| Thursday, 3rd September 2026, 2:44 pm

‘യു.ഡി.എഫിന്റെ മറവിൽ കേരളം ഭരിക്കുന്നത് ആർ.എസ്.എസ്; വഞ്ചിക്കപ്പെട്ട കേരളം’: അശോകൻ ചരുവിൽ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിനെ വെറുമൊരു പാവയായി നിർത്തി ഗവർണറിലൂടെ സംസ്ഥാനത്ത് അധികാരം കയ്യാളുന്നത് സാക്ഷാൽ ആർ.എസ്.എസ് എന്ന് പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവിൽ.

കേരളം കടുത്ത വഞ്ചനയ്ക്കാണ് ഇരയായിരിക്കുന്നത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരണത്തിലെത്തുന്നത് കേരളത്തിന് സ്വാഭാവികമായ കാര്യമാണ്. വിജയിക്കുന്ന മുന്നണിക്ക് വലിയ ഭൂരിപക്ഷം ഉണ്ടാകാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയവും അത്തരമൊന്നായിട്ടാണ് പൊതുസമൂഹം കരുതിയത്. എന്നാൽ അതങ്ങനെയല്ലെന്നും ഒരു കൊടുംചതിക്കാണ് കേരളം വിധേയമായതെന്നും വ്യക്തമാക്കുന്ന വസ്തുതകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് അദ്ദേഹം കുറിച്ചു.

കേരളത്തിന്റെ ചരിത്രത്തിനും സംസ്കാരത്തിനും നിരക്കാത്ത ആർ.എസ്.എസ് തികഞ്ഞ വഞ്ചനയിലൂടെ ഇവിടെ അധികാരത്തിലെത്തിയിരിക്കുകയാണെന്നും കേരളം വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

വേറിട്ട സംസ്കാരങ്ങളുടെ സമന്വയമായ രാജ്യത്ത്, മതേതര ജനാധിപത്യ മുന്നേറ്റം നടന്ന ഒരിടത്ത് ആർ.എസ്.എസ് പോലെ അത്യന്തം സമൂഹവിരുദ്ധമായ വർഗ്ഗീയ ഭീകരകക്ഷിക്ക് ജനപിന്തുണ കിട്ടാൻ വിഷമമാണെന്ന് അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മൂലധനാധിപത്യം നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് അവർ അധികാരം പിടിച്ചെടുക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും മുസ്ലിംവിരോധം, സംവരണവിരോധം, ദളിത്-പിന്നാക്ക-സ്ത്രീ-ട്രാൻസ്ജെൻഡർ വിഭാഗങ്ങളോടുള്ള വർണ്ണവെറുപ്പ് എന്നിവയെല്ലാം അവർ ആയുധമാക്കി.

ത്രിപുരയിൽ കോൺഗ്രസിനെ ഒന്നാകെ വിലയ്ക്കുവാങ്ങിയാണ് അവർ ആധിപത്യം നേടിയതെന്നും, ബംഗാളിൽ ഇടതുപക്ഷത്തിനെതിരെ ഇരുവിഭാഗം മതരാഷ്ട്രീയക്കാരെയും മാവോയിസ്റ്റുകളെയും തൃണമൂലിനൊപ്പം ചേർത്ത് മഴവിൽ മുന്നണിയുണ്ടാക്കി സംസ്ഥാനത്തെ നശിപ്പിച്ചാണ് അവർ അധികാരത്തിലെത്തിയതെന്നും അദ്ദേഹം പോസ്റ്റിൽ ഓർമ്മിപ്പിച്ചു.

നവോത്ഥാനാശയങ്ങൾ ശക്തമായ കേരളത്തിൽ ആർ.എസ്.എസിനോ ബി.ജെ.പിക്കോ നേരിട്ട് അത്രയെളുപ്പം സ്വാധീനം ചെലുത്താനാവില്ല. അതുകൊണ്ടുതന്നെ ഇവിടത്തെ യു.ഡി.എഫ് സംവിധാനത്തെ വെറുമൊരു പടംപോലെ നിലനിർത്തി ഗവർണറെ ഉപയോഗിച്ച് ഭരിക്കുക എന്ന നയമാണ് അവർ നടപ്പിലാക്കിയിരിക്കുന്നതെന്ന് അശോകൻ ചരുവിൽ വിമർശിച്ചു.

ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസിനെ നയിക്കുന്ന കെ.സി. വേണുഗോപാലിനെ തള്ളിമാറ്റി ഒരു ഹെഡ്ഗെവാർ ഭക്തനെ മുഖ്യമന്ത്രിയാക്കിയതിനു പിന്നിലെ അവിശുദ്ധ ഡീൽ കേരളം വേണ്ടത്ര മനസ്സിലാക്കിയില്ല എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസത്തിലൂടെ കേരളം നേടിയെടുത്ത മതേതര മനസ്സിനെ തകർക്കാനാണ് ആർ.എസ്.എസിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ കഴിഞ്ഞ പത്തുവർഷവും ഗവർണ്ണർമാർ ശ്രമിച്ചപ്പോൾ, വിദ്യാർത്ഥികളും അധ്യാപകരും ഇടതുപക്ഷ സർക്കാരും ചേർന്ന് നിയമപരമായും ജീവന്മരണ പോരാട്ടങ്ങളിലൂടെയും അതിനെ ചെറുത്തുനിന്നത് തെളിഞ്ഞ ചരിത്രസത്യമാണ്. എന്നാൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതുതന്നെ സംഘപരിവാറിന് പരവതാനി വിരിച്ചുകൊണ്ടാണ്. താക്കോൽ സ്ഥാനങ്ങളിലെല്ലാം ഗവർണർ നിർദ്ദേശിക്കുന്ന സംഘപരിവാർ പ്രതിനിധികളെ തിരുകിക്കയറ്റുകയാണ്. ഇതരമതവിദ്വേഷ വരികൾ കൂട്ടിച്ചേർത്തുള്ള വന്ദേഭാരതാലാപനങ്ങൾ തുടരുകയാണെന്നും വഖഫ് ബോർഡിൽ ഇതരമതസ്ഥരെ ചേർക്കാനുള്ള നീക്കം അംഗീകരിക്കപ്പെട്ടെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

സർക്കാർ സെക്രട്ടറിമാർ രാജ്ഭവനിലേക്ക് ബൈപാസിലൂടെയാണ് സഞ്ചരിക്കുന്നത്.പരിവാർ സേന സർവകലാശാലകളിൽ നിരന്നുകഴിഞ്ഞു. സാംസ്കാരിക സ്ഥാപനങ്ങളിലും ഇവരെ പ്രതിഷ്ഠിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. നാരായണഗുരുവിന്റെ ജനാധിപത്യ കേരളത്തെ ഗോഡ്‌സെയുടെ മതഭീകര ലോകമാക്കി മാറ്റാനാണ് വി.ഡി. സതീശൻ എന്ന വിധേയന്റെ മറവിൽ ആർ.എസ്.എസ് ഇവിടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള യു.ഡി.എഫ് – ആർ.എസ്.എസ് സംയുക്ത നീക്കത്തെ തെരുവിൽ രക്തം ചിന്തി ചെറുത്തുനിൽക്കുന്ന വിദ്യാർത്ഥി സമൂഹത്തിനൊപ്പം അണിനിരക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും കടമയുണ്ടെന്നും അശോകൻ ചരുവിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Content Highlight:“RSS is ruling Kerala under the guise of the UDF; Kerala has been deceived”: Ashokan Charuvil.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more