നിലമ്പൂര്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് കൊണ്ട് കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലന്‍ ആര്‍.എസ്.എസ് ബന്ധമാരോപിച്ച് കൊണ്ട് പിണറായി വിജയനും സി.പി.ഐ.എമ്മിനുമെതിരെ നടത്തിയ അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബാന്ധവത്തെയും നെഹറുവിനെ പോലും ധിക്കരിച്ചു കൊണ്ട് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പങ്കിട്ട ഹിന്ദുത്വരാഷ്ട്രീയത്തെയും സംബന്ധിച്ച ഒരു വിശകലന ശ്രമമാണ് ഈ ലേഖനം.
രാജസ്ഥാനില്‍ നിന്നുള്ള സ്വന്തം രാജ്യസഭാസീറ്റ് ബി.ജെ.പിക്ക് താലത്തില്‍ വെച്ച് കൊടുത്ത് കേരളത്തില്‍ വന്നു ലോക്‌സഭയിലേക്ക് മത്സരിച്ച കെ.സി. വേണുഗോപാലിനെ പോലുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ യാതൊരുവിധ വസ്തുതാ ബന്ധവുമില്ലാത്ത ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ കേരള സമൂഹം തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.
പിണറായി വിജയനില്‍ ആര്‍.എസ്.എസ് ബന്ധവും ഇസ്‌ലാമോ ഫോബിയയും ആരോപിക്കുന്ന വേണുഗോപാലും അയാളുടെ കോണ്‍ഗ്രസ് പാര്‍ടിയും ആര്‍.എസ്. എസിന്റെ ഹിന്ദുത്വ അജണ്ടയോടൊപ്പം നിന്നവരാണെന്ന ചരിത്രം ഇന്ത്യന്‍ രാഷ്ടീയത്തെ പഠിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്.
നിലമ്പൂരില്‍ യു.ഡി.എഫ് തെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് പിണറായിക്കെതിരെ ആക്ഷേപം ചൊരിഞ്ഞ വേണുഗോപാലന്റെ വാക്കുകള്‍ കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞു കുത്തുന്നതാണ്.
1921 ലെ മലബാര്‍ സമരത്തോടും വാരിയന്‍കുന്നനും ആലി മുസ്‌ലിയാരും ഉള്‍പ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവകാരികളോടും കോണ്‍ഗ്രസ് എടുത്ത നിലപാട് എന്തായിരുന്നുവെന്ന് ചരിത്രം പഠിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുസ്‌ലിം ലീഗ് നേതാക്കളും ഓര്‍ക്കാതിരിക്കില്ല.
വേണുഗോപാലിനെ പോലുള്ളവര്‍ സ്വന്തം പാര്‍ട്ടി 1921 ല്‍ മലബാറിലെ മാപ്പിള കൃഷിക്കാരോടും കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട് അനാഥരും അഭയാര്‍ത്ഥികളുമായി തീര്‍ന്ന മനുഷ്യരോടും എത്ര നിഷ്‌ക്കരുണമായ നിലപാടാണ് എടുത്തതെന്ന് മനസിലാക്കാന്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയെങ്കിലും വായിക്കണം.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്
സ്വാതന്ത്ര്യാനന്തരം മദിരാശി കോണ്‍ഗ്രസ് സര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പിച്ച മുസ്‌ലിം വിരുദ്ധ നിയമങ്ങള്‍ അതേപടി തുടരുകയായിരുന്നല്ലോ. മുസ്‌ലിം ആരാധനാലയ നിര്‍മ്മാണത്തിന് പ്രത്യേക അനുമതി വാങ്ങണമെന്നുള്ള വിവേചനപരമായ നിയമം അവസാനിപ്പിച്ചതും എം.എസ്.പിയില്‍ മുസ്‌ലിം റിക്രൂട്ട് പാടില്ലെന്ന നിയമ വ്യവസ്ഥ എടുത്തുകളഞതും 195 7 ലെ ഇ.എം.എസ് സര്‍ക്കാറായിരുന്നു.
ഇ.എം.എസ്
1967 ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ജന സംഘം ആര്‍.എസ്. എസുകാരോട് ചേര്‍ന്ന് എതിര്‍ത്തതും ആര്‍.എസ്.എസ് മുന്നോട്ട് വെച്ച മലപ്പുറം ജില്ല ‘കുട്ടി പാക്കിസ്ഥാനാ’യിരിക്കുമെന്ന മുദ്രാവാക്യം ഏറ്റുപിടിച്ച് നിയമസഭയില്‍ വരെ ഉന്നയിച്ചതും കെ.സി വേണുഗോപാലിന്റെ മുന്‍ഗാമികളായ കോണ്‍ഗ്രസ് നേതാക്കളായിരുന്നു.
