തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതി ചേര്‍ക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സി.പി.ഐ നേതാവും മുന്‍ കൃഷി മന്ത്രിയുമായ വി.എസ്. സുനില്‍ കുമാര്‍. പൂരം കലക്കിയത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണിത്. സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുനില്‍ കുമാര്‍.
പൂരം അലങ്കോലപ്പെട്ടപ്പോള്‍ വളരെ നിരുത്തരവാദിത്വപരമായി പൂരത്തിന്റെ മേളം നിര്‍ത്തി വെക്കാന്‍ പറഞ്ഞത് ആരാണെന്ന് സുനില്‍ കുമാര്‍ ചോദിച്ചു. ഇനി മേളം വേണ്ട എന്ന് തീരുമാനിച്ച് അലങ്കാര പന്തലുകളൊക്കെ ഓഫ് ചെയ്യുകയും ചെയ്തതിന് നേതൃത്വം കൊടുത്തവര്‍ ആരാണ്. അതിന് നിര്‍ദ്ദേശം കൊടുത്തവര്‍ ആരാണ് എന്നുള്ള ഗൂഢാലോചനയാണ് പുറത്തു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കലിന്റെ ഗുണഭോക്താവ് തൃശൂര്‍ എം.പിയായി ജയിച്ച സുരേഷ് ഗോപിയാണ്. പൂരം കലക്കലില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ആ രാഷ്ട്രീയ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആയിട്ടുള്ളവര്‍ ആരൊക്കെയാണ് എന്നുള്ളത് അന്വേഷണത്തില്‍ പുറത്തു വന്നിട്ടില്ല. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തിനു വേണ്ടി തൃശ്ശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തി. അത് ഇടതുപക്ഷത്തിനെതിരായി തിരിക്കാന്‍ വേണ്ടിയിട്ടുള്ള ഗൂഢശ്രമം നടന്നിട്ടുണ്ട് എന്നത് പകല്‍ പോലെ സത്യമായ ഒരു കാര്യമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റും ഇടതുപക്ഷ പ്രസ്ഥാനങ്ങളും കൂടി പൂരം അലങ്കോലപ്പെടുത്തി എന്നും പൂരത്തെ രക്ഷിക്കാന്‍ വേണ്ടി സുരേഷ് ഗോപി രംഗത്ത് വന്നു എന്നുമായിരുന്നു അന്നത്തെ നരേഷന്‍. അങ്ങനെ ഒരു നാടകം. സുരേഷ് ഗോപി അന്ന് ആംബുലന്‍സില്‍ വന്നു. വരാഹി പോലെയുള്ള കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ നേതൃത്വത്തില്‍ വലിയ പ്രചരണം നടത്തിയെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
അന്ന് ജില്ലാ കളക്ടര്‍ ആയിരുന്ന കൃഷ്ണതേജ തങ്ങളോട് പറഞ്ഞത് അവിടക്ക് വരണ്ട എന്നും എല്ലാ കാര്യവും പരിഹരിക്കാം എന്നുമാണ്. അദ്ദേഹം പരിഹരിച്ചോ. പരിഹരിച്ചില്ല എന്ന് മാത്രമല്ല പരിഹരിക്കാന്‍ വേണ്ടി കെ. രാജനും താനും ശ്രമിച്ചപ്പോള്‍ ആ യോഗത്തില്‍ പങ്കെടുക്കാതെ മാറിയ ആളാണ് കൃഷ്ണതേജയെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
Content Highlight: RSS and BJP Behind Conspiiracy: Sunil Kumar on Thrissur Pooram Issue