| Friday, 28th August 2026, 9:49 pm

സലാര്‍ 2ല്‍ പ്രഭാസിന്റെ അച്ഛനാകാന്‍ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറിനെ ആവശ്യമുണ്ട്; കാമിയോ ട്രെന്‍ഡ് നോക്കിയാല്‍ നറുക്ക് മോഹന്‍ലാലിനാകുമെന്ന് ട്രോളന്മാര്‍

അമര്‍നാഥ് എം.

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സലാര്‍ 2 ശൗര്യാംഗപര്‍വ്വ. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ സലാര്‍ വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തിന് ലീഡ് നല്‍കിക്കൊണ്ട് അവസാനിച്ച ചിത്രത്തിന് ഇന്നും വലിയ ഫാന്‍ബേസുണ്ട്.

ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് വര്‍ഷമായിട്ടും സലാര്‍ 2ന്റെ ഷൂട്ട് ആരംഭിച്ചിട്ടില്ല. സംവിധായകന്‍ പ്രശാന്ത് നീല്‍ പുതിയ ചിത്രമായ ഡ്രാഗണിന്റെ ഷൂട്ട് നീട്ടിക്കൊണ്ട് പോകുന്നതിനാലാണ് സലാറിന്റെ രണ്ടാം ഭാഗം വൈകുന്നത്. അടുത്ത വര്‍ഷം മാത്രമേ ഇനി സലാര്‍ 2 ആരംഭിക്കുള്ളൂ എന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ലിഫ് ഹാങിങ് മൊമന്റിലാണ് സലാര്‍ പാര്‍ട്ട് വണ്‍ സീസ്ഫയര്‍ അവസാനിച്ചത്. വലിയൊരു യുദ്ധത്തിന്റെ തുടക്കവും നായകനായ ദേവ തന്റെ സുഹൃത്ത് വരദരാജന് വാക്ക് കൊടുക്കുന്നതുമാണ് ആദ്യഭാഗത്തിലെ പ്രധാന സംഭവങ്ങള്‍. രണ്ടാം ഭാഗത്തില്‍ ശൗര്യാംഗ വര്‍ഗത്തിന്റെയും അവരുടെ തലവന്റെയും കഥ പ്രതിപാദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രഭാസ് അവതരിപ്പിക്കുന്ന ദേവ എന്ന കഥാപാത്രത്തിന്റെ അച്ഛനായി സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ ഒരു സൂപ്പര്‍താരം എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വരദന്റെ അച്ഛന്‍ രാജമന്നാര്‍ ദേവയുടെ അച്ഛനെ കൊലപ്പെടുത്തുന്നത് ആദ്യഭാഗത്തില്‍ ചെറുതായി കാണിച്ചിട്ടുണ്ട്. വളരെ പവര്‍ഫുള്ളായ കഥാപാത്രമാണ് ശൗരാംഗ്യ വര്‍ഗത്തിന്റെ തലവന്‍. ഈ റോള്‍ ആര് ചെയ്യുമെന്നാണ് സിനിമാപേജുകളിലെ ചര്‍ച്ച.

കാമിയോ ട്രെന്‍ഡില്‍ സ്ഥിരം ഓപ്ഷനായ മോഹന്‍ലാലിന്റെ പേരാണ് പലരും ഉയര്‍ത്തിക്കാണിക്കുന്നത്. സമീപകാലത്ത് ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ സിനിമയിലും കാമിയോ ചെയ്ത് മോഹന്‍ലാല്‍ ചര്‍ച്ചാവിഷയമായിരുന്നു. ഭ ഭ ബ, പേട്രിയറ്റ്, തുടക്കം, ഖലീഫ എന്നീ സിനിമകളില്‍ മോഹന്‍ലാലിന്റെ അതിഥിവേഷം ചര്‍ച്ചയായിരുന്നു. ഇനി തെലുങ്കില്‍ ചെന്ന് പ്രഭാസിന്റെ അച്ഛനായാല്‍ കോളം തികഞ്ഞെന്നും കമന്റുകളുണ്ട്.

സലാറില്‍ പൃഥ്വിരാജ് ഉള്ളതിനാല്‍ മോഹന്‍ലാലിനെ കണ്‍വിന്‍സ് ചെയ്യാന്‍ എളുപ്പമാണെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നു. ‘അച്ഛനായും മുത്തശ്ശനായും അഭിനയിച്ചു, ഇനി അച്ഛന്റെ ശത്രുവായി വന്നാല്‍ നന്നാകും’ എന്ന് പൃഥ്വിരാജ് പറഞ്ഞാല്‍ മോഹന്‍ലാല്‍ അതിനും സമ്മതിച്ചേക്കെന്നുമെന്നുമാണ് പ്രധാന കമന്റുകള്‍.

എന്നാല്‍ മോഹന്‍ലാലിന്റെ ഇനിയുള്ള ലൈനപ്പ് പ്രതീക്ഷ നല്‍കുന്നതാണെന്നും അതിനിടയില്‍ ഇതുപോലെ കാമിയോ ചെയ്ത് സമയം കളഞ്ഞേക്കില്ലെന്നും ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. രണ്ട് വര്‍ഷമായി ഡ്രാഗണിന്റെ സ്‌ക്രിപ്റ്റ് വെട്ടിയും തിരുത്തിയും ഷൂട്ട് നീട്ടിക്കൊണ്ട് പോകുന്ന പ്രശാന്ത് നീല്‍ സലാര്‍ 2 ചെയ്യാന്‍ സാധ്യതയില്ലെന്നും ചിലര്‍ കമന്റില്‍ പരിഹസിക്കുന്നു.

Content Highlight: Rumors that a South Indian star might play Prabhas’s father role in Salaar 2

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more