വന്തമാക്കുമെന്നാണ് പലരുടെയും കമന്റുകള്‍.
പുതിയ പതിപ്പ് റീ സെന്‍സര്‍ ചെയ്യാന്‍ അടുത്ത മാസം നിര്‍മാതാക്കള്‍ സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് മണിക്കൂറിലധികമായിരിക്കും റീ റിലീസ് പതിപ്പിന്റെ ദൈര്‍ഘ്യമെന്നും വലൈപേച്ച് അടക്കമുള്ള പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വേര്‍ഷന്‍ ആളുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ചിത്രം ചരിത്രമെഴുതുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.
എന്നാല്‍ ഡിസംബറില്‍ റീ റിലീസ് ചെയ്യുമ്പോള്‍ വേണ്ടത്ര സ്‌ക്രീനുകള്‍ ലഭിച്ചേക്കില്ലെന്നും കമന്റുകളുണ്ട്. അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, ഡ്യൂണ്‍ 3, കിങ് തുടങ്ങി വമ്പന്മാര്‍ ഡിസംബറില്‍ തിയേറ്ററുകളിലെത്തുമ്പോള്‍ ജയിലര്‍ 2ന് അധികം സ്‌ക്രീനുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. റീ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.
Content Highlight: Rumors that Jailer 2 going to re release on Rajni’s birthday