| Friday, 30th January 2026, 10:53 pm

ദളപതി ബോയ്‌സിലെ മൂന്നാമത്തെയാളെയും റാഞ്ചാന്‍ അല്ലു അര്‍ജുന്‍? ലക്ഷ്യം തമിഴിലെ വിജയ്‌യുടെ സ്ഥാനമോ?

അമര്‍നാഥ് എം.

കരിയറിന്റെ ഏറ്റവും ടോപ്പില്‍ നില്‍ക്കുന്ന സമയത്ത് ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടായിരുന്നു വിജയ് സിനിമാലോകത്ത് നിന്ന് പടിയിറങ്ങിയത്. തമിഴിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറായ വിജയ്‌യുടെ പടിയിറക്കം ഇന്‍ഡസ്ട്രിക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയ്‌യുടെ സ്ഥാനം ഇനിയാര് സ്വന്തമാക്കുമെന്ന ചോദ്യവും ഇതിനോടകം സജീവമാണ്.

തമിഴ് താരങ്ങളായ ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങി പ്രദീപ് രംഗനാഥനെ വരെ അടുത്ത ദളപതിയായി പലരും വാഴ്ത്തുന്നുണ്ട്. എന്നാല്‍ ഈ ലിസ്റ്റിലേക്ക് എന്‍ട്രി നടത്താന്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആന്ധ്ര/ തെലങ്കാനക്ക് പുറമെ കേരളം, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളില്‍ മികച്ച സ്റ്റാര്‍ഡം അല്ലുവിനുണ്ട്.

എന്നാല്‍ തമിഴ്‌നാട്ടില്‍ ഈയൊരു സ്വീകാര്യതയില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇത് മറികടക്കാനാണ് അല്ലുവിന്റെ ശ്രമമെന്ന് താരത്തിന്റെ ലൈനപ്പ് സൂചിപ്പിക്കുന്നുണ്ട്. പുഷ്പ 2വിന്റെ വിജയത്തിന് ശേഷം താരം തമിഴ് സംവിധായകന്‍ അറ്റ്‌ലീയുമായി കൈകോര്‍ക്കുകയാണ്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.

അറ്റ്‌ലീക്ക് ശേഷം മറ്റൊരു തമിഴ് സംവിധായകനുമായിട്ടാണ് താരം കൈകോര്‍ക്കുന്നത്. തമിഴിലെ ബ്രാന്‍ഡ് സംവിധായകനായ ലോകേഷ് കനകരാജുമായി അല്ലു വലിയൊരു പ്രൊജക്ട് കമ്മിറ്റ് ചെയ്തിട്ടുണ്ട്. AA 23യുടെ അനൗണ്‍സ്‌മെന്റ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. ലോകേഷിന് ശേഷം നെല്‍സണുമായി താരം കൈകോര്‍ക്കുകയാണെന്നും റൂമറുകളുണ്ട്. 2027 ഓടെ മാത്രമേ ഈ പ്രൊജക്ട് ഓണ്‍ ആവുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

ഇതും കൂടിയായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. വിജയ്‌യുടെ ഫേവറെറ്റ് സംവിധായകരെ അല്ലു അര്‍ജുന്‍ റാഞ്ചിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ദളപതി ബോയ്‌സുമായി അല്ലു അര്‍ജുന്‍ കൈകോര്‍ക്കുന്ന വാര്‍ത്ത സിനിമാപേജുകള്‍ ഏറ്റെടുത്തു. തമിഴില്‍ വിജയ് ഒഴിച്ചിട്ട സ്ഥാനം അല്ലു അര്‍ജുന്‍ ഏറ്റെടുത്തേക്കുമെന്നാണ് കരുതുന്നത്.

പാന്‍ ഇന്ത്യന്‍ സിനിമകളൊന്നും ചെയ്യാതെയും ബ്രാന്‍ഡ് സംവിധായകരുമായി കൈകോര്‍ക്കാതെയുമാണ് അല്ലു അര്‍ജുന്‍ ആന്ധ്രക്ക് പുറത്ത് സ്വന്തമായൊരു സ്ഥാനം നേടിയത്. പുഷ്പയുടെ പാന്‍ ഇന്ത്യന്‍ റിലീസ് താരത്തിന്റെ സ്റ്റാര്‍ഡം വ്യക്തമാക്കുന്നതായിരുന്നു. വ്യക്തമായ കരിയര്‍ പ്ലാനിങ്ങോടെ മുന്നോട്ടുപോകുന്ന അല്ലു ഇനിയും ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Allu Arjun joining hands with Nelson after Lokesh and Atlee

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more