| Wednesday, 1st October 2025, 8:54 pm

ആ കഥാപാത്രത്തിന് ഇത്ര വലിയ സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല; ഒരു നടിയായി എന്റെ പ്രയാണം തുടങ്ങുന്നതേയുള്ളൂ: രുക്മിണി വസന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ നിലവിലെ സെന്‍സേഷനായി മാറിയ നടിയാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടി പിന്നീട് തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. രക്ഷിത് ഷെട്ടി നായകനായ സപ്ത സാഗദരാച്ചെ എലോ എന്ന ചിത്രത്തിലൂടെയാണ് രുക്മിണി കൂടുതല്‍ ശ്രദ്ധ നേടിയത്.

ചിത്രത്തിലെ പ്രിയാ എന്ന കഥാപാത്രത്തെ കന്നഡ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഭാവി സിനിമകളിലും അത് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ നടി. തനിക്ക് സ്വയം ഒരു പാത്ര സൃഷ്ടി നടത്താന്‍ ഒരു സിനിമയിലും കഴിയില്ലെന്നാണ് നടി പറയുന്നത്.

‘ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രിയാ എന്ന എന്റെ കഥാപാത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ആദ്യം കന്നടത്തിലാണ് ആ സിനിമ റിലീസ് ചെയ്തത്. അതിന് ലഭിച്ച സ്വീകാര്യത കണ്ടിട്ട് തമിഴിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു. അതുകൊണ്ട് ആ കഥാപാത്രം ദക്ഷിണേന്ത്യയില്‍ ആകമാനം ചര്‍ച്ച ചെയ്യപ്പെട്ടു,’ രുക്മിണി പറഞ്ഞു.

വിജയ് സേതുപതിക്കൊപ്പം ‘എയ്സ്‘ എന്ന സിനിമയില്‍ അഭിനയിച്ച രുക്മിണി വസന്ത് വിജയ് സേതുപതിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും പങ്കുവെച്ചു.

‘ഒരു നടിയായി എന്റെ പ്രയാണം തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തെപ്പോലെ മികവോടെ ഒരു രംഗത്ത് അഭിനയിക്കാന്‍ മാത്രമുള്ള അനുഭവമൊന്നും എനിക്കിനിയും ആയിട്ടില്ല. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഈടു
നല്‍കുവാന്‍ ഞാനും ശ്രമിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും ധാരാളം പഠിച്ചെടുക്കുവാന്‍ കഴിഞ്ഞു. അതൊരു നേട്ടം തന്നെ,’ രുക്മിണി പറഞ്ഞു.

അതേസമയം റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്ണില്‍ നായിക രുക്മിണി വാസന്താണ്. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും.

Content highlight: Rukmini Vasant on the movie Sapta Sagadarache Elo

We use cookies to give you the best possible experience. Learn more