എമ്പുരാന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായക കുപ്പായമണിയുന്ന ചിത്രത്തെക്കുറിച്ച് സിനിമാപേജുകളില്‍ പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായൊരു ചിത്രമാകും പൃഥ്വി ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. സഹോദരനായ ഇന്ദ്രജിത്താകും ചിത്രത്തിലെ നായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പൃഥ്വിയുടെ കരിയറിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ ക്ലാസ്‌മേറ്റ്‌സിലെ അതേ ടീം വീണ്ടുമൊന്നിച്ചേക്കുമെന്ന വാര്‍ത്തകള്‍ സിനിമാപേജുകളില്‍ പ്രചരിക്കുന്നുണ്ട്. ക്ലാസ്‌മേറ്റ്‌സിന്റെ രണ്ടാം ഭാഗമല്ലെന്നും ഫ്രഷ് സബ്ജക്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Classmates Photo: IMDB
ഹൊറര്‍ ഴോണറിലാകും പൃഥ്വി ഈ പ്രൊജക്ട് ഒരുക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. നരേന്‍, ജയസൂര്യ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ഈ ചിത്രത്തില്‍ അതിഥിവേഷം കൈകാര്യം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് ആരാധകര്‍ കരുതുന്നത്.
2006ലെ ഏറ്റവും വലിയ ഹിറ്റായ ക്ലാസ്‌മേറ്റ്‌സിന് ഇന്നും ആരാധകരേറെയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് സിനിമകളിലൊന്നായ ക്ലാസ്‌മേറ്റ്‌സ് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറം ഈ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. എന്നാല്‍ ചിത്രം 2026 പകുതിയോടെ മാത്രമേ ആരംഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന്റെ ലൈനപ്പുകള്‍ തീര്‍ന്നാല്‍ മാത്രമേ ഈ പ്രൊജക്ട് ആരംഭിക്കുകയുള്ളൂ. നിസാം ബഷീറിന്റെ ഐ ആം നോബഡിയിലാണ് നിലവില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ, രാജമൗലിയുടെ പാന്‍ വേള്‍ഡ് ചിത്രം വാരണാസി എന്നിവയും താരത്തിന്റെ ലൈനപ്പിലുണ്ട്. 2026 അവസാനം മാത്രമേ പൃഥ്വി ഫ്രീയാവുകയുള്ളൂ.
ജയസൂര്യയാകട്ടെ കത്തനാര്‍, ആട് 3 എന്നീ സിനിമകളുടെ തിരക്കിലാണ്. താരത്തിന്റെ തിരക്കുകളും അവസാനിച്ചാല്‍ മാത്രമേ ഈ പ്രൊജക്ട് ഓണ്‍ ആവുകയുള്ളൂ. 2026 ജനുവരിയില്‍ കൈതി 2വിന്റെ ഷൂട്ട് ആരംഭിച്ചാല്‍ നരേനും തിരക്കിലാകും. എത്ര വൈകിയാലും ഈ കോമ്പോ വീണ്ടും ഒന്നിച്ചാല്‍ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.
Content Highlight: Rumors that Classmates movie team reuniting under the direction of Prithviraj