ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍ ആര്‍.എസ്.എസ് പരിപാടി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്.
പ്രദേശത്തെ ആര്‍.എസ്.എസ് ശാഖയുടെ നേതൃത്വത്തില്‍ നടന്ന 10 ദിവസത്തെ ‘ശാഖാ സപ്താഹം’ എന്ന പരിപാടിയുടെ സമാപനമാണ് പള്ളി കവാടത്തിന് മുന്നില്‍ വച്ച് നടന്നത്. സമാപനത്തോടനുബന്ധിച്ച് ഭാരതമാതാ പൂജ, ശാരീരിക വ്യായാമ പ്രകടനങ്ങള്‍ (ഡ്രില്ലുകള്‍), മതപരമായ മുദ്രാവാക്യം വിളികള്‍ എന്നിവ ഉണ്ടായിരുന്നു.
പള്ളിക്ക് തൊട്ടുമുന്നില്‍ പരിപാടി നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇത്തരം ഒരു പ്രദേശത്ത് പരിപാടി നടത്താന്‍ പൊലീസ് അനുമതി നല്‍കിയതിനെതിരെ പലരും ചോദ്യങ്ങള്‍ ഉയര്‍ത്തി.
എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നുമാണ് പൊലീസിന്റെ പ്രതികരണം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നുവെന്നും ഈ പരിപാടി കാരണം പ്രദേശത്ത് യാതൊരുവിധ ക്രമസമാധാന തകര്‍ച്ചയോ അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും തെലങ്കാന പൊലീസ് ഔദ്യോഗികമായി അറിയിച്ചു.
ചടങ്ങുകള്‍ സമാധാനപരമായി പൂര്‍ത്തിയായതായും ക്രമസമാധാനം പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നുമാണ് പൊലീസിന്റെ വാദം.
Content Highlight: RSS ‘Bharat Mata Puja’ held in front of a church in Telangana; police face criticism for granting permission.