പിണറായി വിജയനില്‍ ആര്‍.എസ്.എസ് ബന്ധം ആരോപിക്കാനും സി.പി.ഐ.എമ്മിനെ ഇസ്‌ലാമോഫോബിക്കാക്കാനുമുള്ള വ്യഗ്രതക്കിടയില്‍ സ്വന്തം പാര്‍ടിയുടെ മുസ്‌ലിം വിരുദ്ധതയും ചരിത്രപരമയി തന്നെ ആര്‍.എസ്.എസുകാരോടൊപ്പം ചേര്‍ന്ന് നടത്തിയ ഇസ്‌ലാമോഫോബിയ പ്രചരണങ്ങളും അങ്ങനെയങ്ങ് മറച്ചു പിടിക്കാനാകുമോയെന്ന് ആലോചിക്കാനൊന്നും വേണുഗോപാലന് കഴിഞ്ഞിട്ടിട്ടുണ്ടാവില്ല.
കുപ്രസിദ്ധമായ വിമോചനസമരത്തിന് ശേഷം1960 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ ഇ.എം.എസിനെ തോല്പിക്കാന്‍ ജനസംഘത്തിന്റെ ദേശീയനേതൃത്വവുമായി ധാരണയെത്തി അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ച ചരിത്രവും പകരം ഗുരുവായൂരില്‍ ജനസംഘം സ്ഥാനാര്‍ത്ഥിക്ക്
കോണ്‍ഗ്രസ് പിന്തുണ കൊടുക്കാമെന്ന ധാരണ ഉണ്ടാക്കിയതും വേണുഗോപാലിന്റെ പാര്‍ടിയുടെ ആര്‍.എസ്.എസ് ബാന്ധവത്തിന്റെ അനിഷേധ്യമായ കേരളചരിത്രം കൂടിയാണ്.
സുരേഷ് ഗോപി
തൃശൂരില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് 80,000 വോട്ട് കുറഞ്ഞപ്പോഴാണല്ലോ. 9% വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. എന്നാല്‍ തൃശൂരില്‍ എല്‍.ഡി.എഫ് വോട്ട് വര്‍ധിക്കുകയാണുണ്ടായത്. 16,000 വോട്ടിന്റെ വര്‍ധനവാണ് എല്‍ ഡി എഫിന് ആ തെരഞ്ഞെടുപ്പിലുണ്ടായത്. വസ്തുതകളും വിവരങ്ങളും മറച്ചുവെച്ചു സ്വന്തം പാര്‍ട്ടി വോട്ട് ബി.ജെ.പിയിലേക്ക് ഒഴുകി പോയതിനെ കുറിച് അജ്ഞത സൃഷ്ടിക്കാനാണ് വേണുഗോപാലന്‍ നോക്കുന്നത്.
കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്ന് സുരേഷ് ഗോപിയിലേക്ക് ചേര്‍ന്നപ്പോഴാണ് തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാനായത് എന്നത് വേണുഗോപാലിന്റെ പാര്‍ട്ടിയുടെ ലജ്ജാകരമായ ഹിന്ദുത്വ ബാന്ധവത്തെയാണ് മറനീക്കി പുറത്ത് കൊണ്ടുവരുന്നത്. ഈ യാത്ഥാര്‍ത്ഥ്യത്തെ മറച്ച് പിടിക്കാമെന്നും കണ്ണടച്ചു ഇരുട്ടാക്കാമെന്നുമാണ് വേണുഗോപാലനെ പോലുള്ള കോണ്‍ഗ്രസുകാര്‍ കരുതുന്നത്. നേമത്ത് ഒ.രാജഗോപാലന് ജയിക്കാന്‍ കഴിഞ്ഞതും യു.ഡി.എഫ് വോട്ട് ചോര്‍ന്ന് ബി.ജെ.പിലേക്ക് എത്തിയപ്പോഴായിരുന്നു.
ഒ. രാജഗോപാല്‍
ജീവിതം മുഴുവന്‍ ആര്‍.എസ്.എസിനും വര്‍ഗീയതക്കുമെതിരെ പോരാടിയ പിണറായി വിജയനെ ആര്‍. എസ്. എസ്സാക്കി അധിക്ഷേപിക്കുന്നത് ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍നിന്നതില്‍ അഭിമാനംകൊള്ളുന്ന കെ. സുധാകരനെ പോലുള്ളവരും ശാഖയില്‍ചെന്ന് നിലവിളക്ക് തെളിയിച്ച് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുമ്പില്‍ കൈകൂപ്പിനിന്ന പ്രതിപക്ഷനേതാവ് നേതൃത്വംകൊടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന് ഹിന്ദുത്വരാഷ്ട്രീയവും കോണ്‍ഗ്രസ് രാഷ്ട്രീയവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഉള്ളതായ ചിന്തയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. കമ്യൂണിസ്റ്റ് വിരോധത്തിന്റെ അന്ധതയില്‍ ഹിന്ദുത്വരാഷ്ട്രീയത്തെ എല്ലാകാലത്തും പുണര്‍ന്നുകഴിഞ്ഞവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍.
