| Monday, 17th December 2018, 8:48 am

തീവ്രഹിന്ദു വികാരം ആളികത്തിച്ച് ഹിന്ദു സമാജോത്സവം; കാസര്‍ഗോട്ടെ പരിപാടിയില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തില്ല. ന്യൂനപക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കുമെതിരെ നിശിത വിമര്‍ശനങ്ങളുയര്‍ന്ന സമ്മേളനത്തില്‍ വനിതാ മതിലിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.

യോഗി ആദിത്യനാഥ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാകപ പ്രചരണമാണ് ജില്ലയിലടക്കം സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. എന്നാല്‍ യോഗി എത്താത്തത് തിരിച്ചടിയായി. പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലും വലിയ കുറവുണ്ടായി. അരലക്ഷത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. എന്നാല്‍ അയ്യായിരത്തോളം പേര്‍ മാത്രമാണ് സമ്മേളനത്തില്‍ എത്തിയത്.

Read Also : വോട്ടിങ്‌യന്ത്രത്തിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ബാക്കി; അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

മുസ്‌ലിം വിഭാഗത്തോടൊപ്പം ചേര്‍ന്ന് ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാനാണ് കമ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് ആര്‍.എസ്.എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ നന്ദകുമാര്‍ ആരോപിച്ചു. വനിതാ മതിലില്‍ പങ്കെടുക്കുന്നത് മഹാപാപമെന്ന് ആര്‍.എസ്.എസ് നേതാവ് ജെ നന്ദകുമാര്‍ പറഞ്ഞു.

ഹിന്ദു വിഭാഗത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നത്. അതില്‍ പങ്കെടുക്കുന്നത് മഹാപാപമാണെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

അതേസമയം ഹിന്ദുസമാജോത്സവത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടതായാണ് പരാതി. അക്രമം വ്യാപിക്കാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.

We use cookies to give you the best possible experience. Learn more