| Wednesday, 2nd September 2026, 11:59 am

ആനന്ദബസാർ പത്രികയുടെ ആസ്ഥാന ഓഫീസ് ഗേറ്റിൽ കാവി പൂശി ആർ.എസ്.എസ്

കെ.എസ് ഷാബിന

കൊൽക്കത്ത: ബംഗാളിലെ പ്രചാരമേറിയ ദിനപത്രമായ ‘ആനന്ദബസാർ പത്രിക’യുടെ ഓഫീസ് ഗേറ്റിൽ കാവി നിറം പൂശി ആർ.എസ്.എസ്. കൊൽക്കത്തയിലെ ആസ്ഥാന ഓഫീസ് ഗേറ്റിൽ ആണ് ആർ.എസ്.എസ് പ്രവർത്തകർ കാവി പൂശിയത്. ജാദവ്പൂരിൽ ഉണ്ടായ സംഘപരിവാർ അക്രമങ്ങളെക്കുറിച്ച് ‘കാവി ഗുണ്ടായിസം’ എന്ന തലക്കെട്ടിൽ പത്രവാർത്ത നൽകിയതിനെതിരെ പ്രതിഷേധിച്ചാണ് ഗേറ്റിൽ കാവി പൂശിയത്.

വാർത്തയിലൂടെ പത്രം ഹിന്ദുത്വത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസിന്റെ സാന്നിധ്യത്തിലായിലായിരുന്നു ആർ.എസ്.എസ് പ്രവർത്തകർ കാവി പൂശിയത്.

മുഖ്യമന്ത്രി സുവേന്ദു അധികാരി പത്രത്തിനും മാധ്യമപ്രവർത്തകർക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം. പത്രത്തെയും വാർത്ത നൽകിയതിന് പിന്നിൽ പ്രവർത്തിച്ചവരെയും പാഠം പഠിപ്പിക്കുമെന്നും, പത്രം പരസ്യമായി മാപ്പുപറയണമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.

കാവി’ എന്നത് രാഷ്ട്രീയം അല്ലെന്നും മതപരമായ പ്രതീകമാണെന്നും, ഈ വാക്ക് പ്രയോഗിച്ചത് ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും കാട്ടി സഞ്ജയ് ശാസ്ത്രി മഹാരാജ് കൊൽക്കത്ത പോലീസിൽ പരാതി നൽകി. തുടർന്ന് ആനന്ദബസാർ പത്രത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പത്രത്തിന്റെ ഭാരവാഹികൾക്കെതിരെ നടപടികൾ ആരംഭിക്കുകയും ചെയ്തു.

ആനന്ദബസാർ പത്രികയുടെ എഡിറ്റർ ഇഷാനി ദത്ത റോയ്, ചീഫ് റിപ്പോർട്ടർ സോമ മുഖർജി എന്നിവർക്ക് പുറമെ പത്രാധിപ സമിതിയിലെ മറ്റ് ചില മുതിർന്ന അംഗങ്ങൾക്കെതിരെയും കൊൽക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്തിയ ഫെഡറേഷൻ ഓഫ് പ്രസ് ക്ലബ്‌സ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

Content Highlight: RSS paints the gate of the Ananda Bazar Patrika headquarters saffron

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more