| Wednesday, 30th July 2025, 3:05 pm

അവതാര്‍ 3യുടെ കൂടെ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഇന്ത്യന്‍ 3?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ല്‍ ഏറ്റവും വലിയ പരാജയമായി ചിത്രങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഐക്കോണിക് സിനിമയുടെ രണ്ടാം ഭാഗം അക്ഷരാര്‍ത്ഥത്തില്‍ തോല്‍വിയായി മാറി. വലിയ ഫാന്‍ ഫോളോയിങ്ങുണ്ടായിരുന്ന സേനാപതി എന്ന കഥാപാത്രം രണ്ടാം ഭാഗത്തിന്റെ റിലീസിന് പിന്നാലെ ട്രോള്‍ മെറ്റീരിയലായിത്തീര്‍ന്നു.

മൂന്നാം ഭാഗത്തിന് സാധ്യത നല്‍കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ 2 അവസാനിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ പരാജയം അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചിരുന്നു. 250 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടി മാത്രമാണ് സ്വന്തമാക്കിയത്. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയം കൂടിയായിരുന്നു ഇന്ത്യന്‍ 2.

ചിത്രത്തിന്റെ മൂന്നാം ഭാഗം ഒ.ടി.ടിയില്‍ നേരിട്ട് റിലീസ് ചെയ്യുമെന്നുള്ള റൂമറുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രം ഈ വര്‍ഷം ഒടുവില്‍ തിയേറ്ററുകളില്‍ തന്നെ റിലീസാകുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചില ചെറിയ പോര്‍ഷനുകളുടെ ഷൂട്ട് മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്നും അത് പൂര്‍ത്തിയാക്കിയെന്നും കേള്‍ക്കുന്നു.

സി.ജി.ഐ വര്‍ക്കുകള്‍ക്ക് രണ്ട് മാസത്തോളം വേണ്ടിവരുമെന്നും എല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഈ വര്‍ഷം ഡിസംബറില്‍ ചിത്രം തിയേറ്ററിലെത്തിയേക്കുമെന്നുള്ള റൂമറുകളുണ്ട്. ഡിസംബര്‍ 19നാകും ചിത്രത്തിന്റെ റിലീസെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഹോളിവുഡിലെ ബ്രഹ്‌മാണ്ഡചിത്രം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് ഇതേദിവസമാണ് റിലീസ് ചെയ്യുന്നത്.

രണ്ടാം ഭാഗം ഇന്‍ഡസ്ട്രിയിലെ വലിയ പരാജയമായതിനാലും മൂന്നാം ഭാഗത്തില്‍ ആര്‍ക്കും അധികം പ്രതീക്ഷയില്ലാത്തതിനാലും ഈ ഡേറ്റ് മാറ്റാനാകും അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുക. ദീപാവലി റിലീസിന്റെ ഓളം അവസാനിച്ച്, അടുത്ത് വമ്പന്‍ റിലീസൊന്നും ഇല്ലാത്ത സമയത്താകും ഇന്ത്യന്‍ 3 പുറത്തിറക്കുകയെന്ന് കരുതുന്നു.

രണ്ടാം ഭാഗത്തിന്റെ ഒടുവില്‍ മൂന്നാം ഭാഗത്തിന്റെ ചെറിയൊരു ടീസര്‍ സംവിധായകന്‍ കാണിച്ചിരുന്നു. സേനാപതിയുടെ അച്ഛന്‍ വീരശേഖരന്റെ കഥയാണ് മൂന്നാം ഭാഗം പറയുന്നത്. ഡീ ഏജ് ചെയ്ത കമല്‍ ഹാസന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. കാജല്‍ അഗര്‍വാളാണ് ഇന്ത്യന്‍ 3യിലെ നായിക. ഇന്ത്യന്‍ 2, തഗ് ലൈഫ് എന്നിവയുടെ ചീത്തപ്പേര് കമല്‍ ഹാസനും ഗെയിം ചേഞ്ചറിന്റെ ചീത്തപ്പേര് ഷങ്കറും ഈ ചിത്രത്തിലൂടെ മാറ്റിയെടുക്കുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Indain 3 will release with Avatar Fire and Ash same day\

We use cookies to give you the best possible experience. Learn more