പാട്ന: ബീഹാറില്‍ കോണ്‍ഗ്രസ് നേതാവും ദര്‍ഭംഗ ഡെപ്യൂട്ടി മേയറുമായ ഒരു വനിതാ നേതാവിന്റെ ഓഫീസിന് മുന്നില്‍ ഹിന്ദുത്വരുടെ പ്രതിഷേധം. ആര്‍.എസ്.എസിനെ പാകിസ്ഥാനോട് ഉപമിച്ച് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രകോപിതരായ ഹിന്ദുത്വ സംഘടനാ നേതാക്കളും ബി.ജെ.പി പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
‘ഞങ്ങള്‍ ഹിന്ദു സഹോദരന്മാരെയും മുസ്‌ലിം സഹോദരങ്ങളെയും ഒരുപോലെ സ്‌നേഹിക്കുന്നു. ആര്‍.എസ്.എസിനെ വെറുക്കുന്ന പോലെ പാകിസ്ഥാനെയും ഞങ്ങള്‍ വെറുക്കുന്നു. കാരണം ഇരുവരും ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താക്കളാണ്,’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്.
ബീഹാര്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം വൈസ് പ്രസിഡന്റ് കൂടിയായ നാസിയ ഹാസന്റേതായിരുന്നു പ്രതികരണം.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ഹിന്ദുത്വ സംഘടനകളും നേതാക്കളും നാസിയക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. മേയര്‍ രാജിവെക്കണമെന്ന് അടക്കം ഹിന്ദുത്വര്‍ ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെയാണ് ദര്‍ഭംഗ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കും ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായെത്തിയത്. നാസിയക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ഹിന്ദുത്വര്‍ പ്രതിഷേധിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ നാസിയ ഹാസന്റെ കോലം കത്തിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സദര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ അമിത് കുമാര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടുകയും ചെയ്തു.
ഇതിനിടെ പോസ്റ്റ് പിന്‍വലിച്ച് ഡെപ്യൂട്ടി മേയര്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നാസിയ പോസ്റ്റ് പിന്‍വലിച്ചത്.
ഇതിനുപുറമെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ മാത്രമല്ല, താനൊരു മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള വ്യക്തി ആയതിനാല്‍ കൂടിയാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതെന്നും നാസിയ ഹസന്‍ ചൂണ്ടിക്കാട്ടി.
തന്റെ പോസ്റ്റിനോട് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഉണ്ടായിരുന്നെങ്കില്‍ നിയമപരമായി നേരിടാമായിരുന്നുവെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണ് ക്ഷമാപണം നടത്തിയതെന്നും നാസിയ പ്രതികരിച്ചു.
Content Highlight: RSS compared to Pakistan; Hindutvas protest in front of Mayor’s office in Bihar