ഹിന്ദുമഹാസഭയും ആര്‍.എസ്.എസും കോണ്‍ഗ്രസ് രാഷ്ട്രീയത്തിനകത്ത് വളര്‍ന്നുവന്ന ഭൂരിപക്ഷ വര്‍ഗീയ സംഘടനകളാണ്. മദന്‍മോഹന്‍മാളവ്യയെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു ഹിന്ദുമഹാസഭയ്ക്ക് ജന്മം കൊടുത്തത്.
ഹെഡ്ഗേവാര്‍
1925-ല്‍ ആര്‍.എസ്.എസ് സ്ഥാപിക്കുമ്പോഴും തുടര്‍ന്നും ഹെഡ്ഗേവാര്‍ കോണ്‍ഗ്രസുകാരനായിരുന്നു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഹിന്ദു-മുസ്‌ലിം മൈത്രിയെയും മതനിരപേക്ഷതയെയും സംബന്ധിച്ച വീക്ഷണങ്ങളെ എതിര്‍ത്തുകൊണ്ടാണ് ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ബ്രിട്ടീഷ് ഏജന്‍സി പണിയെടുത്തുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ ഭാഗമായി നിലകൊണ്ടത്.
1930-കളില്‍ ആര്‍.എസ്.എസുകാരുടെ കോണ്‍ഗ്രസ് അംഗത്വം റദ്ദുചെയ്യപ്പെട്ടിട്ടും എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റിയില്‍ കൗശലപൂര്‍വ്വം ആ തീരുമാനം പിന്‍വലിപ്പിക്കാനുള്ളത്ര സ്വാധീനം ഗാന്ധിജിയും നെഹ്റുവും ജീവിച്ചിരുന്ന കാലത്തുപോലും കോണ്‍ഗ്രസില്‍ ആര്‍.എസ്.എസിനുണ്ടായിരുന്നു.
ഗാന്ധി വധത്തിനുശേഷം എ.ഐ.സി.സി വര്‍ക്കിംഗ് കമ്മറ്റി ആര്‍.എസ്.എസുകാര്‍ക്കും ഹിന്ദുമഹാസഭക്കാര്‍ക്കും കോണ്‍ഗ്രസില്‍ അംഗത്വം കൊടുക്കാന്‍ പാടില്ലെന്ന കര്‍ശനമായ തീരുമാനം എടുത്തിട്ടും നെഹ്റു വിദേശപര്യടനത്തിലായിരുന്ന അവസരം നോക്കി എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി വിളിച്ചുകൂട്ടി ആ തീരുമാനം റദ്ദാക്കി.
തൃശൂരില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് 80,000 വോട്ട് കുറഞ്ഞപ്പോഴാണല്ലോ.
നവോത്ഥാനത്തിന്റെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും സമസ്തമൂല്യങ്ങളെയും കയ്യൊഴിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പലപ്പോഴും ഹിന്ദുത്വവാദികളുടെ വര്‍ഗീയ അജണ്ടയുടെ പ്രോത്സാഹകരും നിര്‍വ്വാഹകരുമായി അധഃപതിച്ചുപോയിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്ന് വിസ്മരിക്കുകയോ ആ ചരിത്രത്തെ അജ്ഞതയില്‍ നിര്‍ത്തുകയോ ആണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ അങ്ങേയറ്റം മതനിരപേക്ഷ വിരുദ്ധവും ഹിന്ദുത്വവര്‍ഗീയതയെ സഹായിക്കുന്നതുമായിരുന്നു.
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നുള്ള സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്യുകയും അത് സ്ത്രീപുരുഷ സമത്വത്തിനുവേണ്ടിയുള്ള സുപ്രധാനമായൊരു നീക്കവും ചരിത്രവിധിയുമാണെന്ന് പ്രസ്താവിച്ച എ.ഐ.സി.സി നേതൃത്വത്തിന്റെ നിലപാടുകളെ നിരസിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംഘപരിവാറിനോടൊപ്പം ചേര്‍ന്ന് വിശ്വാസ ഭ്രാന്തിളക്കിവിടാനും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള നീക്കങ്ങളാരംഭിച്ചത്.
