ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒരുപിടി മികച്ചകഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നായികയാണ് രുക്മിണി വാസന്ത്. 2025 ല്‍ പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ നായകനായ മദിരാശിയിലൂടെയും റിഷഭ് ഷെട്ടി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കാന്താര; എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്ണിലൂടെയും സൗത്ത് ഇന്ത്യയില്‍ തന്റെതായ സ്ഥാനം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നു.
മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് കാന്താരയില്‍ താരം അവതരിപ്പിച്ചത്. ചിത്രത്തിലെ കനകാവതിയെന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രം കരിയറിന്റെ തുടക്കകാലത്ത് ചെയ്യുക എന്നത് അപകടകരമായ കാര്യമായിരുന്നുവെന്നും പക്ഷേ മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചതെന്നും പറയുകയാണ് രുക്മിണി.
കാന്താര; എ ലെജന്‍ഡ്. Photo: book my show
ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലെ ആക്ടേഴ്‌സ് റൗണ്ട് ടേബിള്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
‘സാധാരണയായി ചെയ്യാന്‍ ഏറ്റവും സേഫായ കാര്യം നമ്മുടെ കരിയറിന്റെ തുടക്കകാലത്ത് നല്ല കുട്ടിയായ നായികാ വേഷങ്ങള്‍ ചെയ്യുക എന്നതാണ് അതിന് ശേഷം എല്ലാ സ്‌പെക്ട്രങ്ങളും പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് പലരും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. പക്ഷേ എന്റെ കാര്യത്തില്‍ നേരെ ഓപ്പോസിറ്റായിരുന്നു. കാന്താരയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം പരീക്ഷിച്ചത് കുറച്ച് അപകടകരമായിരുന്നു.
പക്ഷേ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല, ഷൂട്ടെല്ലാം കഴിഞ്ഞ് ചിത്രം റിലീസിനോട് അടുത്തപ്പോഴായിരുന്നു എനിക്ക് പേടി തോന്നിയത്. കരിയറില്‍ ഇനിയുള്ള കാലം മുഴുവന്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് കഴിയേണ്ടി വരുമോ എന്നെല്ലാമായിരുന്നു എന്റെ ചിന്ത. പക്ഷേ ഒരിക്കലും ഈ പേടി കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലോ സിനിമയില്‍ അഭിനയിക്കുന്നതിലോ എന്നെ സ്വാധീനിച്ചിട്ടില്ല,’ രുക്മിണി പറഞ്ഞു.
മദിരാശി. Photo: book my show
സിനിമ കണ്ടതിനുശേഷം പ്രേക്ഷകര്‍ തന്റെ വില്ലന്‍ കഥാപാത്രം ഇഷ്ടപ്പെട്ടന്ന് പറഞ്ഞന്നെും ഒരു അഭിനേതാവെന്ന നിലയില്‍ തന്റെ റേഞ്ച് മനസ്സിലാക്കാന്‍ കഥാപാത്രം സഹായിച്ചുവെന്നും താരം പറഞ്ഞു. ഒരിക്കലും തന്റെ ഭാഗത്തുനിന്നും അത്തരത്തിലൊരു കഥാപാത്രം പ്രതീക്ഷിക്കാത്തതിനാലാവാം മികച്ച പ്രതികരണം കിട്ടിയതെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ധൈര്യം ഇപ്പോള്‍ തനിക്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാന്താര ചാപ്റ്റര്‍ വണ്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ഏകദേശം 800 കോടിയോളം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വല്‍ ആയി ഇറങ്ങിയ ചിത്രത്തില്‍ ജയറാം, രാകേഷ് പൂജാരി, ഗുല്‍ഷാന്‍ ദേവയ്യ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: rukmini vasanth talks about her negative role in kanthara chapter one a legend