| Friday, 31st October 2025, 10:58 pm

'ടോക്‌സിക്കി'നെ കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ അനുവാദമില്ല; ആ രീതിയില്‍ നോക്കുമ്പോള്‍ എല്ലാ സിനിമകളും പാന്‍ ഇന്ത്യന്‍: രുക്മിണി വസന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടോക്‌സിക് സിനിമയെ കുറിച്ച് തനിക്കിപ്പോള്‍ ഒന്നും വെളിപ്പെടുത്താനുള്ള അനുവാദമില്ലെന്ന് നടി രുക്മിണി വസന്ത്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം റിലീസ് തീയ്യതി മാറ്റി വെക്കുകയും പിന്നീട് പുതിയ ഡേറ്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ടോക്‌സിക് സിനിമയെ കുറിച്ച് തനിക്ക് ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് രുക്മിണി പറയുന്നു. കാന്താര തന്റെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട സിനിമയാണെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഇതില്‍ കിട്ടിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കാന്താരയിലെ വേഷം വിശ്വസിച്ച് നല്‍കിയ റിഷബ് ഷെട്ടിക്ക് പ്രത്യേകം നന്ദിയുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

പാന്‍ ഇന്‍ഡ്യ എന്നൊന്നുമില്ലെന്നും ഓരോ ആരാധകര്‍ക്കും എല്ലാ ഭാഷാ ചിത്രങ്ങളും കാണുവാനുള്ള അവസരം ഈ കാലഘട്ടത്തില്‍ കിട്ടിയിട്ടുണ്ടെന്നും രുക്മണി പറയുന്നു. ആ രീതിയില്‍ നോക്കുമ്പോള്‍ എല്ലാ സിനിമകളും പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ തന്നെയാണെന്നും നടി പറഞ്ഞു.

ടോക്‌സിക്, കാന്താര ചാപ്റ്റര്‍ 1 എന്നീ സിനിമകളിലൂടെ, വളരെ ചെറിയ കാലയളവിനുള്ളില്‍ പാന്‍ ഇന്‍ഡ്യന്‍ നായികയായതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രുക്മണി.

കെജി.എഫ് ന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്‌സിക്. 2023 ല്‍ അനൗണ്‍സ് ചെയ്ത ചിത്രം രണ്ട് വര്‍ഷം പിന്നിട്ടിട്ടും തിയേറ്ററകളിലെത്തിയിരുന്നില്ല. സിനിമയെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തിവെച്ചുവെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ സിനിമയുടെ റീലീസ് ഡേറ്റ് പങ്കുവെച്ചു. സിനിമ 2026 മാര്‍ച്ച് 19ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Content highlight: Rukmini Vasant says she is not allowed to reveal anything about the movie Toxic right now

We use cookies to give you the best possible experience. Learn more