കോണ്‍ഗ്രസ്-ആര്‍.എസ്.എസ് ബന്ധം ശബരിമല പ്രശ്നത്തില്‍ മാത്രമല്ല പലപ്പോഴും കേരള രാഷ്ട്രീയത്തില്‍ മറനീക്കി പുറത്തുവന്നിട്ടുള്ളതുമാണ്. കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ ബന്ധത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യുമ്പോഴേ ഇപ്പോഴത്തെ സംഭവഗതികളെ ശരിയായി മനസ്സിലാക്കാനാവൂ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്‌കാരികശക്തിയും ഒന്നിച്ച് ചേരണമെന്നതായിരുന്നു ഗോള്‍വാള്‍ക്കറുടെ രഹസ്യ സ്വപ്നം. സംശയിക്കേണ്ട സാംസ്‌കാരികശക്തി എന്നാല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘടനാശക്തിതന്നെ!
തങ്ങളുടെ ഹിന്ദുരാഷ്ട്ര പദ്ധതിക്ക് എതിര് നില്‍ക്കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും യോജിച്ച് നില്‍ക്കണമെന്ന് മൃദുഹിന്ദുത്വവാദികളായ കോണ്‍ഗ്രസ് നേതാക്കളോട് ഗോള്‍വാള്‍ക്കര്‍ നിരന്തരമായി അഭ്യര്‍ത്ഥിച്ചിരുന്നു. നെഹ്റുവിന്റെ ശക്തമായ മതനിരപേക്ഷ നിലപാടും കോണ്‍ഗ്രസിലും ജനങ്ങളിലുമുള്ള അപ്രതിരോധ്യമായ സ്വാധീനവുമായിരുന്നു ആര്‍.എസ്.എസിന്റെ അജണ്ടക്ക് തടസ്സമായിരുന്നത്.
വിചാരധാരയില്‍ ഇന്ത്യന്‍ ദേശീയതയുടെ ആഭ്യന്തരഭീഷണിയും പരമശത്രുക്കളുമായി ഗോള്‍വാള്‍ക്കര്‍ അവതരിപ്പിക്കുന്നത് മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമാണല്ലോ. ദേശീയതയെന്നാല്‍ ഗോള്‍വാള്‍ക്കര്‍ക്ക് ഭൂരിപക്ഷമതമായിരുന്നു. ഗോള്‍വാള്‍ക്കര്‍ ദേശീയതയെ നിര്‍വ്വചിച്ചത് കാലങ്ങളിലൂടെ വേരോടിപ്പോയ മുസ്‌ലിം വിരുദ്ധമായ നിലപാടുതറയില്‍ നിന്നായിരുന്നു.
ആര്‍.എസ്.എസിന്റെ സാംസ്‌കാരിക ദേശീയത ഇന്ത്യയെയും അതിന്റെ പൗരാണിക ചരിത്രത്തെയും മുസ്‌ലിം വിരുദ്ധതയില്‍ അവതരിപ്പിച്ച ഇന്തോളജിസ്റ്റുകളായ സാമൂഹ്യശാസ്ത്രജ്ഞരുടെ അബദ്ധപൂര്‍ണമായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പ്രതിലോമപരമായ ഒരു ഗണസംജ്ഞയാണ്. അത് ദേശീയതയെ സംബന്ധിച്ച ആധുനികമായ ചരിത്രവീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ മധ്യകാല ബ്രാഹ്‌മണാധികാരത്തിന്റെ ധര്‍മ്മശാസ്ത്രങ്ങളെ പിന്‍പറ്റുന്ന പ്രതിലോമ പ്രത്യയശാസ്ത്രമാണ്.
1937-ല്‍ എഴുതിയ ‘ചരിത്രത്തിലെ ഇസ്‌ലാമിക മുദ്രകള്‍’ എന്ന വിഖ്യാതമായ പഠനലേഖനത്തിലൂടെ എം.എന്‍.റോയ് ഹിന്ദുത്വനിര്‍മ്മിതിക്ക് അവലംബമായ മുസ്‌ലിം അപരത്വത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് അപഗ്രഥനവിധേയമാക്കുന്നുണ്ട്. ഇന്ത്യന്‍ മനസ്സുകളില്‍ വേരുപിടിപ്പിച്ച മുന്‍വിധികളുടെ ദാരുണമായ സ്വാധീനത്തെ അപഗ്രഥാനാത്മകമായി പരിശോധിച്ച് റോയ് ചൂണ്ടിക്കാട്ടുന്നത് പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ നമ്മുടെ ചിന്താരംഗത്ത് വിക്ഷേപിച്ച ചരിത്രധാരണകള്‍ ഇന്ത്യയുടെ ദേശീയ ഐക്യത്തിനുതന്നെ ഭീഷണിയാണെന്നാണ്.
എം.എന്‍.റോയ്
ഹിന്ദുക്കളും മുസ്‌ലിങ്ങളും രണ്ട് രാഷ്ട്രങ്ങളാണെന്ന വാദം കൊളോണിയല്‍ സൃഷ്ടിയാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ചരിത്രത്തെയും ദേശരാഷ്ട്ര രൂപീകരണത്തെയും നിഷ്പക്ഷമായി നോക്കിക്കാണാന്‍ വിസമ്മതിച്ച കൊളോണിയല്‍ ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരുമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിന് മണ്ണൊരുക്കിയിട്ടത്.
