| Tuesday, 3rd March 2026, 7:07 am

അടുത്ത പ്രൊജക്ട് ബേസില്‍ സംവിധാനം ചെയ്യുമെന്നുള്ള സൂചനയാണോ ഇത്? അല്ലു അര്‍ജുനൊപ്പമുള്ള ഫോട്ടോ വൈറലായതിന് പിന്നാലെ ആരാധകര്‍

അമര്‍നാഥ് എം.

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷിന്റെ വിവാഹസത്കാരമാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാന ചര്‍ച്ച. ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ മലയാളത്തിന്റെ സ്വന്തം ബേസില്‍ ജോസഫിന്റെ സാന്നിധ്യം പല ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

മലയാളത്തില്‍ നിന്ന് മറ്റൊരു നടനും സംവിധായകനും ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോയോ വീഡിയോയോ പുറത്തുവന്നിട്ടില്ല. ബേസിലിനൊപ്പം അല്ലുവും സഹോദരനും ഫോട്ടോക്ക് പോസ് ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായി. ഇതോടെ താരത്തിന്റെ അടുത്ത പ്രൊജക്ട് ബേസില്‍ സംവിധാനം ചെയ്‌തേക്കുമെന്ന സംശയത്തിന് ബലം വെച്ചിരിക്കുകയാണ്.

ബേസില്‍ ജോസഫ്- അല്ലു അര്‍ജുന്‍ Photo: Gulte/ X.com

അല്ലു അര്‍ജുനൊപ്പം മാത്രമല്ല, സംവിധായകരായ സുകുമാര്‍, അറ്റ്‌ലീ എന്നിവര്‍ക്കൊപ്പമുള്ള ബേസിലിന്റെ ഫോട്ടോയും വൈറലായി. ഇതും ചര്‍ച്ചയായിരിക്കുകയാണ്. അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടേക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്ക് സംവിധായകര്‍ക്ക് പകരം മറ്റ് ഭാഷയിലെ സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കുകയാണ് അല്ലു അര്‍ജുന്‍.

തമിഴിലും ഹിന്ദിയിലും തന്റേതായ സ്ഥാനം നേടിയ അറ്റ്‌ലീക്കൊപ്പം ബ്രഹ്‌മാണ്ഡ പ്രൊജക്ടിനായി അല്ലു കൈകോര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന സൈ-ഫൈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അല്ലുവിന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ എട്ടിന് പുറത്തുവിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. AA 22 x A6 എന്നാണ് ഈ പ്രൊജക്ടിന് നല്‍കിയിരിക്കുന്ന താത്കാലിക ടൈറ്റില്‍.

ബേസില്‍ ജോസഫ്- അല്ലു അര്‍ജുന്‍ Photo: Gulte/ X.com

അറ്റ്‌ലീക്ക് ശേഷം മറ്റൊരു തമിഴ് സംവിധായകനൊപ്പമാണ് അല്ലു ചേര്‍ന്നിരിക്കുന്നത്. തമിഴിലെ ബ്രാന്‍ഡ് സംവിധായകനായ ലോകേഷ് അല്ലു അര്‍ജുനുമായി ഒന്നിക്കുന്നെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. AA 23യുടെ അനൗണ്‍സ്‌മെന്റ് വീഡിയോ സിനിമാലോകത്ത് വലിയ ചര്‍ച്ചയായി. തമിഴിന് പിന്നാലെ മലയാളത്തിലെ സംവിധായകനൊപ്പം അല്ലു കൈകോര്‍ക്കുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

2021ല്‍ റിലീസായ മിന്നല്‍ മുരളിയാണ് ബേസിലിന്റെ അവസാന സംവിധാന സംരംഭം. ഇതിന് ശേഷം ബോളിവുഡില്‍ ശക്തിമാന്‍ എന്ന ചിത്രം ബേസില്‍ സംവിധാനം ചെയ്‌തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഈ പ്രൊജക്ട് എങ്ങുമെത്താതെ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ഡയറക്ട് ടോളിവുഡ് എന്‍ട്രി നടത്തി ബേസില്‍ ഞെട്ടിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rumors that Allu Arjun will join hand with Basil Joseph

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more