| Wednesday, 29th October 2025, 4:31 pm

കൊള്ളയും കലാപവും നടത്തുന്ന സംഘടനയായി ആര്‍.എസ്.എസിനെ ചിത്രീകരിക്കുന്നു, ഹാലിനെതിരായ ഹരജിയില്‍ കക്ഷി ചേര്‍ന്ന് ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ആര്‍.എസ്.എസിന്റെ ഹരജി. സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ ആര്‍.എസ്.എസ് നേതാവ് അപേക്ഷ നല്‍കി. ദേശ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും മത സാമൂഹിക ഐക്യം തകര്‍ക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും ആര്‍.എസ്.എസ് ഹരജിയില്‍ പറയുന്നു. ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യ ശിക്ഷക് എം.പി അനിലാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

കൊള്ളയും കലാപവും നടത്തുന്ന സംഘടനയായി ആര്‍.എസ്.എസിനെ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ടെന്നും തങ്ങളുടെ സംഘടനയെ പിന്തുണക്കുന്നവരുടെ വികാരത്തെ ആഴത്തില്‍ തകര്‍ക്കുന്നതാണ് സിനിമയെന്നുമുള്ള വാദങ്ങള്‍ ഉണ്ട്. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും അത് നിറവറ്റേുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്തതെന്നും ഹരജിയില്‍ പറയുന്നുണ്ട്.

ഹാല്‍ സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ ആര്‍.എസ്.എസ് നല്‍കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുന്നതിന് മുമ്പായി കോടതി സിനിമ നേരില്‍ കണ്ടിരുന്നു.

ഹാല്‍ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്തത് സമീര്‍ വീരയാണ്.

Content highlight: RSS files petition in High Court against Hal movie

We use cookies to give you the best possible experience. Learn more