പൗരാണിക ഇന്ത്യന്‍ ദര്‍ശനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ കൊളോണിയലിസ്റ്റുകള്‍ ഇസ്‌ലാമിന്റെ ചരിത്രത്തെയും ദര്‍ശനത്തെയും ദൈവശാസ്ത്രത്തെയും തെറ്റായി അവതരിപ്പിക്കുകയായിരുന്നു. സാമ്രാജ്യത്വപ്രോക്തമായ ഓറിയന്റലിസ്റ്റ് മതപഠനങ്ങളാണ് വര്‍ത്തമാനലോകത്തെ രക്തപങ്കിലമാക്കുന്ന ഭീകരവാദ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അടിത്തറയൊരുക്കിയത്.
അപരമതവിരോധത്തിന്റേതായ പ്രത്യയശാസ്ത്രമാണ് സാമ്രാജ്യത്വവിരുദ്ധ ദേശീയതയെ തകര്‍ക്കാന്‍ ലോകത്തെല്ലായിടത്തും പഴയ കൊളോണിയല്‍ മൂലധനശക്തികളെപോലെ നവമൂലധനശക്തികളും വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയിലത് ഹിന്ദുത്വമാണെങ്കില്‍ പാലസ്തീനിലത് സയണിസമാണ്. അറബ് ലോകത്തെ ജനാധിപത്യ മുന്നേറ്റങ്ങളെ തകര്‍ത്തുകൊണ്ടാണ് മതരാഷ്ട്രവാദമുയര്‍ത്തുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ ചോരപ്പുഴകള്‍ സൃഷ്ടിക്കുന്നത്.
കമ്യൂണിസ്റ്റ് വിരോധത്തിന്റെ അന്ധതയില്‍ ഹിന്ദുത്വരാഷ്ട്രീയത്തെ എല്ലാകാലത്തും പുണര്‍ന്നുകഴിഞ്ഞവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍.
കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ എന്നും ആര്‍.എസ്.എസിനോട് മുന്‍വിധികളോടുകൂടിയ മുസ്‌ലിം വിരുദ്ധ പൊതുവികാരം പങ്കുവെച്ചവരായിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ ദ്വിരാഷ്ട്രവാദവും അധികാരകൈമാറ്റത്തോടൊപ്പം നടന്ന ഇന്ത്യ വിഭജനവും അതിനെ തുടര്‍ന്നുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളും ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കും ദേശീയതയ്ക്കുമേറ്റ അഗാധമായ മുറിവുകളായിരുന്നു.
ജവഹര്‍ലാല്‍ നെഹ്റു
മതരാഷ്ട്രവാദത്തെ അതിശക്തമായി എതിര്‍ത്ത ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ക്കുകൂടി മറുപടിയാകുന്ന വിധത്തില്‍ 1947-ല്‍ മതനിരപേക്ഷതയെ പറ്റിയുള്ള തന്റെ വീക്ഷണം വ്യക്തമാക്കുകയുണ്ടായി.
‘ഞാന്‍ വിഭാവനം ചെയ്യുന്നത് എല്ലാ മതങ്ങള്‍ക്കും സാംസ്‌കാരങ്ങള്‍ക്കും നിലനില്‍ക്കുവാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യയാണ്. വിവിധ മതവിശ്വാസികള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണം.
ഇന്ത്യ നാം ആഗ്രഹിക്കുന്നതുപോലെ മഹത്തായ ഒരു രാജ്യമാകുക എന്നത് വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ നിലനിര്‍ത്തിക്കൊണ്ടേ സാധ്യമാകൂ. കഴിഞ്ഞകാലങ്ങളിലും അത്തരമൊരു സ്വഭാവമാണ് നമ്മുടെ രാജ്യത്തിനുണ്ടായിരുന്നത്. ഭാവിയില്‍ ഈ സമീപനമാണോ നാം സ്വീകരിക്കുവാന്‍ പോകുന്നതെന്ന് ഞാന്‍ സംശയിക്കാറുണ്ട്.
എന്നാലും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന വികാരം ഇതാണ്. ഇന്ന് എന്ത് സംഭവിച്ചാലും, ഇന്ത്യക്ക് അതിന്റെ സ്വാഭാവികമായ സ്വഭാവം നിലനിര്‍ത്തുകയും മഹത്തായ പാരമ്പര്യം സംരക്ഷിക്കുകയും ചെയ്യണമെങ്കില്‍ ആ വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമെ കഴിയുകയുള്ളൂ.
