| Monday, 8th December 2025, 10:18 pm

ഇനി ചെറിയ കളിയൊന്നുമില്ല, ബോളിവുഡില്‍ സിനിമയൊരുക്കാന്‍ ആര്യന്‍ ഖാന്‍, ക്യാമറക്ക് മുന്നില്‍ സല്‍മാനും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി സംവിധാനം ചെയ്ത വെബ് സിരീസ് കൊണ്ടുതന്നെ ഇന്‍ഡസ്ട്രിയുടെ ചര്‍ച്ചാവിഷയമാകാന്‍ ആര്യന്‍ ഖാന് സാധിച്ചിരുന്നു. ഷാരൂഖിന്റെ മകന്‍ എന്ന നെപ്പോ ടാഗില്‍ നിന്ന് പണിയറിയാവുന്ന സംവിധായകനെന്ന് പലരും ആര്യനെ വാഴ്ത്തി. അടുത്തിടെ ഷാരൂഖിന്റെ പരസ്യചിത്രം സംവിധാനം ചെയ്തും ആര്യന്‍ ശ്രദ്ധ നേടി.

ഇനി സിരീസുകളും പരസ്യവും ചെയ്തുനടക്കുന്നില്ലെന്നും ഫീച്ചര്‍ ഫിലിമിലേക്ക് ശ്രദ്ധ നല്കാന്‍ ആര്യന്‍ തയാറെടുക്കുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യ ചിത്രത്തില്‍ അച്ഛനായ ഷാരൂഖിന് പകരം ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനാകും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാനോട് ആര്യന്‍ കഥ പറഞ്ഞെന്നും താരത്തിന്റെയടുത്ത് നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചെന്നുമാണ് പുതിയ വിവരം.

സല്‍മാനൊപ്പം ബോളിവുഡിലെ ഒരു യുവതാരത്തിനും തുല്യപ്രാധാന്യമുള്ള സ്‌ക്രിപ്റ്റാണ് ആര്യന്‍ ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ വേഷത്തിലേക്ക് രണ്‍വീര്‍ സിങ്ങിനെയും വരുണ്‍ ധവാനെയും ആര്യന്‍ പരിഗണിക്കുന്നെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാന്റെ സ്‌ട്രോങ് സോണായ ആക്ഷന്‍ ഴോണറിലാകും ഈ ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ തിരക്കുകള്‍ക്ക് ശേഷമാകും സല്‍മാന്‍ ഖാന്‍ ഈ പ്രൊജക്ടിലേക്ക് കടക്കുകയെന്നും പറയപ്പെടുന്നു. ചിത്രത്തില്‍ ഷാരൂഖിന്റെ അതിഥിവേഷം ഉണ്ടാകണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

നിലവില്‍ അപൂര്‍വ ലഖിയ സംവിധാനം ചെയ്യുന്ന ബാറ്റില്‍ ഓഫ് ഗല്‍വാന്റെ തിരക്കിലാണ് സല്‍മാന്‍ ഖാന്‍. അടുത്ത വര്‍ഷം ഈദ് റിലീസായാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഈ ചിത്രത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിക്ക് 2വിന്റെ തിരക്കിലേക്ക് സല്‍മാന്‍ കടക്കും. കിക്ക് 2വിന് ശേഷമാകും താരം ആര്യനുമായി കൈകോര്‍ക്കുക.

ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിരീസിലൂടെ തന്നെ പലരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ ആര്യന് സാധിച്ചു. ബോളിവുഡിലെ ലോബി കളികളും അധോലോക ബന്ധങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന ബാ***ഡ്‌സ് ഓഫ് ബോളിവുഡ് വന്‍ ഹിറ്റായി മാറി. ഇന്‍ഡസ്ട്രിയിലെ വന്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ സിരീസിന്റെ ഭാഗമായിരുന്നു. ആര്യന്‍ ഇനിയും ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുമെന്നാണ് പലരും കരുതുന്നത്.

Content Highlight: Rumors that Aryan Khan might do a project with Salman Khan

We use cookies to give you the best possible experience. Learn more