| Saturday, 13th September 2025, 2:02 pm

ക്രൈസ്തവര്‍ ദേശവിരുദ്ധര്‍, ചെന്ന് കേറിയ സ്ഥലത്തെ സംസ്‌കാരം നശിപ്പിക്കുന്നവരെന്ന് കേസരിയുടെ മുഖലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിനെതിരെ വിദ്വേഷ പരാമാര്‍ശവുമായി ആര്‍.എസ്.എസിന്റെ മുഖവാരിക കേസരി. ഏറ്റവും പുതിയ ലക്കത്തിലെ മുഖലേഖനത്തിലാണ് ക്രൈസ്തവ സമൂഹത്തെയൊട്ടാകെ അടച്ചാക്ഷേപിച്ചുകൊണ്ട് കേസരി ലേഖനം പങ്കുവെച്ചത്. ക്രൈസ്തവര്‍ ദേശവിരുദ്ധരാണെന്നാണ് ലേഖനത്തില്‍ ആരോപിക്കുന്നത്.

രാജ്യദ്രോഹികളെന്നാണ് മത നേതൃത്വത്തെയും മത നേതാക്കന്മാരെയും കേസരി വിശേഷിപ്പിച്ചത്. സായുധ വിപ്ലവത്തിനായി സാധാരണക്കാരെ മിഷണറിമാര്‍ നയിക്കുന്നുവെന്നും ആരോപിക്കുന്നുണ്ട്. സായുധ വിപ്ലവത്തിന് ശ്രമിക്കുന്ന ആളുകളെ വിലക്കെടുത്തുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

മാവോയിസ്റ്റ് കലാപങ്ങളെയടക്കം പരാമര്‍ശിച്ച ലേഖനത്തില്‍ അതിനെല്ലാം കാരണം ക്രിസ്ത്യന്‍ മിഷണറിമാരാണെന്നും ആര്‍.എസ്.എസ് വാരിക ആക്ഷേപിക്കുന്നുണ്ട്. ലോകത്ത് എല്ലാ രാജ്യങ്ങളിലും ക്രൈസ്തവര്‍ കടന്നുചെന്നെന്നും അവിടങ്ങളിലെ സംസ്‌കൃതി ഇല്ലാതാക്കിയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ചൈനയും ജപ്പാനും ഇന്ത്യയും അതിന് ഉദാഹരണമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഈ രാജ്യങ്ങളിലെല്ലാം കടന്നുകൂടിയ ക്രൈസ്തവര്‍ അവിടങ്ങളിലെ ഭരണകാര്യങ്ങളില്‍ വരെ ഇടപെടാന്‍ കഴിയുന്ന ശക്തിയായി മാറിയെന്നും ലേഖനത്തിലുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഭാരതത്തില്‍ വലിയ രീതിയില്‍ ഇവര്‍ മതം മാറ്റം നടത്തിയെന്നും അതിനെല്ലാം ഭരണസംവിധാനത്തിന്റെ പിന്തുണയുണ്ടായിരുന്നെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളെല്ലാം ഇംഗ്ലീഷ് നാമം സ്വീകരിക്കാതെ നിന്നപ്പോള്‍ നാഗാലാന്‍ഡ് മാത്രം ഇംഗ്ലീഷ് നാമം സ്വീകരിച്ചതും വേറൊരു രാജ്യമെന്ന നിലയില്‍ തുടരുന്നതും ക്രിസ്ത്യന്‍ മിഷണറിമാരുടെ ഇടപെടാലാണെന്നും ആരോപിക്കുന്നുണ്ട്. ഇന്ത്യയില്‍ ക്രിസ്ത്യന്‍- മുസ്‌ലിം മതനേതൃത്വം ഹിന്ദുക്കളെ മതം മാറ്റാനുള്ള ശ്രമം കാലങ്ങളായി നടക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. മുസ്‌ലിങ്ങള്‍ ശക്തിയുടെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനം നടത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ കൗശലത്തോടെയാണ് ഇക്കാര്യം ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ആര്യന്‍ ആക്രമണം, സവര്‍ണന്‍, അവര്‍ണന്‍, ആദിവാസി തുടങ്ങിയ പദങ്ങള്‍ ക്രിസ്ത്യന്‍ മിഷണറിമാരാണ് പ്രചരിപ്പിച്ചതെന്നും ആരോപണമുണ്ട്. മതംമാറ്റത്തിന് സമൂഹത്തെ വിധേയമാക്കാനാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. വനവാസി സമൂഹങ്ങള്‍ ഹിന്ദുക്കളല്ല എന്ന പ്രചരണം ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

വനവാസികളെ ഹിന്ദുമതം അവഗണിച്ചെന്ന വാദം മിഷണറിമാര്‍ പ്രചരിപ്പിച്ചെന്നും എന്നാല്‍ ആദ്ധ്യാത്മിക നേതാക്കളും ഹിന്ദു സംഘടനകളും കാരണം അവര്‍ക്ക് ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദു ദേവീദേവന്മാരെ അധിക്ഷേപിച്ച് പുസ്തകങ്ങള്‍ പുറത്തിറക്കിയും ആചാര അനുഷ്ഠാനങ്ങളെ കളിയാക്കിയും ദൗര്‍ബല്യത്തെ ചൂഷണം ചെയ്തുമാണ് മിഷണറിമാര്‍ മുന്നോട്ടുപോകുന്നതെന്നും ആരോപിക്കുന്നു.

ഝാര്‍ഖണ്ഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഝാര്‍ഖണ്ട് പൊലീസ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിന്മേലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍.ഐ.എ കോടതിയില്‍ ഇവരെ ഹാജരാക്കുകയായിരുന്നു. ഒമ്പത് ദിവസത്തിന് ശേഷമായിരുന്നു ഇവരെ ജാമ്യത്തില്‍ വിട്ടത്.

Content Highlight: RSS weekly Kesari published hate editorial against Christian Community

Latest Stories

We use cookies to give you the best possible experience. Learn more