| Saturday, 8th November 2025, 11:25 am

വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർ.എസ്.എസ് ഗീതം ആലപിച്ചു; വീഡിയോ പങ്കുവെച്ച് സതേൺ റെയിൽവേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: എറണാകുളത്ത് ഇന്ന് നടന്ന വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർ.എസ്.എസ് ഗീതം ആലപിച്ച് വിദ്യാർത്ഥികൾ.

കുട്ടികൾ ആർ.എസ്.എസ് ഗീതം ആലപിക്കുന്ന വീഡിയോ സതേൺ റെയിൽവേ ചിത്രീകരിക്കുകയും അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുകയും ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ വന്ദേഭാരതിന്റെയുള്ളിൽ വെച്ചാണ് കുട്ടികൾ ആർ.എസ്.എസ് ഗീതം പാടുന്നത്.

ഇതിനെതിരെ നിരവധി പൊതുപ്രവർത്തകർ വീഡിയോ അടക്കം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ പരിപാടികളിൽ ആർ.എസ്.എസിന്റെ അജണ്ട അടിച്ചേൽപ്പിക്കുന്നതിനാണ് ആർ.എസ്.എസ് ഗീതം ആലപിച്ചതെന്നടക്കമുള്ള ആക്ഷേപങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു.

ആർഎസ്എസ് ഗണഗീതം ആലപിച്ചത് പരിപാടിയെ വർഗീയവൽക്കരിക്കാൻ വേണ്ടിയാണെന്നും വന്ദേഭാരത് ഉദ്ഘാടനം ബി.ജെ.പി പരിപാടിയാക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.

ബ്രീട്ടിഷുകാർക്ക് വിടുവേല ചെയ്തുകൊടുത്ത ഒരു സംഘടന ഇന്ത്യയുടെ പ്രതിരൂപമായി രംഗത്ത് വരുന്നു എന്നത് അപഹാസ്യമായ കാര്യമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

Content Highlight: RSS song sung at Vande Bharat inauguration; Southern Railway shares video

We use cookies to give you the best possible experience. Learn more