| Wednesday, 30th July 2025, 4:42 pm

കേരളത്തിലെ ബി.ജെ.പി എന്തിനാണ് വേവലാതിപ്പെടുന്നത്; രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് വിമര്‍ശനവുമായി ആര്‍.എസ്.എസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേരള ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് കെ. ഗോവിന്ദന്‍ക്കുട്ടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടാണ് ഗോവിന്ദന്‍കുട്ടിയുടെ വിമര്‍ശനം.

കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പി വേവലാതിപ്പെടുന്നത് എന്തിനാണെന്നും ഛത്തീസ്ഗഡില്‍ നിയമവും നീതിയും നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരുണ്ടെന്നും കെ. ഗോവിന്ദന്‍കുട്ടി പറഞ്ഞു.

മാത്രമല്ല നാരായണ്‍പൂരില്‍ നിന്ന് രണ്ട് സ്ത്രീകളെ ഒരു പുരുഷനോടൊപ്പം ആഗ്രയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചത് എന്തിനാണെന്നും നക്‌സല്‍ മേഖലയില്‍ കന്യാസ്ത്രീകള്‍ക്കുള്ള ബന്ധം അന്വേഷക്കണമെന്നും ഗോവിന്ദന്‍കുട്ടി പറഞ്ഞു. കേരളത്തിലെ ദുര്‍ഭരണത്തിനും വിലക്കയറ്റത്തിനുമെതിരെ ബി.ജെ.പി ശക്തമായ പ്രതികരണങ്ങള്‍ സംഘടിപ്പിക്കണമെന്നും പ്രീണനമല്ല പ്രവര്‍ത്തനമാണ് വേണ്ടതെന്നും ഗോവിന്ദക്കുട്ടി പോസ്റ്റില്‍ പറഞ്ഞു.

കെ. ഗോവിന്ദന്‍കുട്ടിയുടെ കമന്റിന്റെ പൂര്‍ണ രൂപം

ശ്രീ രാജീവ് ചന്ദ്രശേഖര്‍ അവിടെ നിയമവും നീതിയും നടപ്പാക്കാന്‍ ഒരു സര്‍ക്കാര്‍ ഉണ്ട്. അവിടുത്തെ ‘മതം മാറ്റ നിരോധന നിയമപ്രകാരവും അതീവ ദുഷ്‌കരമായ നാരായണ്‍പൂരില്‍ നിന്നും രണ്ടു സ്ത്രീകളെ ഒരു പുരുഷനോടൊപ്പം ആഗ്രയിലേക്കു കൊണ്ടു പോകാന്‍ ശ്രമിച്ചതിന്റെ പിന്നിലെ പദ്ധതിയും നക്സല്‍ മേഖലയിലെ കന്യാസ്ത്രികള്‍ക്കു കൂടെയുള്ള വ്യക്തിക്കും ഉള്ള ബന്ധവും എല്ലാം അന്വേഷണവിധേയമാക്കേണ്ടതില്ലെ?

കേരളത്തിലെ ബി.ജെ.പി എന്തിനാണ് വേവലാതി പെടുന്നത്? അവിടുത്തെ സര്‍ക്കാര്‍ നിയമാനുസൃതമായി പ്രവൃത്തിക്കില്ലെന്നാണോ കേരളത്തിലെ പാര്‍ട്ടി കരുതുന്നത്? കേരളത്തിലെ ദുര്‍ഭരണത്തിനും വിലക്കയറ്റത്തിനും പ്രതിപക്ഷത്തിന്റെ ഒത്തുകളിക്കും എതിരെ ശക്തമായ പ്രതികരണങ്ങള്‍ സംഘടിപ്പിച്ച് ജനവിശ്വാസമാര്‍ജിക്കുക. പ്രീണനമല്ല പ്രവൃത്തനമാണ് വേണ്ടത്,’ ഗോവിന്ദന്‍കുട്ടി കമന്റ്.

വിഷയത്തില്‍ കേരള ബി.ജെ.പിയുടെ നിലപാടിനെതിരെ ഹിന്ദു ഐക്യവേദിയും രംഗത്തുവന്നിട്ടുണ്ട്. ഹിന്ദുക്കളെ മത മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും എതിര്‍ക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റാരോപിതരെ നിരപാരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുളള അനീതിയാണെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രസ്താവന.

ബജ്‌റംഗ്ദള്‍ ഒരു സ്വതന്ത്ര സംഘടനയാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കുമെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം മനുഷ്യക്കടത്ത് ആരോപിച്ചാണ് കന്യാത്രീകളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 143 പ്രകാരവും 1968 ലെ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരവുമുള്ള കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Content Highlight: RSS leader criticizes Rajeev Chandrasekhar’s post

We use cookies to give you the best possible experience. Learn more