| Friday, 31st October 2025, 4:41 pm

ഇത്ര വലിയ മഹാവിജയം പ്രതീക്ഷിച്ചില്ല; സിനിമയില്‍ ഞങ്ങള്‍ ഉപയോഗിച്ചത് ഒറിജിനല്‍ ആയുധങ്ങള്‍: രുക്മിണി വസന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാന്താരയുടെ വിജയം പ്രതീക്ഷിച്ചിരുന്നതാണെന്നും എന്നാല്‍ ഇത്ര വലിയ മഹാവിജയം വിശ്വസിക്കാനാവുന്നില്ലെന്നും നടി രുക്മണി വസന്ത്. ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച കാന്തര ഇന്നാണ് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോള്‍ നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ വിജയത്തിലുള്ള സന്തോഷം പങ്കുവെക്കുകയാണ് നടി രുക്മിണി വസന്ത്.

ഇത്ര വലിയ മഹാവിജയമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും എല്ലാ ക്രെഡിറ്റും റിഷബ് ഷെട്ടിക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. അദ്ദഹം ഇത്രത്തോളം ബ്രഹ്‌മാണ്ഡമായി സിനിമ ചിത്രീകരിച്ചതും നിര്‍മിച്ചതും അവിശ്വസനീയമായി തോന്നുന്നുവെന്നും റിഷബ് ഷെട്ടിയുടെ ഡെഡിക്കേഷനെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും രുക്മിണി കൂട്ടിച്ചേര്‍ത്തു.

വാള്‍പയറ്റ് സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചു.

‘അത്ഭുതം. ഞങ്ങള്‍ ഒറിജിനല്‍ ആയുധങ്ങളാണ് ഉപയോഗിച്ചത്. കൂര്‍ത്ത മുനയുള്ളവ ആയിരുന്നില്ല എന്നത് ആശ്വാസം. ഞാന്‍ അത്ര ശക്തിയോ മനോബലമോ ഉള്ളയാളല്ല എന്നതിനാല്‍ അത് എനിക്ക് പുതിയ അനുഭവം തന്നെയായിരുന്നു. ഷൂട്ടിങ്ങിനിടെ ധാരാളം കാര്യങ്ങള്‍ പഠിച്ചു.

നായികമാര്‍ പൊതുവേ സുന്ദരമായ മുഖമുള്ള ഒരേപോലെയുള്ളവരായിരിക്കും. എന്നാല്‍ കാന്താരയില്‍ എനിക്ക് ഒരുപാട് ആക്ഷന്‍ ചെയ്യേണ്ടതുണ്ടായിരുന്നു. അത് റിയലിസ്റ്റിക്കായി തന്നെ ചെയ്യണമായിരുന്നു,’ രുക്മണി പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമായിരുന്നു റിഷബ് ഷെട്ടി ഒരുക്കിയ കാന്താര ചാപ്റ്റര്‍ വണ്‍. ആഗോളതലത്തില്‍ ചിത്രം 800 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ബോളിവുഡിനെ വെട്ടി ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ കന്നഡ ഇന്‍ഡസ്ട്രി സ്വന്തമാക്കുകയും ചെയ്തിരുന്നു.
കാന്താരയുടെ ആദ്യ ഭാഗവും ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ആദ്യഭാഗം 400 കോടിയിലധികം നേടിയപ്പോള്‍ രണ്ടാം ഭാഗം അതിന്റെ ഇരട്ടി കളക്ഷനാണ് സ്വന്തമാക്കിയത്.

Content highlight: Rukmani Vasant says she expected Kantara’s success, but can’t believe it’s such a huge success 

We use cookies to give you the best possible experience. Learn more