ന്യൂദല്‍ഹി: ആര്‍.എസ്.എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നീ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുന്‍ ആര്‍.എസ്.എസ് പ്രചാരകന്‍ യശ്വന്ത് സഹദേവ് ഷിന്‍ഡെ. രാജ്യത്ത് നടന്ന വിവിധ ബോംബ് സ്‌ഫോടനങ്ങളുമായി സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കിയത്.
വിവിധ സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുള്ളതായി ആരോപിച്ച് വര്‍ഷങ്ങളായി നിയമപോരാട്ടത്തിലായിരുന്നു ഷിന്‍ഡെ.
‘1990 മുതല്‍ ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്നു ഞാന്‍. ബോംബ് നിര്‍മ്മാണ പരീശീലന സംഘത്തില്‍ ചേരാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് ഞാന്‍ സംഘടന വിട്ടത്,’ഷിന്‍ഡെ പറഞ്ഞു.
ആര്‍.എസ്എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നിവയെ തീവ്രവാദ സംഘടനകളായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കുമാണ് ഷിന്‍ഡെ കത്തയച്ചത്.
ഈ മാസം ആദ്യം അയച്ച കത്തില്‍ 2000 മുതല്‍ നടന്ന തുടര്‍ച്ചയായ ബോംബ് സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഇന്ദ്രേഷ് കുമാര്‍, വി.എച്ച്.പി ജനറല്‍ സെക്രട്ടറി മിലിങ് എന്നിവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും കത്തില്‍ പറയുന്നു.
‘മോദി അധികാരത്തിലേറിയ 2014ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ നൂറു കണക്കിന് സ്ഫോടനങ്ങള്‍ നടത്താനായിരുന്നു സംഘപരിവാര്‍ പദ്ധതി. എന്നാല്‍ ബോംബ് നിര്‍മ്മാണ പരിശീലന ക്യാംപില്‍ പങ്കെടുത്ത ചിലരെ പിന്തിരിപ്പിച്ചതിനാല്‍ പലതും നടക്കാതെ പോയി. ബി.ജെ.പിക്ക് അധികാരത്തിലേറാനാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്,’ ഷിന്‍ഡെ പറഞ്ഞു.
വിവിധ ഭാഗങ്ങളിലെ പരിശീലന ക്യാംപുകളിലെ അനുഭവങ്ങളും ഷിന്‍ഡെ കത്തില്‍ വിശദീകരിക്കുന്നുണ്ട്. ‘പൂനെയിലെ സിന്‍ഹാദ് കോട്ടക്കു സമീപമാണ് ആദ്യ പരിശീലനം നടന്നത്. അതിലെ ഇന്‍സ്ട്രക്ടര്‍മാരില്‍ വി.എച്ച്.പി അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി മിലിന്ദ് പരാന്ദെയും ഉണ്ടായിരുന്നു.
ഇവര്‍ ഒളിവിലിരുന്ന് സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചു. പൊലിസിലെ പക്ഷപാതം കാണിക്കുന്ന ഉദ്യോഗസ്ഥരുടെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും സാഹായത്തോടെ മുസ്‌ലീംകളെ കുറ്റപ്പെടുത്തി. ഇത് 2014ല്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു.
രാജ്യത്തുടനീളം അവിശ്വാസം വളര്‍ത്താനായി ഇത്തരത്തില്‍ ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. വി.എച്ച്.പി, ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍ എന്നീ സംഘടനകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണെന്നും,’ ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
2023 ല്‍ ഷിന്‍ഡെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് നേതാവ് പരാന്ദെയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ബോംബ് നിര്‍മാണത്തിന് പരിശീലം ലഭിച്ചിരുന്നെന്ന് മഹാരാഷ്ട്രയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഷിന്‍ഡെ സത്യവാങ്മൂലം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: RSS, Vishwa Hindu Parishad, and Bajrang Dal should be declared terrorist organizations’; former member sends letter