| Tuesday, 7th May 2019, 9:12 am

കല്ലട ട്രാവല്‍സില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലടക്കും ജീവനക്കാര്‍ക്കും ആര്‍.ടി.ഒ യുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കല്ലട ട്രാവല്‍സ് സ്വകാര്യ ബസ് സര്‍വീസിലെ ജീവനക്കാര്‍ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പട്ട്
ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും എറണാകുളം ആര്‍.ടി.ഒയുടെ നോട്ടീസ്. അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകാനാണ് നിര്‍ദ്ദേശം. എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ മുന്നിലാണ് തെളിവെടുപ്പിനായി ഹാജരാകേണ്ടത്.

ഹരിപ്പാട് വരെ ഓടിയ ബസ്സിന്റെ ഡ്രൈവറും തുടര്‍ന്ന് വൈറ്റില വരെ യാത്രക്കാരെ എത്തിച്ച രണ്ടാമത്തെ ബസ്സിന്റെ ഡ്രൈവറും ഹാജരാകണം.

സുരേഷ് കല്ലടക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികളം ചോദ്യം ചെയ്യുമെന്നും നേരത്തെ തൃക്കാക്കര എസ്.പി പറഞ്ഞിരുന്നു. കല്ലട ബസില്‍ വച്ചുണ്ടായ സംഭവത്തിന് ശേഷം ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ച് മലബാറില്‍ അന്തര്‍ സംസ്ഥാന ബസുകള്‍ പണിമുടക്കിയിരുന്നു.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി 168 ബസുകളില്‍ നടത്തിയ പരിശോധന നടത്തുകയും പെര്‍മിറ്റ് ലംഘനം നടത്തിയ വാഹനങ്ങളില്‍ നിന്നും 5,05,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 43 ട്രാവല്‍സ് ഏജന്‍സികള്‍ക്കും നോട്ടീസ് നല്‍കിയതായി മോട്ടോര്‍ വാഹന വകുപ്പ്.
കല്ലടയിലെ ഇരുപത് ബസുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കല്ലട ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തിയ ഇനത്തില്‍ 90,25,200 രൂപ നികുതിയിനത്തില്‍ അടക്കാനുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more