| Wednesday, 1st July 2026, 5:17 pm

ആര്‍.എസ്.എസ് നേതാവും പാക് ചാരസംഘടന നേതാവും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച! പാക് ഉദ്യോഗസ്ഥരുമായി 4 തവണ ചര്‍ച്ച നടത്തിയെന്ന് കര്‍ണാടക പി.സി.സി അധ്യക്ഷന്‍

ആദര്‍ശ് എം.കെ.

ബെംഗളൂരു: പ്രമുഖ ആര്‍.എസ്.എസ് നേതാവ് രാം മാധവ് പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി നാല് തവണ രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.കെ. ഹരിപ്രസാദ്. ഇതില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയിലെ (ISI) ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു

ബെംഗളൂരു ഗ്രേറ്റര്‍ അതോറിറ്റി തെരഞ്ഞെടുപ്പിന്റെ ചുമതല രാം മാധവിന് നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഹരിപ്രസാദിന്റെ ആരോപണം. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊളംബോയിലും ലണ്ടനിലും വെച്ചാണ് ഈ രഹസ്യ കൂടിക്കാഴ്ചകള്‍ നടന്നതെന്ന് ഹരിപ്രസാദ് പറഞ്ഞു.

പാക് ചാരസംഘടനയായ ഐ.എസ്.ഐയിലെ മുന്‍ മേജര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാക് ഉദ്യോഗസ്ഥരെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് രാം മാധവ് കണ്ടതായി അദ്ദേഹം ആരോപിച്ചു.

‘ഓപ്പറേഷന്‍ സിന്ദൂര്‍’ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ലണ്ടനില്‍ വെച്ചും രാം മാധവ് പാക് പ്രതിനിധികളെ കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശകാര്യ മന്ത്രിയോ, എം.പിയോ, എം.എല്‍.എയോ അല്ലാത്ത രാം മാധവിന് ഇത്തരം ചര്‍ച്ചകള്‍ നടത്താന്‍ ആര് അനുവാദം നല്‍കിയെന്ന് ഹരിപ്രസാദ് ചോദിച്ചു. വിദേശ നയ തീരുമാനങ്ങള്‍ എടുക്കാന്‍ ഔദ്യോഗിക പദവികളില്ലാത്ത ആര്‍.എസ്.എസ് എങ്ങനെയാണ് ഇടപെടുന്നതെന്നും കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ചോദ്യമുന്നയിച്ചു.

പാകിസ്താനുമായുള്ള ചര്‍ച്ചകളെ പിന്തുണച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് മുന്‍പ് നടത്തിയ പ്രസ്താവനയുമായി ഈ കൂടിക്കാഴ്ചകളെ ഹരിപ്രസാദ് ചേര്‍ത്തുവെച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് പാകിസ്താനെയും മറ്റ് മതപരമായ വിഷയങ്ങളെയും കുറിച്ച് മാത്രം സംസാരിക്കുന്ന ബി.ജെ.പി, സാധാരണക്കാരായ കര്‍ഷകരെയും തൊഴിലാളികളെയും കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാം മാധവ് പൂര്‍ണമായും നിഷേധിച്ചു. പാകിസ്താനുമായി യാതൊരു വിധത്തിലുള്ള ഔദ്യോഗികമല്ലാത്ത ‘ട്രാക്ക്-2’ (Track-2) ചര്‍ച്ചകളിലും താന്‍ പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് കൊളംബോയില്‍ സംഘടിപ്പിച്ച ‘സൗത്ത് ഏഷ്യ ഡയലോഗില്‍’ പങ്കെടുക്കാനാണ് താന്‍ പോയത്. ഇന്ത്യ, പാകിസ്താന്‍, അമേരിക്ക, യുകെ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള പണ്ഡിതരും വിദഗ്ധരും പങ്കെടുത്ത ഒരു അന്താരാഷ്ട്ര പരിപാടിയായിരുന്നു അത്. അതില്‍ ഒരു സെഷനില്‍ സംസാരിക്കാന്‍ മാത്രമാണ് താന്‍ പോയതെന്നും, അത് കഴിഞ്ഞ് ഉടന്‍ തന്നെ മടങ്ങിയെന്നുമാണ് ആര്‍.എസ്.എസ് നേതാവിന്റെ വിശദീകരണം.

Content Highlight: RSS leader Ram Madhav held 4 ‘secret’ meetings with Pakistani officials including one ISI officer:  Congress leader B K Hariprasad

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more