| Friday, 6th March 2026, 9:21 pm

മലയാളികളെ ചാക്കിട്ടുപിടിക്കുകയാണോ, എക്കോക്ക് ശേഷം ദിന്‍ജിത് അയ്യത്താന്‍ തമിഴിലേക്ക്, ഡേറ്റ് നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച് ധനുഷ്?

അമര്‍നാഥ് എം.

വെറും മൂന്ന് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ദിന്‍ജിത് അയ്യത്താന്‍. ആദ്യചിത്രമായ കക്ഷി അമ്മിണിപിള്ള പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെങ്കിലും പിന്നീട് സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡവും എക്കോയും കേരളത്തിന് പുറത്തടക്കം സംസാരവിഷയമായി മാറി.

ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയ ഭാഷ്യമൊരുക്കിയ സംവിധായകനായ ദിന്‍ജിത്തിന്റെ അടുത്ത പ്രൊജക്ട് ഏതാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. എക്കോയുടെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മോഹന്‍ലാലുമായി ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹം ദിന്‍ജിത്ത് പങ്കുവെച്ചിരുന്നു. ഭ്രമരം പോലൊരു ചിത്രമാണ് തനിക്ക് മോഹന്‍ലാലിനൊപ്പം ചെയ്യേണ്ടതെന്നായിരുന്നു ദിന്‍ജിത് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ദിന്‍ജിത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയാണ്. തമിഴില്‍ തന്റെ ആദ്യ ചിത്രമൊരുക്കാന്‍ ദിന്‍ജിത് തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴിലെ മുന്‍നിര താരങ്ങളിലൊരാളായ ധനുഷ് ഒരു പ്രൊജക്ടിനായി ദിന്‍ജിത്തിനെ സമീപിച്ചെന്നും ചര്‍ച്ചകള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

തമിഴ് മാധ്യമമായ വലൈപേച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ തിരക്കുകള്‍ക്ക് ശേഷമാകും ധനുഷ്- ദിന്‍ജിത് പ്രൊജക്ട് ആരംഭിക്കുകയെന്നും വലൈപേച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വരുംദിവസങ്ങളില്‍ ഔദ്യോഗിക അറിയിപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്.

ദിന്‍ജിത്ത് അയ്യത്താന്‍. Photo: screen grab/ vanitha/ youtube.com

ബാഹുല്‍ രമേശ്- ദിന്‍ജിത് അയ്യത്താന്‍ കോമ്പോയോടൊപ്പം മുജീബ് മജീദിന്റെ സംഗീതവും ചേര്‍ന്നപ്പോഴായിരുന്നു ഹിറ്റുകള്‍ പിറന്നത്. തമിഴിലും ഇതേ കോമ്പോ തന്നെ ഒന്നിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ബാഹുല്‍ രമേശിന്റെ അടുത്ത പ്രൊജക്ട് ഏതാകുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

ധനുഷാകട്ടെ ബാക്ക് ടു ബാക്ക് പ്രൊജക്ടുകളുമായി തിരക്കിലാണ്. വിഘ്‌നേശ് കാര്‍ത്തിക് സംവിധാനം ചെയ്യുന്ന കര റിലീസിന് തയാറെടുക്കുകയാണ്. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന D55ന്റെ ഷൂട്ട് ഈയിടെ ആരംഭിച്ചിരുന്നു. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും D55ന്റെ ഭാഗമാണ്. മാരി സെല്‍വരാജുമായുള്ള പ്രൊജക്ടും ധനുഷിന്റെ ലൈനപ്പിലുണ്ട്.

Content Highlight: Rumors that Dhanush approached Dinjith Ayyathan for a script

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more