| Tuesday, 29th September 2026, 9:50 pm

സെറ്റില്‍ സമയത്തിന് വരാത്ത നായകനും സമയത്ത് പടം തീര്‍ക്കാത്ത സംവിധായകനും... ഇതാണ് ഡെഡ്‌ലി കോമ്പോ; അരസന്‍ പകുതിക്ക് നിര്‍ത്തി വെട്രിമാരന്‍?

അമര്‍നാഥ് എം.

തമിഴില്‍ ഒരിക്കലും ഒന്നിക്കാന്‍ സാധ്യതയില്ലാത്ത കോമ്പോകളിലൊന്നായിരുന്നു സിലമ്പരസന്‍- വെട്രിമാരന്‍ എന്നിവരുടേത്. എന്നാല്‍ ഇരുവരും ഒരു സിനിമക്ക് കൈകോര്‍ക്കുന്നതിന് കഴിഞ്ഞവര്‍ഷം പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഫാന്‍ബേസുള്ള വടചെന്നൈയുടെ സ്പിന്‍ ഓഫായ അരസന് വേണ്ടിയാണ് എസ്.ടി.ആറും വെട്രിമാരനും ഒന്നിക്കുന്നത്. ആവേശം ഇരട്ടിയാക്കുന്ന ടൈറ്റില്‍ ടീസറായിരുന്നു അരസന്റേത്.

എന്നാല്‍ ഈ കോമ്പോ ഒന്നിക്കുമ്പോള്‍ ചിലര്‍ അവരുടെ ആശങ്ക പങ്കുവെച്ചിരുന്നു. സമയത്ത് ഷൂട്ടിനെത്താത്ത നടനെന്ന ചീത്തപ്പേര് ഒരുകാലത്ത് സിലമ്പരസനുണ്ടായിരുന്നു. നിര്‍മാതാവിനും സംവിധായകനും ഇതുമൂലം വലിയ നഷ്ടം സംഭവിച്ചതോടെ താരത്തിന്റെ പല പ്രൊജക്ടുകളും ഉപേക്ഷിച്ചത് വാര്‍ത്തയായി. എന്നാല്‍ ചെക്ക ചിവന്ത വാനത്തിന് ശേഷം താരം എല്ലാ സെറ്റുകളിലും കൃത്യനിഷ്ഠ പാലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പുറത്ത് വെട്രിമാരന്റെ അവസ്ഥയും വ്യത്യസ്തമല്ല. കൃത്യമായ സ്‌ക്രിപ്റ്റില്ലാതെ തോന്നിയ രീതിയില്‍ ഷൂട്ട് നീട്ടിക്കൊണ്ട് പോകുന്നതാണ് വെട്രിമാരന്റെ രീതി. വിടുതലൈ എന്ന ചിത്രം രണ്ട് ഭാഗത്തിലേക്ക് നീട്ടിയതും ബജറ്റ് കൂട്ടിയതും വലിയ വാര്‍ത്തയായിരുന്നു. അരസന്‍ അനൗണ്‍സ് ചെയ്തപ്പോള്‍ എസ്.ടി.ആര്‍- വെട്രിമാരന്‍ കോമ്പോ എങ്ങനെയാകുമെന്നായിരുന്നു പലരും ഉറ്റുനോക്കിയത്.

‘Irresistible force meets Immovable object’ എന്ന വിശേഷണമായിരുന്നു അനൗണ്‍സ്‌മെന്റ് സമയത്ത് പലരും അരസന് നല്‍കിയത്. അതിനെ ശരിവെക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അരസന്റെ ഷൂട്ട് ഇനിയും ബാക്കി നില്‍ക്കെ വെട്രിമാരന്‍ അടുത്ത സിനിമയുടെ ഷൂട്ടിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടചെന്നൈയുടെ സ്പിന്‍ ഓഫായ രാജന്‍ വഗെയ്‌രയുടെ ഷൂട്ട് വെട്രിമാരന്‍ ആരംഭിച്ചെന്ന് വലൈപ്പേച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കെന്‍ കരുണാസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് രാജന്‍ വഗെയ്‌ര. വടചെന്നൈയിലെ രാജന്‍ എന്ന കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്. വളരെ വേഗത്തില്‍ ഷൂട്ട് പൂര്‍ത്തിയാക്കി ജനുവരിയില്‍ ചിത്രം പുറത്തിറക്കാനാണ് വെട്രിമാരന്‍ പദ്ധതയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെട്രിമാരന്റെ ഈ സ്വഭാവം കാരണം സിലമ്പരസന്‍ പെട്ടുപോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അരസന് ശേഷം ചെയ്യാനിരിക്കുന്ന പ്രൊജക്ടുകള്‍ ഇക്കാരണം കൊണ്ട് വൈകുമെന്നും താരത്തിന്റെ കരിയറിലെ വിലപ്പെട്ട സമയം പാഴാകുമെന്നുമാണ് ആരാധകരുടെ കമന്റുകള്‍. പണ്ട് സമയത്ത് സെറ്റിലെത്താത്തിന് കാലം കാത്തുവെച്ച ശിക്ഷയാണിതെന്ന് മറ്റ് ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്.

വെട്രിമാരന്‍- സിലമ്പരസന്‍ കോമ്പോയുടെ ഈ പ്രശ്‌നം ചര്‍ച്ചയാകുമ്പോള്‍ പലരും സൂര്യയെ മെന്‍ഷന്‍ ചെയ്യുന്നുണ്ട്. വാടിവാസല്‍ ഡ്രോപ്പായത് നന്നായെന്നും അല്ലായിരുന്നെങ്കില്‍ സൂര്യയുടെ കരിയറിലെ നാല് വര്‍ഷം വെറുതെ പോയെനെയെന്നുമാണ് കമന്റുകള്‍.

Content Highlight: Rumors that Arasan movie delaying because Vetrimaran moving to another project

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more