| Monday, 27th October 2025, 12:01 pm

വാര്‍ 2വിന്റെ പരാജയം ബാധിച്ചു, ധൂം 4ല്‍ നിന്ന് പിന്മാറാനൊരുങ്ങി അയന്‍ മുഖര്‍ജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വന്‍ ഹൈപ്പില്‍ പുറത്തിറങ്ങി ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായി മാറിയ ചിത്രമാണ് വാര്‍ 2. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ പുതിയ ചിത്രമായെത്തിയ വാറിന്റെ രണ്ടാം ഭാഗം പരാജയത്തോടൊപ്പം ട്രോള്‍ മെറ്റീരിയലായി മാറി. ചിത്രം സംവിധാനം ചെയ്തത് ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ അയന്‍ മുഖര്‍ജിയായിരുന്നു.

ഇപ്പോഴിതാ വാര്‍ 2വിന്റെ പരാജയം അയന്‍ മുഖര്‍ജിയെ ബാധിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാര്‍ 2വിന് ശേഷം അയന്‍ ധൂം 4ന്റെ തിരക്കുകളിലേക്ക് കടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ യഷ് രാജ് ഫിലിംസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പിന്നാലെയാണ് അയന്‍ മുഖര്‍ജി ചിത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സക്‌സസ്ഫുള്ളായിട്ടുള്ള ഫ്രാഞ്ചൈസിയാണ് ധൂം. മൂന്ന് ഭാഗങ്ങളും ഒന്നിനൊന്ന് മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ചിത്രത്തിന്റെ നാലാം ഭാഗത്തില്‍ ഷാരൂഖ് ഖാന്‍, രണ്‍ബീര് കപൂര്‍ എന്നിവരിലൊരാള്‍ പ്രധാന വേഷത്തിലെത്തുമെന്നും സൂര്യ പൊലീസ് വേഷം കൈകാര്യം ചെയ്യുമെന്നും റൂമറുകള്‍ കേട്ടിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ധൂം 4ന് പകരം തന്റെ കരിയര്‍ ഹൈപ്പ് പ്രൊജക്ടിലേക്ക് ബ്രഹ്‌മാസ്ത്രയുടെ രണ്ടാം ഭാഗത്തിലേക്ക് അയന്‍ മുഖര്‍ജി കടക്കുമെന്നും കേള്‍ക്കുന്നു. അടുത്ത വര്‍ഷത്തോടെ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുമെന്നും 2027ല്‍ തിയേറ്ററുകളിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബ്രഹ്‌മാസ്ത്ര പാര്‍ട്ട് 2 ദേവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് ദേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും കേള്‍ക്കുന്നു.

ആദ്യ ഭാഗത്തെപ്പോലെ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ട് വണ്ണിനെക്കാള്‍ വലിയ സ്‌കെയിലിലാകും രണ്ടാം ഭാഗം ഒരുക്കുക. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ദീപിക പദുകോണും ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.

മൂന്ന് ഭാഗങ്ങളുള്ള സീരീസായാണ് ബ്രഹ്‌മാസ്ത്ര ഒരുങ്ങുകയെന്ന് സംവിധായകന്‍ ആദ്യമേ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഷാരൂഖ് ഖാന്‍, നാഗാര്‍ജുന എന്നിവര്‍ പാര്‍ട്ട് വണ്ണില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെക്കാള്‍ വലിയ സ്‌കെയിലിലാകും സെക്കന്‍ഡ് പാര്‍ട്ട് എത്തുക.

Content Highlight: Rumors that Ayan Mukerji backing out from Dhoom 4 and he focusing on Brahmastra series

We use cookies to give you the best possible experience. Learn more