| Monday, 1st September 2025, 5:26 pm

കുട്ടിക്കാലം മുതല്‍ ആരാധന തോന്നിയ നടന്‍, ഒരു സിനിമയിലെങ്കിലും അയാളെ പ്രൊപ്പോസ് ചെയ്യണമെന്നുണ്ട്: രുക്മിണി വസന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ നിലവിലെ സെന്‍സേഷനായി മാറിയ നടിയാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ച രുക്മിണി വസന്ത് പിന്നീട് തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. രക്ഷിത് ഷെട്ടി നായകനായ സപ്ത സാഗദരാച്ചെ എലോ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടിയത്.

കന്നഡക്കും തെലുങ്കിനും പുറമെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യഷിന്റെ ടോക്‌സിക്, ജൂനിയര്‍ എന്‍.ടി.ആറിന്റെ ഡ്രാഗണ്‍, റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്‍ എന്നീ സിനിമകളില്‍ രുക്മിണിയാണ് നായിക. പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് കുതിക്കുന്ന താരം തന്റെ ഇഷ്ട നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ്.

‘എല്ലാ നടന്മാരോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അവരോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുക എന്നത് വലിയൊരു സ്വപ്‌നമാണ്. എന്നാല്‍ ഔട്ട് ആന്‍ഡ് ഔട്ടായിട്ടുള്ള ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എല്ലായ്‌പ്പോഴും കൊണ്ടുനടക്കുന്ന സ്വപ്‌നമാണ്. അങ്ങനെയൊരു സബ്ജക്ട് വന്നാല്‍ അതില്‍ ആദ്യത്തെ ചോയിസ് സൂര്യ സാറാണ്. അദ്ദേഹത്തോടൊപ്പം അങ്ങനെയൊരു ലവ് സ്റ്റോറി ചെയ്യണം.

കുട്ടിക്കാലം മുതല്‍ സിനിമകള്‍ കണ്ട് വളര്‍ന്നയാളാണ് ഞാന്‍. കാണുമ്പോള്‍ തന്നെ പ്രൊപ്പോസ് ചെയ്യണമെന്ന് തോന്നിയ നടന്‍ സൂര്യ സാറാണ്. അദ്ദേഹത്തിന്റെ ചിരി വളരെ ചാമിങ്ങാണ്. ഗൗതം വാസുദേവ് സാര്‍ സംവിധാനം ചെയ്ത സിനിമയുണ്ടല്ലോ, വാരണം ആയിരം. ആ സിനിമയില്‍ സൂര്യയെ ആര്‍മി ഓഫീസറുടെ ഗെറ്റപ്പില്‍ കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. അതെല്ലാം എനിക്ക് വല്ലാതെ കണക്ടായി,’ രുക്മിണി വസന്ത് പറയുന്നു.

രുക്മിണി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് മദ്രാസി. തമിഴില്‍ രുക്മിണി നായികയായെത്തിയ രണ്ടാമത്തെ ചിത്രമാണിത്. വിജയ് സേതുപതി നായകനായ ഏസ് എന്ന ചിത്രത്തിലൂടെയായിരുന്നു രുക്മിണിയുടെ തമിഴ് അരങ്ങേറ്റം.

മാലതി എന്ന കഥാപാത്രത്തെയാണ് രുക്മിണി മദ്രാസിയില്‍ അവതരിപ്പിക്കുന്നത്. ശിവകാര്‍ത്തികേയനൊപ്പം രുക്മിണി കൈകോര്‍ക്കുന്ന ആദ്യചിത്രമാണിത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു. ആക്ഷന്‍ ത്രില്ലറായൊരുങ്ങിയ മദ്രാസി സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Content Highlight: Rukmini Vasanth saying she wants to do an out and out Romantic film with Suriya

We use cookies to give you the best possible experience. Learn more