അതുകൊണ്ട് ഇന്ത്യയിലെ മുസ്‌ലിങ്ങളുള്‍പ്പെടെയുള്ള എല്ലാ മതവിഭാഗങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തില്‍ നമുക്ക് അഭിപ്രായവ്യത്യസമുണ്ടാകുവാന്‍ പാടില്ല. ഒരു തരത്തിലുമുള്ള വര്‍ക്ഷീയത ഇന്ത്യയില്‍ വേരുപിടിപ്പിക്കാന്‍ അനുവദിച്ചുകൂടാ’ (1947-ല്‍ ഭോപാലിലെ നവാബിനയച്ച കത്തില്‍ നിന്ന്).
ഗാന്ധിയും നെഹ്റുവും ഇന്ത്യയുടെ ബഹുസ്വരതയും ഭിന്നമതസമൂഹങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രസാക്ഷാത്കാരത്തെ കുറിച്ചുള്ള പ്രത്യാശാഭരിതമായ കാഴ്ചപ്പാടുകള്‍ സൂക്ഷിച്ച ദേശീയനേതാക്കളായിരുന്നു.
പാക്കിസ്ഥാന്‍ രൂപീകരിച്ചുവെങ്കിലും നല്ല വിഭാഗം മുസ്‌ലിങ്ങള്‍ ഇന്ത്യ എന്ന സ്വന്തം ജന്മഭൂമി വിട്ടുപോകാന്‍ തയ്യാറായില്ല. ഇന്ത്യയില്‍ ജീവിക്കാനാഗ്രഹിച്ച ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ദേശീയനേതാക്കളുടെ ഭാവിരാഷ്ട്രനിര്‍മാണത്തെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഉത്കണ്ഠാകുലവും പ്രധാനവുമായ സമസ്യയായിരുന്നു.
പുതിയ ഭരണഘടനാ നിര്‍മാണ അസംബ്ലിയിലുള്ളവര്‍ ഇതെല്ലാം സംബന്ധിച്ച് വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു. ഗാന്ധിജി രാമരാജ്യസങ്കല്‍പം എന്ന ആശയം ആദര്‍ശാത്മകമായി അവതരിപ്പിച്ചപ്പോള്‍ തന്നെ ഇന്ത്യ ഒരു മതരാഷ്ട്രമാകരുതെന്ന നിര്‍ബന്ധ നിലപാടിലായിരുന്നു.
1942-ല്‍ തന്നെ ഗാന്ധി ഇക്കാര്യം അസന്ദിഗ്ധമായ ഭാഷയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നല്ലോ. ബി.ബി.സി ലേഖകന്റെ ചോദ്യത്തിന് മറുപടിയായി ഗാന്ധി പറഞ്ഞത്; ഇന്ത്യ ഹിന്ദുരാജ് ആയിരിക്കില്ല, അത് മുസ്‌ലിംരാജ് ആയിരിക്കില്ല എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യമുള്ള ജനാധിപത്യ റിപ്പബ്ലിക്കായിരിക്കുമെന്നാണ്.
പാക്കിസ്ഥാന്‍ ഒരു മുസ്‌ലിം രാഷ്ട്രമായതുകൊണ്ട് ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതില്‍ തെറ്റില്ലെന്ന് വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയിരുന്നു. ഭരണഘടനാ അസംബ്ലിയില്‍ ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പം പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഒരു വിഭാഗം നേതാക്കള്‍ നടത്തിയിരുന്നു. അവരില്‍ പലരും മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് അത്തരമൊരു പ്രത്യേകാവകാശം (ഹിന്ദുരാഷ്ട്രം) നിഷേധിക്കുന്നതില്‍ ന്യായമില്ലെന്ന് വാദിച്ചിരുന്നവരാണ്.
മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളോട് വിയോജിച്ചുകൊണ്ട് പല കോണ്‍ഗ്രസ് നേതാക്കളും പാക്കിസ്ഥാനില്‍ മുസ്‌ലിങ്ങള്‍ അല്ലാത്തവര്‍ക്ക് രണ്ടാംതരം പൗരന്മാരുടെ സ്ഥാനം നല്‍കുമ്പോള്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ചിന്തിച്ചിരുന്നു.
ഗാന്ധിയും നെഹ്റുവും മുറുകെപിടിച്ചിരുന്ന മതനിരപേക്ഷ ചിന്താഗതികള്‍ക്ക് ബദലായി ആര്‍.എസ്.എസ് ഉയര്‍ത്തിക്കൊണ്ടുവന്ന ഹിന്ദുദേശീയതയെ കോണ്‍ഗ്രസിലെ ഉന്നത സ്ഥാനത്തിരിക്കുന്ന പലരും താലോലിച്ചുപോന്നിരുന്നു.
