| Thursday, 18th September 2025, 5:40 pm

എഡ് ഷീരന്‍ മുതല്‍ എകോണ്‍ വരെ, ഷാരൂഖ് ഖാന്റെ കിങ് ഒരുങ്ങുന്നത് പാന്‍ വേള്‍ഡായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിലെ തന്റെ സിംഹാസനം ഷാരൂഖ് ഖാന്‍ വീണ്ടെടുത്ത വര്‍ഷമായിരുന്നു 2023. തുടര്‍ച്ചയായി രണ്ട് 1000 കോടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഷാരൂഖ് ബോളിവുഡ് ബാദ്ഷയാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എന്നാല്‍ അവസാന ചിത്രമായ ഡങ്കി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

ഡങ്കിക്ക് ശേഷം ഒരുവര്‍ഷത്തോളം വീണ്ടും താരം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. ഒരുപാട് പ്രൊജക്ടുകള്‍ ഷാരൂഖിനെ വെച്ച് ചെയ്യുമെന്നുള്ള റൂമറുകള്‍ വന്നെങ്കിലും ഈ വര്‍ഷമാണ് താരത്തിന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങാണ് എസ്.ആര്‍.കെയുടെ പുതിയ ചിത്രം.

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ക്രൂവും വളരെ വലുതാണ്. ലോകസിനിമയിലെ വമ്പന്മാരെയാണ് ഇത്തവണ ഷാരൂഖ് കൂടെ കൂട്ടിയിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഡി.ജെ ഷാഡോ, ഇറാനിയന്‍ ഇംഗ്ലീഷ് ഗായകന്‍ അറഷ്, അമേരിക്കന്‍ ഗായകന്‍ എകോണ്‍ എന്നിവര്‍ക്കൊപ്പം എഡ് ഷീരനും കിങ്ങിന്റെ ഭാഗമാകുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പോളണ്ട്, യു.എസ്, സ്‌കോട്ട്‌ലന്‍ഡ് തുടങ്ങി വിദേശരാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. കിങ്ങിന്റെ ഷൂട്ടിനിടെ ഷാരൂഖ് അപകടം നേരിടുകയും താരത്തിന്റെ തോളെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തതിനാല്‍ ഷൂട്ട് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം ഷാരൂഖ് സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

വന്‍ താരനിരയാണ് കിങ്ങില്‍ അണിനിരക്കുന്നത്. ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനില്‍ കപൂര്‍, അഭിഷേക് ബച്ചന്‍, അര്‍ഷദ് വാര്‍സി എന്നിവര്‍ക്കൊപ്പം ദീപിക പദുകോണ്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 അവസാനമാകും ചിത്രം തിയേറ്ററുകളിലെത്തുകയെന്ന് കരുതുന്നു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടി ഇടയില്‍ കുറച്ചുനാള്‍ ഷൂട്ട് നിര്‍ത്തിവെച്ചതും വാര്‍ത്തയായിരുന്നു. പഴയതിനെക്കാള്‍ ക്രിസ്പായിട്ടുള്ള സ്‌ക്രിപ്റ്റില്‍ ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു ഷാരൂഖിന് അപകടം സംഭവിച്ചത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Ed Sheeran might be a part of Shah Rukh Khan’s King movie

We use cookies to give you the best possible experience. Learn more