| Thursday, 12th March 2026, 9:31 am

പറഞ്ഞ കഥ ഇഷ്ടമായില്ല? അല്ലുവിന് പകരം ബേസിലുമായി കൈകോര്‍ക്കുന്നത് സൂര്യയോ?

അമര്‍നാഥ് എം.

നടനായും സംവിധായകനായും തന്റെ റേഞ്ച് പാന്‍ ഇന്ത്യന്‍ ലെവലിലേക്കെത്തിച്ചയാളാണ് ബേസില്‍ ജോസഫ്. കൊവിഡ് കാലത്ത് മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറിയപ്പോള്‍ കഴിഞ്ഞ വര്‍ഷം റിലീസായ പൊന്മാന്‍ അഭിനേതാവെന്ന നിലയിലും ബേസിലിന് നിരവധി അംഗീകാരങ്ങള്‍ നല്‍കി. മലയാളവും കടന്ന് കുതിക്കുകയാണ് ബേസില്‍ ഇപ്പോള്‍.

ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തിയിലെ അതിഥിവേഷത്തിലൂടെയാണ് ബേസില്‍ തമിഴ് എന്‍ട്രി നടത്തിയത്. നവാഗതനായ വിഗ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന റാവഡിയിലും ശക്തമായ വേഷം ബേസില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബേസിലിന്റെ അടുത്ത സംവിധാന സംരംഭവും അന്യഭാഷയിലാകുമെന്നാണ് അഭ്യൂഹങ്ങള്‍.

കഴിഞ്ഞദിവസം ഹൈദരബാദില്‍ അല്ലു അര്‍ജുന്റെ സഹോദരന്റെ വിവാഹ സത്കാരവേദിയില്‍ ബേസിലിന്റെ സാന്നിധ്യം പല ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. അല്ലുവിന്റെ അടുത്ത പ്രൊജക്ട് ബേസില്‍ സംവിധാനം ചെയ്‌തേക്കുമെന്നായിരുന്നു പലരും റിപ്പോര്‍ട്ട് ചെയ്തത്. അല്ലു അര്‍ജുന്റെ 24ാമത് ചിത്രമാകും ബേസില്‍ ഒരുക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ഈ പ്രൊജക്ടില്‍ അല്ലു പിന്മാറിയെന്ന തരത്തില്‍ ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ ഗീത ആര്‍ട്‌സുമായാണ് ബേസിലിന് കരാറുള്ളത്. അല്ലുവിനോട് പറഞ്ഞ കഥ ഇഷ്ടമായില്ലെന്നും അതിനാല്‍ താരം പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

എന്നാല്‍ ഗീത ആര്‍ട്‌സുമായുള്ള കരാറനുസരിച്ച് ബേസില്‍ ഒരുക്കുന്ന പ്രൊജക്ട് മറ്റൊന്നായിരിക്കുമെന്നും സൂര്യയാകും അതിലെ നായകനെന്നും തെലുങ്ക് സിനിമാ അനലിസ്റ്റായ താരക് വ്യൂസ് എന്ന പേജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗീത ആര്‍ട്‌സുമായി സൂര്യയും ഒരു സിനിമ ചെയ്യുമെന്ന് കരാറുണ്ട്. ഇതോടെ ബേസില്‍- സൂര്യ കോമ്പോ കാണാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജിത്തു മാധവനൊപ്പമുള്ള പ്രൊജക്ടിന് ശേഷം സൂര്യയുടെ അടുത്ത സിനിമയെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അല്ലു അര്‍ജുന്‍ നിലവില്‍ രണ്ട് സിനിമകളുടെ തിരക്കിലായതിനാല്‍ അടുത്ത കാലത്തൊന്നും ബേസിലുമായുള്ള പ്രൊജക്ട് നടക്കാന്‍ സാധ്യതയില്ലെന്നും ഈ ഗ്യാപ്പിലാകും ബേസില്‍- സൂര്യ പ്രൊജക്ട് ഓണാവുകയെന്നും കരുതുന്നു.

Content Highlight: Rumors that Basil Joseph might joining hands with Suriya

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more