| Friday, 19th December 2025, 11:00 pm

ദുല്‍ഖറിന് കഥ ഇഷ്ടമായി, ഭാസ്‌കറിന്റെ രണ്ടാം വരവ് മിക്കവാറും അടുത്തവര്‍ഷം തന്നെയുണ്ടാകും?

അമര്‍നാഥ് എം.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്‌കര്‍ ദുല്‍ഖറിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാറി. 1990കളില്‍ മുംബൈയിലെ ബാങ്ക് ഉദ്യോഗസ്ഥന്റെ കഥ പറഞ്ഞ ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായേക്കുമെന്ന് അടുത്തിടെ സംവിധായകന്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ കഥ വെങ്കി അട്‌ലൂരി ദുല്‍ഖറിനോട് പങ്കുവെച്ചെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖറിന് കഥ ഇഷ്ടമായെന്നും അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുല്‍ഖറിന്റെയും വെങ്കിയുടെയും നിലവിലെ തിരക്കുകള്‍ക്ക് ശേഷമാകും ലക്കി ഭാസ്‌കറിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുക.

ആദ്യഭാഗം പ്രേക്ഷകരെ അങ്ങേയറ്റം എന്‍ഗേജിങ്ങാക്കിയിരുന്നു. ഫിനാന്‍ഷ്യല്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങിയ ചിത്രം സ്‌റ്റോക്ക് മാര്‍ക്കറ്റിങ്ങിനെക്കുറിച്ചും ബാങ്കിങ് രീതികളെക്കുറിച്ചും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. ഭാസ്‌കര്‍ എന്ന കഥാപാത്രമായി ദുല്‍ഖറിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിലവില്‍ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിന്റെ തിരക്കിലാണ് ദുല്‍ഖര്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം രണ്ട് തെലുങ്ക് സിനിമകളാണ് ദുല്‍ഖറിന്റേതായി ഒരുങ്ങുന്നത്. ആകാസം ലോ ഒക്ക താരയും മറ്റൊരു തെലുങ്ക് ചിത്രവും അടുത്ത വര്‍ഷം പുറത്തിറങ്ങും.

ഈ രണ്ട് സിനിമകള്‍ക്ക് ശേഷമാകും ലക്കി ഭാസ്‌കറിന്റെ രണ്ടാം ഭാഗം ആരംഭിക്കുക. വെങ്കി അട്‌ലൂരി നിലവില്‍ സംവിധാനം ചെയ്യുന്ന സൂര്യ 46 പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ലക്കി ഭാസ്‌കറിന് ശേഷം താന്‍ പീരിയഡ് ചിത്രങ്ങള്‍ നിര്‍ത്തുകയാണെന്ന് വെങ്കി അറിയിച്ചിരുന്നു. സൂര്യ 46 ഫാമിലി ഡ്രാമയായാണ് വെങ്കി ഒരുക്കുന്നത്.

മമിത ബൈജുവാണ് ചിത്രത്തിലെ നായിക. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലക്കി ഭാസ്‌കറിന്റെ നിര്‍മാതാക്കളായ സിതാര എന്റര്‍ടൈന്മെന്റ്‌സിന്റെയും നിര്‍മാതാക്കള്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. 2026 സമ്മര്‍ റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Dulquer liked the story of Lucky Bhasker sequel

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more