| Thursday, 8th January 2026, 8:30 pm

തിരിച്ചുവരവിലെ അടിക്ക് കനം കൂടും, ഐ ആം ഗെയിമിന് ശേഷം ദുല്‍ഖറിന്റെ അടുത്ത പ്രൊജക്ടിന്റെ അപ്‌ഡേറ്റ് പുറത്ത്

അമര്‍നാഥ് എം.

കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ ഇടവേളയെടുത്തത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അന്യഭാഷാ സിനിമകളില്‍ മാത്രം ശ്രദ്ധ നല്‍കിയ ദുല്‍ഖര്‍ കഴിഞ്ഞ വര്‍ഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിലൂടെയാണ് ദുല്‍ഖറിന്റെ മോളിവുഡിലേക്കുള്ള റീ എന്‍ട്രി.

മലയാളത്തില്‍ താരം വീണ്ടും സജീവമാവുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഐ ആം ഗെയിമിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാളചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആവേശം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സമ്മാനിച്ച ജിത്തു മാധവനൊപ്പം ദുല്‍ഖര്‍ കൈകോര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നിലവില്‍ സൂര്യയോടൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിലാണ് ജിത്തു മാധവന്‍. ഈ പ്രൊജക്ടിന് ശേഷമാകും ദുല്‍ഖറിനൊപ്പം ജിത്തു മാധവന്‍ ചേരുക. ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തിലോ ആകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക. അധികം വൈകാതെ ചിത്രത്തിന്റെ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഐ ആം ഗെയിമിന് ശേഷം സൗബിന്‍ ഷാഹിറിനൊപ്പമുള്ള പ്രൊജക്ടിലേക്കാകും ദുല്‍ഖര്‍ കടക്കുകയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഈ പ്രൊജക്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാത്തതിനാലാണ് ദുല്‍ഖര്‍ ജിത്തു മാധവനുമായി കൈകോര്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ഈ പ്രൊജക്ടുകളുടെ നിര്‍മാണം.

വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ലോകഃ 2വിന്റൈ ഷൂട്ടും ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥിവേഷം ചെയ്യുന്നുണ്ട്. അവസാന ഷെഡ്യൂളിലേക്ക് കടന്ന ഐ ആം ഗെയിം ഓണം റിലീസാണ് ലക്ഷ്യം വെക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.

ഇതിന് പുറമെ മൂന്ന് അന്യഭാഷാ സിനിമകളും ദുല്‍ഖറിന്റെ ലൈനപ്പിലുണ്ട്. തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താര സമ്മര്‍ റിലീസായി തിയേറ്ററുകളിലെത്തും. നവാഗതനായ രവി നെലകുഡിതി സംവിധാനം ചെയ്യുന്ന DQ41ന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. അറ്റ്‌ലീയുടെ അസിസ്റ്റന്റ് കാര്‍ത്തികേയന്‍ വേലപ്പന്‍ സംവിധാനം ചെയ്യുന്ന ഗോലി എന്ന തമിഴ് ചിത്രവും ഇതിന് പിന്നാലെ ഉണ്ടാകും.

Content Highlight: Rumors that Dulquer might join hands with Jithu Madhavan after I’m Game

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more