എന്നും ആര്‍.എസ്.എസുകാരോട് ചേര്‍ന്ന് ഗാന്ധിയും നെഹ്റുവും ഉയര്‍ത്തിക്കൊണ്ടുവന്ന മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും ആശയങ്ങളെ ഇക്കൂട്ടര്‍ എതിര്‍ത്തുപോന്നിരുന്നു. വിഭജനവും തുടര്‍ന്നുണ്ടായ രക്തരൂക്ഷിതമായ കലാപങ്ങളും ഇത്തരം വര്‍ഗീയ ചിന്താഗതികള്‍ക്ക് അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്തിയിരുന്നു.
പക്ഷെ ഗാന്ധിവധത്തോടെ കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന ഹിന്ദുമത കേന്ദ്രീകൃതമായ ചിന്താഗതിക്ക് വലിയ പ്രഹരമേറ്റു. ഹിന്ദുത്വ ആശയമുള്ള ഹിന്ദുമഹാസഭക്കും ആര്‍.എസ്.എസിനും മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടു.
ദേശീയതയെന്നാല്‍ ഗോള്‍വാള്‍ക്കര്‍ക്ക് ഭൂരിപക്ഷമതമായിരുന്നു.
ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കള്‍ നെഹ്റുവിന്റെ മതനിരപേക്ഷതാവാദത്തിന് 1947-നുശേഷം ഇന്ത്യയില്‍ പ്രസക്തിയില്ലെന്ന് നിരന്തരമായി പ്രചരിപ്പിച്ചു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മതസൗഹാര്‍ദ്ദ നിലപാടുകള്‍ക്ക് ഇന്ത്യയെ വിഭജനത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോയെന്ന് ആര്‍.എസ്.എസിന്റെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗവും വാദിച്ചു.
കോണ്‍ഗ്രസിലെ യാഥാസ്ഥിതികരും ഹിന്ദുദേശീയതയെ അനുകൂലിക്കുന്നവരും സംഘടിതമായ ഹിന്ദു പുനരുജ്ജീവനത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതിന് തങ്ങളുടേതായ പങ്ക് വഹിച്ചു എന്നതാണ് ചരിത്രവസ്തുത.
1931-ലെ കറാച്ചിപ്രമേയത്തിന്റെ സ്പിരിറ്റില്‍ നിന്ന് 1947 നവംബറില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ ദേശീയ നിര്‍വ്വാഹക സമിതി ജനാധിപത്യപരവും മതനിരപേക്ഷവും വര്‍ഗീയവിരുദ്ധവുമായ ഒരു നിലപാടെടുക്കണമെന്ന് തീരുമാനിക്കുകയുണ്ടായി. അതംഗീകരിക്കാന്‍ കോണ്‍ഗ്രസിലെ ഹിന്ദുദേശീയ അനുകൂല നിലപാട് സ്വീകരിച്ച പലരും വൈമനസ്യം കാണിച്ചു.
പാക്കിസ്ഥാന്റെ ജനനത്തിന് കളമൊരുക്കിയ മുസ്‌ലിങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന ഹിന്ദുത്വവാദികളുടെ ജുഗുത്സാവഹമായ നിലപാട് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ വ്യക്തമാക്കി; ‘1948 ഓഗസ്റ്റ് 15-ാം തിയ്യതി അര്‍ദ്ധരാത്രി കഴിയുന്നതോടുകൂടി ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് ദേശീയ ബോധമുണ്ടായതായി പറയുവാന്‍ കഴിയുകയില്ല. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ കഴിയുന്നവര്‍ തക്കതായ സമയം വരുമ്പോള്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.’
ഗാന്ധി
ഗാന്ധിയുടെ ബിര്‍ലാഹൗസിലെ സത്യാഗ്രഹവും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്‌ലിങ്ങളോടും നീതികാണിക്കണമെന്ന അഭ്യര്‍ത്ഥനയും ഹിന്ദുത്വവാദികളെ അങ്ങേയറ്റം പ്രകോപിതരാക്കി.
യുധിഷ്ഠരന്റെ ധര്‍മ്മബോധവും പാണ്ഡവരുടെ ക്ഷമാശീലവും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്‌ലിങ്ങള്‍ എന്റെ സഹോദരീ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന സനാതന ഹിന്ദുവായ ഈ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് അത്ര വലിയ അപരാധമാണോയെന്ന് വികാരഭരിതനായി ഗാന്ധിയെക്കൊണ്ട് ചോദിപ്പിക്കുന്നയിടം വരെ എത്തിയ അനിഷ്ടകരമായ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങി.
