| Wednesday, 28th January 2026, 10:16 am

ക്ഷേത്രത്തില്‍ ആര്‍.എസ്.എസ് ഗണഗീതം; ചോദ്യം ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകന് മര്‍ദനം

നിഷാന. വി.വി

തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്രോത്സവത്തിനിടെ ആര്‍.എസ്.എസിന്റെ ഗണഗീതം പാടിയത് ചോദ്യം ചെയ്ത സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം.

സി.പി.ഐ.എം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരനെയാണ് ക്രൂര മര്‍ദനമേറ്റതോടെ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച്ച രാത്രി ഇലവുപാലം കൊല്ലയില്‍ അപ്പൂപ്പന്‍ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഭക്തിഗാനമേളയില്‍ ഗണഗീതം പാടിയതാണ് സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത്.

ഇതിനെതുടര്‍ന്ന് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയും പരിപാടി അല്‍പ്പനേരം നിര്‍ത്തിവെക്കുകയുമായിരുന്നു.

എന്നാല്‍ പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാനിനെ പിന്നാലെ എത്തിയ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ ഷാനിന് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും കൈക്ക് പൊട്ടലുണ്ടാവുകയും ചെയ്തു. കമ്പിപ്പാരകൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.

സംഭവത്തില്‍ ആറ് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമത്തിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച്ച സി.പി.ഐ.എം സ്ഥാപിച്ച ബോര്‍ഡുകള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും നേതാക്കളെയും പ്രവര്‍ത്തകരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.ജോയി, വി.കെ മധു, വിതുര ഏരിയ സെക്രട്ടറി പി.എസ് മധു, എ എം.അന്‍സാരി, കൊല്ലായി ലോക്കല്‍ സെക്രട്ടറി ശിവപ്രസാദ് എന്നിവര്‍ ഷാനിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആര്‍.എസ്.എസ് ആക്രമണത്തിനെതിരെ ജനാധിപത്യവിശ്വാ സികള്‍ രംഗത്തുവരണമെന്നും ക്ഷേത്രപരിസരങ്ങളെ ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളെ തോല്‍പ്പിക്കണമെന്നും ജില്ലാ സെക്രട്ടറി വി.ജോയി ആവശ്യപ്പെട്ടു.

Content Highlight: RSS chants Gana Geet in temple; CPIM worker beaten up for questioning

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more