തിരുവനന്തപുരം: ആര്‍.എസ്.എസ് രാജ്യത്തെ ബാധിച്ചിരിക്കുന്ന ദുരന്തമെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ്. ആര്‍.എസ്.എസിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ശിവപ്രസാദിന്റെ പ്രതികരണം.
‘ഏത് ദുരന്തമുണ്ടായാലും ആദ്യം ഓടി എത്തുന്നവരാണ് ആര്‍.എസ്.എസുകാര്‍ എന്നത് പ്രധാനമന്ത്രിയുടെ ശരിയായ നിരീക്ഷണമാണ്. രാജ്യത്തെ പല ദുരന്തങ്ങളും വര്‍ഗീയ കലാപങ്ങളും സൃഷ്ടിച്ചത് ആദ്യം ഓടി എത്തിയ ആര്‍.എസ്.എസ് കര്‍സേവകരാണ് എന്നതാണ് ചരിത്രം,’ എം. ശിവപ്രസാദ് പറഞ്ഞു.
വയനാട് ദുരന്തത്തിന് ശേഷം സംഭവസ്ഥലത്ത് എത്തിയ ആര്‍.എസ്.എസുകാരന്‍ പ്രധാനമന്ത്രി ദുരന്ത ദൃശ്യങ്ങള്‍ കണ്ട് ആസ്വദിച്ച് തിരികെ പോയതല്ലാതെ നയാ പൈസയുടെ സഹായം ചെയ്യാതെ നമ്മളെ വഞ്ചിച്ചത് ഓര്‍ക്കണമെന്നും എസ്.എഫ്.ഐ നേതാവ് പ്രതികരിച്ചു.
അതേസമയം ദല്‍ഹിയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം.
‘ആര്‍.എസ്.എസ് ശാഖകള്‍ രാജ്യത്തിന്റ വികസനത്തെ സഹായിക്കുന്നു. സ്വാതന്ത്ര്യസമര സമയത്ത് ഡോ. ഹെഡ്‌ഗെവാര്‍ നിരവധി തവണയാണ് ജയിലില്‍ കിടന്നത്. നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആര്‍.എസ്.എസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്,’ മോദി പറഞ്ഞു.
വയനാട്ടില്‍ ഉള്‍പ്പെടെ ആദ്യം ഓടിയെത്തിയത് ആര്‍.എസ്.എസുകാരാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ‘ഏക ഇന്ത്യ, മഹത്തായ ഇന്ത്യ’ എന്നതില്‍ ആണ് ആര്‍.എസ്.എസ് വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എം. ശിവപ്രസാദിന്റെ പ്രതികരണം. വയനാടിനെ ഉദ്ധരിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിനുള്ള കേന്ദ്ര ധനസഹായം അനുവദിക്കുന്നതില്‍ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ല.
ദുരന്ത മേഖലയിലെ വായ്പ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം മെല്ലെപ്പോക്ക് തുടരുകയാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഒന്നിലധികം തവണയാണ് കേന്ദ്രത്തോട് ചോദ്യമുന്നയിച്ചത്.
Content Highlight: RSS is a disaster that has affected the country; M. Sivaprasad against Modi