| Wednesday, 22nd October 2025, 9:29 am

സഞ്ജു റോയല്‍ ചലഞ്ചേഴ്‌സിലേക്കോ? പുതിയ പോസ്റ്റിന് പിന്നാലെ വണ്ടറടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സുമായി വഴി പിരിയാനൊരുങ്ങുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏത് ടീമിലേക്ക് പോകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും സഞ്ജുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രം നിലവിലെ അഭ്യൂഹങ്ങളെ കൂടുതല്‍ ചൂടുപിടിപ്പിക്കുന്നതാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ജേഴ്‌സി ധരിച്ച ടീമിന്റെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റ് ഗബ്രിയേലിനൊപ്പമുള്ള ചിത്രം സഞ്ജു പങ്കുവെച്ചതിന് പിന്നാലെ താരം പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് പോകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ജു റോയല്‍ ചലഞ്ചേഴ്‌സിലേക്ക് മാറാനുള്ള സാധ്യത തുലോം ചെറുതാണ്. ക്യാപ്റ്റനായി രജത് പാടിദാറും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ചിന്നസ്വാമിയില്‍ തുടരുന്നതിനാല്‍ സഞ്ജു റോയല്‍ ചലഞ്ചേഴ്‌സില്‍ ഏത് റോളിലെത്തും എന്നതാണ് ഇതിനുള്ള കാരണവും.

പുതിയ സീസണിന് മുന്നോടിയായി ട്രേഡിങ്ങിലൂടെ ദല്‍ഹി ക്യാപ്പിറ്റല്‍സ് താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ പുറത്തുവന്നത്. എന്നാല്‍ ഏത് താരത്തെ പകരം നല്‍കണമെന്നതില്‍ ദല്‍ഹി ഇപ്പോഴും കണ്‍ഫ്യൂഷനില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാതുവെപ്പിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും വിലക്ക് നേരിട്ട സീസണുകളില്‍ സഞ്ജു സാംസണ്‍ ദല്‍ഹിയുടെ താരമായിരുന്നു. ടീമിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

അതേസമയം, നിലവില്‍ ദല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായ കെ.എല്‍. രാഹുലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലക്ഷ്യം വെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ക്യാപ്റ്റനായും ഓപ്പണറായും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന രാഹുലിന്റെ കഴിവ് തന്നെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോസിബിള്‍ ടാര്‍ഗെറ്റുകളില്‍ പ്രധാനിയാക്കി മാറ്റിയത്.

Content Highlight: Rumors of Sanju Samson joining Royal Challengers intensify after sharing a picture with RCB staff

We use cookies to give you the best possible experience. Learn more