| Friday, 22nd August 2025, 2:47 pm

യൂത്തന്മാരെ വെച്ച് ചെറിയൊരു പടം ചെയ്യാന്‍ അമല്‍ നീരദ്, വരാന്‍ പോകുന്നത് ബാച്ചിലര്‍ പാര്‍ട്ടി 2.0?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ബേസുള്ള സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്. ആദ്യചിത്രമായ ബിഗ് ബിയിലൂടെ തന്നെ ഇന്‍ഡസ്ട്രിയിലേക്കുള്ള തന്റെ വരവറിയിക്കാന്‍ അമല്‍ നീരദിന് സാധിച്ചു. വ്യത്യസ്തമായ മേക്കിങ് സ്റ്റൈല്‍ കൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകനാണ് അദ്ദേഹം. മലയാളസിനിമയുടെ ഗതി മാറ്റിയ സംവിധായകരിലൊരാളായാണ് അമല്‍ നീരദിനെ കണക്കാക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ചെറിയ സിനിമകള്‍ മാത്രം ചെയ്യുന്ന അമല്‍ നീരദിനെയാണ് കാണാന്‍ സാധിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ചിത്രീകരിച്ച ഭീഷ്മ പര്‍വം വന്‍ വിജയമായി മാറി. പിന്നാലെയെത്തിയ ബോഗെയ്ന്‍വില്ലയും അമല്‍ നീരദിന്റെ ഫാന്‍ ബേസില്‍ വിജയം നേടിയ ചിത്രമാണ്. ഇന്‍ഡസ്ട്രി ഒന്നടങ്കം കാത്തിരിക്കുന്ന ബിലാല്‍ വൈകുന്നതിന്റെ നിരാശ ഇതിനിടയില്‍ പലരും പങ്കുവെക്കുന്നുണ്ട്.

എന്നാല്‍ ബിലാല്‍ ഇനിയും വൈകിയേക്കുമെന്ന് ചിത്രവുമായി ബന്ധപ്പെട്ട പലരും അറിയിച്ചു. ഇപ്പോഴിതാ മറ്റൊരു ചെറിയ സിനിമ ചെയ്യാന്‍ അമല്‍ നീരദ് തയാറെടുക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. യുവനടന്മാരില്‍ ശ്രദ്ധേയരായ നസ്‌ലെന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള ചിത്രമാണ് അമല്‍ നീരദ് ഒരുക്കുന്നതെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആവേശത്തിലൂടെ ശ്രദ്ധ നേടിയ സജിന്‍ ഗോപുവും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് കേള്‍ക്കുന്നു. അമല്‍ നീരദിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ബാച്ചിലര്‍ പാര്‍ട്ടി പോലെ ഒന്നാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസിഫ് അലി, റഹ്‌മാന്‍, കലാഭവന്‍ മണി, ഇന്ദ്രജിത്, വിനായകന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ബാച്ചിലര്‍ പാര്‍ട്ടി ഇന്നും പലരുടെയും ഫേവറെറ്റാണ്. ഒക്ടോബറോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രം റിലീസാകുമെന്നും പറയപ്പെടുന്നു.

ബോഗെയ്ന്‍വില്ലക്ക് ശേഷം മോഹന്‍ലാലുമായി കൈകോര്‍ക്കുന്ന ചിത്രമാകും അമല്‍ നീരദ് സംവിധാനം ചെയ്യുകയെന്ന് റൂമറുകളുണ്ടായിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ നിലവില്‍ കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ തിരക്ക് അവസാനിക്കാത്തതിനാലാണ് അമല്‍ നീരദ് അടുത്ത പ്രൊജക്ടിലേക്ക് കടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ഷെഡ്യൂളിലാണ് മോഹന്‍ലാല്‍ ഇനി ജോയിന്‍ ചെയ്യുക. ശേഷം ഒക്ടോബറോടെ ദൃശ്യം 3യുടെ തിരക്കുകളിലേക്ക് താരം കടക്കും. ഓസ്റ്റിന്‍ ഡാന്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന പൊലീസ് ചിത്രത്തിന് ശേഷമായിരിക്കും അമല്‍ നീരദുമായുള്ള പ്രൊജക്ട് ഓണാവുക.

Content Highlight: Rumors that Amal Neerad going to do with film with Naslen and Sreenath Bhasi

We use cookies to give you the best possible experience. Learn more