| Tuesday, 6th January 2026, 9:00 am

ക്യാപ്റ്റന്‍ അമേരിക്കയും തോറും തിരിച്ചുവരുമ്പോള്‍ ബ്ലാക്ക് പാന്തറും വരുമോ? ഡൂംസ്‌ഡേയില്‍ ചാഡ്വിക് ബോസ്മാന് പകരം പുതിയ നടന്‍?

അമര്‍നാഥ് എം.

ലോക സിനിമാചരിത്രത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയാന്‍ സാധ്യതയുള്ള പ്രൊജക്ടായാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയെ പലരും കണക്കാക്കുന്നത്. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടാണ് ഇത്. ചിത്രത്തിന്റെ ടീസറുകള്‍ക്ക് വന്‍ വരവേല്പാണ് ലഭിക്കുന്നത്. അവഞ്ചേഴ്‌സിലെ ശക്തരായ സ്റ്റീവ് റോജേഴ്‌സും തോറും ഡൂംസ്‌ഡേയില്‍ തിരിച്ചെത്തുന്നുണ്ട്.

ഒരുപാട് സര്‍പ്രൈസുകള്‍ ഈ ചിത്രത്തില്‍ മാര്‍വല്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഐക്കോണിക് കഥാപാത്രങ്ങള്‍ തിരിച്ചെത്തുമ്പോള്‍ വരാന്‍ സാധ്യതയുള്ള മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. മാര്‍വലില്‍ ഏറ്റവും ആരാധകരുള്ള ബ്ലാക്ക് പാന്തര്‍ ഡൂംസ്‌ഡേയില്‍ തിരിച്ചെത്തുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ചാഡ്വിക് ബോസ്മാന്‍ എന്ന നടന്‍ അനശ്വരമാക്കിയ ടി’ചാല എന്ന കഥാപാത്രത്തെ അതേ റേഞ്ചില്‍ അവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഹോളിവുഡിലെ പുതിയ സെന്‍സേഷനായ ഡാംസണ്‍ ഇദ്രിസാകും ബ്ലാക്ക് പാന്തറായി വേഷമിടുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മള്‍ട്ടിവേഴ്‌സ് സാഗ നിലനില്‍ക്കുന്നതിനാല്‍ ഈയൊരു സാധ്യത തള്ളിക്കളയാനാകില്ല. മറ്റൊരു യൂണിവേഴ്‌സിലെ ബ്ലാക്ക് പാന്തറായി ഡാംസണ്‍ വേഷമിട്ടാല്‍ ആരാധകര്‍ക്ക് അത് നൊസ്റ്റാള്‍ജിക് ഫാക്ടറായേക്കും. ബ്ലാക്ക് പാന്തറിന്റെ രണ്ടാം ഭാഗം ഷൂട്ട് ആരംഭിക്കുന്നതിന് മുമ്പായിരുന്നു ചാഡ്വിക് ബോസ്മാന്റെ അന്ത്യം. ക്യാന്‍സര്‍ ബാധിച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്.

ചാഡ്വിക്കിന് പകരം ആരെയും കാസ്റ്റ് ചെയ്യാതെ സ്‌ക്രിപ്റ്റില്‍ വലിയ മാറ്റം വരുത്തിയിട്ടാണ് മാര്‍വല്‍ ബ്ലാക്ക് പാന്തര്‍ 2 പുറത്തിറക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ ബ്ലാക്ക് പാന്തറിന് സാധിച്ചിരുന്നില്ല. വക്കാന്‍ഡയുടെ പുതിയ നേതാവായി ടി’ചാലയുടെ സഹോദരി ഷൂരി എത്തുന്നതായിരുന്നു ചിത്രത്തിന്റെ കഥ.

അവഞ്ചേഴ്‌സിലെ സകല സൂപ്പര്‍ ഹീറോകളും അണിനിരക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിലെ നിലവിലെ സൂപ്പര്‍ഹീറോകള്‍ക്കൊപ്പം 20th സെഞ്ച്വറി ഫോക്‌സിലെ സൂപ്പര്‍ഹീറോകളും ഡൂംസ്‌ഡേയുടെ ഭാഗമാണ്. റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ വില്ലന്‍ വേഷം എങ്ങനെയുണ്ടാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Rumors that Damson Idris will play Black Panther in Avengers Doomsday

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more