| Sunday, 9th November 2025, 1:48 pm

ആര്‍.എസ്.എസ് ഗീതം ദേശഭക്തിഗാനം; പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്; വിവാദം കുട്ടികള്‍ക്ക് മാനസികാഘാതമുണ്ടാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസില്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചതിനെചൊല്ലിയുണ്ടായ വിവാദം വിദ്യാര്‍ത്ഥികള്‍ക്ക് മാനസികാഘാതം സൃഷ്ടിച്ചെന്ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പി ഡിന്റോ.

കുട്ടികള്‍ ആലപിച്ചത് ദേശഭക്തി ഗാനമാണെന്നും ആര്‍.എസ്.എസ് ഗീതം സ്‌കൂളില്‍ പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് ചോദിച്ചു.

ദേശീയ പരിപാടിയില്‍ ദേശഭക്തി ഗാനമല്ലേ ചൊല്ലേണ്ടതെന്ന് ചോദിച്ച പ്രിന്‍സിപ്പാള്‍ മതസൗഹാര്‍ദ്ദത്തിന്റെ അര്‍ത്ഥവത്തായ വരികളാണ് കുട്ടികള്‍ ആലപിച്ചതെന്നും അഭിപ്രായപ്പെട്ടു.

താന്‍ സ്‌കൂളില്‍ നമ്മള് കൊയ്യും വയലെല്ലാം നമ്മളുടെതാകും പൈങ്കിളിയേ എന്ന ഗാനവും പഠിപ്പിച്ചിട്ടുണ്ടെന്നും ഡിന്റോ പറഞ്ഞു.

ഏതോ പ്രാദേശിക മാധ്യമക്കാരാണ് പാട്ടുപാടാന്‍ പറഞ്ഞത്. കുട്ടികള്‍ ആദ്യം വന്ദേമാതരം പാടാന്‍ പറഞ്ഞു. അതുകഴിഞ്ഞപ്പോള്‍ മലയാളം പാട്ട് പാടാന്‍ പറഞ്ഞു. ആ സമയത്താണ് കുട്ടികള്‍ ആര്‍.എസ്.എസ് ഗീതം പാടിയതെന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.

വിദ്യാഭ്യാസ മന്ത്രി സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെയും പ്രിന്‍സിപ്പാള്‍ വിമര്‍ശിച്ചു. കുട്ടികള്‍ക്ക് വിവാദം വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുക്കണമെന്നും കെ.പി. ഡിന്റോ ആവശ്യപ്പെട്ടു.

അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസമന്ത്രിയുടെ നടപടി കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, രക്ഷിതാക്കളും വിഷമത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ഉദ്ഘാടന ദിനത്തില്‍ എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചത് വലിയ വിവാദമായിരിക്കുകയാണ്.

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളടക്കമുള്ളവര്‍ ആര്‍.എസ്.എസ് ഗീതം കുട്ടികളെ കൊണ്ട് മനപൂര്‍വം പാടിപ്പിച്ചതാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സംഭവത്തെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: RSS song is a patriotic song; What is wrong in teaching it; Controversy has caused psychological trauma to children; School principal

We use cookies to give you the best possible experience. Learn more