| Thursday, 8th October 2026, 8:58 am

അറ്റ്‌ലീ കാരണം പണി കിട്ടിയത് ലോകേഷിന്? കൈതി 2 വൈകുന്നതിന് പിന്നാലെ അല്ലു അര്‍ജുന്‍ സിനിമ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഗതിമാറ്റിയവരില്‍ പ്രധാനിയാണ് ലോകേഷ് കനകരാജ്. വിക്രം എന്ന ചിത്രത്തിലൂടെ വിന്റേജ് പാട്ടുകളുടെ ഉപയോഗവും യൂണിവേഴ്‌സ് ബില്‍ഡിങ്ങും തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ ലോകേഷിന് കൂലിയില്‍ കൈപൊള്ളി. അതുവരെ ആഘോഷിച്ചവരെല്ലാം ഒറ്റയടിക്ക് ലോകേഷിനെ ട്രോള്‍ മെറ്റീരിയലാക്കി മാറ്റി.

കൂലിക്ക് മുമ്പ് ലോകേഷിന്റെതായി അനൗണ്‍സ് ചെയ്ത പല സിനിമകളുടെയും ഭാവി തുലാസിലായി. കൈതി 2 വരുമെന്ന് അറിയിച്ചെങ്കിലും ചിത്രം വൈകുകയായിരുന്നു. ഇതിന് പിന്നാലെ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ നായകനാക്കി ഒരു ചിത്രം ലോകേഷ് അനൗണ്‍സ് ചെയ്തു. AA 23 എന്ന് പേരിട്ട ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഈ പ്രൊജക്ട് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പുഷ്പ 2ന് ശേഷം രണ്ട് വര്‍ഷത്തോളമായി മറ്റൊരു സിനിമയും ചെയ്യാത്ത അല്ലു അറ്റ്‌ലീ സംവിധാനം ചെയ്യുന്ന റാക്കയുടെ തിരക്കിലാണ്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് അനിശ്ചിതമായി നീണ്ടുപോകുന്നത് മറ്റ് സംവിധായകരെ ബാധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2024ല്‍ ഷൂട്ട് ആരംഭിച്ച റാക്ക ഇതുവരെ പൂര്‍ത്തിയാട്ടില്ല. അല്ലു അര്‍ജുന്‍ നാല് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം മോഷന്‍ ക്യാപ്ചര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. 2027ലാകും ചിത്രം പൂര്‍ത്തിയാവുകയെന്നും അതിന് ശേഷമേ അല്ലുവിന് അടുത്ത പ്രൊജക്ടിലേക്ക് കടക്കാനാകുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂലിക്ക് ശേഷം ഒന്നര വര്‍ഷത്തോളം പുതിയ സിനിമ ചെയ്യാത്തത് ലോകേഷിനെയും ബാധിച്ചേക്കും. ഇക്കാരണം കൊണ്ട് AA 23 ഡ്രോപ്പ് ചെയ്യുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തന്റെ നായകന്മാരെ മാക്‌സിമം സ്‌റ്റൈലിഷായി അവതരിപ്പിക്കുന്ന ലോകേഷിന്റെ ഫ്രെയിമില്‍ അല്ലുവിനെ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ നിരാശരായേക്കും.

സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സായിരുന്നു പ്രൊജക്ടിന്റെ നിര്‍മാതാക്കള്‍. ലോകേഷുമായുള്ള പ്രൊജക്ട് വൈകുന്നത് മലയാളിയായ ബേസിലിനെയും ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അല്ലുവിന്റെ അടുത്ത ചിത്രം ബേസില്‍ സംവിധാനം ചെയ്‌തേക്കുമെന്ന് ഇടക്ക് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Content Highlight: Rumors that Allu Arjun Lokesh movie might be shelved

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more