| Saturday, 18th April 2026, 10:55 pm

ഹരിഹര്‍ നഗറിലെ സൂപ്പര്‍ ടീം ഒരു വരവ് കൂടി വരുന്നുണ്ട്, ഗോസ്റ്റ് ഹൗസിന്റെ തുടര്‍ച്ചയല്ല?

അമര്‍നാഥ് എം.

മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നാണ് ഹരിഹര്‍ നഗര്‍ സീരീസ്. സിദ്ദിഖ് ലാലിന്റെ തൂലികയില്‍ പിറന്ന ഇന്‍ ഹരിഹര്‍ നഗറിലൂടെയാണ് ഈ സീരീസ് ആരംഭിച്ചത്. കോമഡിയും സസ്‌പെന്‍സും സമാസമം ചേര്‍ത്തൊരുക്കിയ ചിത്രം വന്‍ വിജയമായി. ഇന്‍ ഹരിഹര്‍ നഗര്‍ പുറത്തിറങ്ങി 19 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തുവന്നു.

ടു ഹരിഹര്‍ നഗറിന്റെ വന്‍ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗവും പ്രേക്ഷകരിലേക്കെത്തി. സിദ്ദിഖില്ലാതെ ലാല്‍ ഒറ്റക്കാണ് രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത്. ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിന് ഒരു തുടര്‍ഭാഗം വേണമെന്ന് പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഹരിഹര്‍ നഗറിന്റെ നാലാം ഭാഗം ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പഴയ കഥയുടെ തുടര്‍ച്ചയായേക്കില്ലെന്നും പുതിയൊരു കഥയില്‍ പ്രധാന കഥാപാത്രങ്ങളെ കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാന മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ലാല്‍ അല്ല ഈ പ്രൊജക്ട് അണിയിച്ചൊരുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപ്പുക്കുട്ടനും മഹാദേവനും ഗോവിന്ദന്‍കുട്ടിക്കും തോമസുകുട്ടിക്കും വന്‍ ഫാന്‍ ബേസാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ഉള്ളത്.

പ്രധാന കഥയുടെ തുടര്‍ച്ചയൊരുക്കാതെ ഇവരെ മറ്റൊരു കഥയിലേക്ക് കൊണ്ടുവരുന്നത് എത്രത്തോളം വര്‍ക്കാകുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. നാല്‍വര്‍ സംഘത്തില്‍ പലരും കോമഡി ട്രാക്ക് മാറ്റി ക്യാരക്ടര്‍ റോളുകള്‍ തെരഞ്ഞെടുക്കുന്നതും പഴയതരത്തിലുള്ള കോമഡികള്‍ വര്‍ക്കാകുമോ എന്നുള്ളതും തുടങ്ങി നിരവധി സംശയങ്ങള്‍ പലരും പങ്കുവെക്കുന്നുണ്ട്.

നാലുപേരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന പാതിരാകുറുക്കന്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ ആരംഭിച്ചിരുന്നു. ഈ ചിത്രം ഹരിഹര്‍ നഗറിന്റെ സീക്വലായേക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജയേഷ് വേണുഗോപാലാണ് പാതിരാ കുറുക്കന്റെ സംവിധാനം.

കോമഡിയുടെ കാര്യത്തിലും മേക്കിങ്ങിന്റെ കാര്യത്തിലും ഒരുപാട് മാറ്റങ്ങള്‍ വന്ന സമയത്ത് പഴയ ഐക്കോണിക് കഥാപാത്രങ്ങളെ തിരിച്ചുകൊണ്ടുവരുന്നത് റിസ്‌കാണെന്നും ആ സിനിമകളുടെ തുടര്‍ച്ച ആവശ്യമില്ലെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Harihar Nagar franchise going to have a sequel

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more