കോഴിക്കോട്: ഇസ്രഈലിലെ സയണിസ്റ്റുകളും ആര്‍.എസ്.എസും ഇരട്ട സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി സാധാരണ നിലയിലുള്ള രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ബി.ജെ.പിയുടെ നയം തീരുമാനിക്കുന്നത് ആര്‍.എസ്.എസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐയുടെ 18-ാം അഖിലേന്ത്യാ പൊതുസമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്റെ നയസമീപനങ്ങളാണ് ബി.ജെ.പി സ്വീകരിക്കുകയെന്നും ഇസ്രഈലിനോട് അവര്‍ക്ക് മമതയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടും ആശയവും ഭാരതത്തിന്റെ പൈതൃകത്തില്‍ ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പൊതുവായ സ്വഭാവങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ആര്‍.എസ്.എസും ബി.ജെ.പിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ചത് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളായിരുന്നു. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് ആ സാമ്രാജ്യത്വ വിരുദ്ധ നിലപാടില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യകാലത്ത് രാജ്യത്തെ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുമ്പോള്‍ അതില്‍ ഇസ്രഈലില്‍ പോകാന്‍ വിലക്കുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇസ്രഈലുമായി ഒരു നയതന്ത്ര ബന്ധവും അന്നുണ്ടായിരുന്നില്ല. രാഷ്ട്രമെന്ന നിലയ്ക്ക് ഇന്ത്യ ഇസ്രഈലിനെ അംഗീകരിച്ചിരുന്നില്ല. ഫലസ്തീനെയാണ് അംഗീകരിച്ചിരുന്നത്. അക്കാലത്തെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നെഹ്റുവിനൊപ്പം ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തും ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഫലസ്തീനുമായുള്ള ഈ ബന്ധം ഇല്ലാതാക്കിയത് കോണ്‍ഗ്രസ് തന്നെയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നെഹ്റുവിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ മാറ്റങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വഴങ്ങി ഇസ്രഈലിനോടുള്ള സമീപനം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അന്ന് സ്വീകരിച്ച സമീപനത്തോട് പൂര്‍ണമായും യോജിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ആര്‍.എസ്.എസിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട പാര്‍ട്ടി കൂടിയാണത്. സയണിസ്റ്റുകളുടെ എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും ശരിവെക്കുന്ന സമീപനമാണ് ആര്‍.എസ്.എസിന്റേത്. ഹിറ്റ്‌ലറുടെ ഫാസിസം എന്ന ആശയമാണ് ആര്‍.എസ്.എസിന്റെ നയം. ഹിറ്റ്ലറും ആര്‍.എസ്.എസും മുസ്‌ലിങ്ങൾക്കും ക്രൈസ്തവര്‍ക്കും എതിരായിരുന്നു. രണ്ട് പേരും കമ്മ്യൂണിസ്റ്റുകാര്‍ക്കും എതിരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ശരിയല്ലാത്ത വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ കേരളം വലിയ പോരാട്ടം നടത്തിയെന്നും പാഠപുസ്തകം തിരുത്തിയ ഘട്ടത്തില്‍ കേരളം ആ ഭാഗം പഠിപ്പിക്കാന്‍ തയ്യാറായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമീപനത്തോട് എതിര്‍പ്പുള്ള കേന്ദ്രമിപ്പോള്‍ സംസ്ഥാനത്തോട് പക തീര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: RSS and Zionists are twin brothers; if their ideas are like Hitler’s fascism: Chief Minister