ഗാന്ധിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നെഹ്റുവും പട്ടേലും സത്യാഗ്രഹം അവസാനിപ്പിച്ചതില്‍ പ്രകോപിതരായാണ് ഹിന്ദുത്വവാദികള്‍ ഗാന്ധിവധ നീക്കങ്ങള്‍ക്ക് തിടുക്കം കൂട്ടിയത്. പൂനയിലെ ഹിന്ദുരാഷ്ട്രദളിന്റെ ഓഫീസിലിരുന്ന് ഗോഡ്സെയും നാരായണ്‍ആപ്തെയും തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചന യോഗത്തിലെ സംഭാഷണങ്ങള്‍ ഉദ്ധരിച്ച് ജസ്റ്റിസ് ജീവന്‍ലാല്‍ കമ്മീഷന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.
ഗാന്ധി വധത്തിലുള്ള അനിഷേധ്യമായ ആര്‍.എസ്.എസ് ബന്ധവും പങ്കും (സംഘടനകള്‍ക്കും വ്യക്തികള്‍ക്കും) വ്യക്തമായതോടെയാണല്ലോ കേന്ദ്രസര്‍ക്കാര്‍ ആ സംഘടനയെ നിരോധിച്ചത്.
ആര്‍.എസ്.എസിന് ഒരു കാരണവശാലും കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാന്‍ പാടില്ലെന്ന് എ.ഐ.സി.സി വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചതായിരുന്നു. ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനുള്ള അപരാധപൂര്‍ണമായ പങ്കിനെക്കുറിച്ച് ഉദാസീനത പുലര്‍ത്തിയ കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളായ നേതാക്കളുടെ സമ്മര്‍ദ്ദഫലമായിട്ടാണ് ആ സംഘടനയുടെ നിരോധനം പിന്‍വലിക്കപ്പെട്ടത്.
രാജ്യത്ത് വര്‍ഗീയകലാപങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പേരിലും ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാത്മാവിനെ വധിച്ചതിന്റെ പേരിലും നിരോധിക്കപ്പെട്ട ആ സംഘടനയുടെ നിരോധനം കേവലം ഒരു വര്‍ഷം മാത്രമാണല്ലോ നീണ്ടുനിന്നത്!
നെഹ്റു വിദേശപര്യടനത്തിനുപോയ തക്കംനോക്കി ആര്‍.എസ്.എസുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാനുള്ള തീരുമാനം പുനസ്ഥാപിക്കുകയും ചെയ്തല്ലോ. 1949 നവംബറില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ നെഹ്റുവിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ആ തീരുമാനം റദ്ദുചെയ്തത്.
നമ്മുടെ മതനിരപേക്ഷതയുടെ കുംഭഗോപുരങ്ങള്‍ തന്നെയാണ് ബാബ്റിമസ്ജിദ് തകര്‍ത്തതിലൂടെ സംഘപരിവാര്‍ നിലംപരിശാക്കിയത്. ഗാന്ധിവധത്തിനുശേഷം രാജ്യം ദര്‍ശിച്ച ഹീനമായ രാഷ്ട്രീയ ഉപജാപമാണ് 1992 ഡിസംബര്‍ 6-ന് അയോധ്യയില്‍ അരങ്ങേറിയത്. ഗാന്ധിജിയുടെ വധത്തിനുശേഷം ഹിന്ദുവര്‍ഗീയവാദികള്‍ രാഷ്ട്രമനസ്സാക്ഷിക്കുനേരെ അഴിച്ചുവിട്ട ഹീനമായ ആക്രമണമായിരുന്നു അത്.
ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം ഒരു ദേശീയ ദുരന്തവും അപമാനവുമായിട്ടേ ബാബ്റിമസ്ജിദിന്റെ തകര്‍ച്ചയെ കാണാനാവൂ. ഹിന്ദുവര്‍ഗീയവാദികള്‍ രാഷ്ട്രത്തിന്റെ ആത്മാവിന് തീക്കൊളുത്തുകയാണ് ചെയ്തത്.
സ്വതന്ത്ര ഇന്ത്യയില്‍ ബാബ്റിമസ്ജിദ് തര്‍ക്കഭൂമിയായി കണ്ട് പൂട്ടിയിട്ടത് ഡല്‍ഹിയിലെയും യു.പിയിലെയും കോണ്‍ഗ്രസ് ഗവണ്‍മെന്റുകളാണ്. 1949 ഡിസംബര്‍ 22-നാണല്ലോ ബാബ്റിമസ്ജിദിനുള്ളിലേക്ക് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിവെച്ചതിനുശേഷം രാമവിഗ്രഹങ്ങള്‍ സ്വയംഭൂവായെന്ന് നുണപ്രചരണം നടത്തിയത്.
400 വര്‍ഷത്തിലേറെക്കാലം അയോധ്യയിലെ മുസ്‌ലിങ്ങള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ഒരാരാധനാലയം കൈയടക്കാനുള്ള ഹിന്ദുത്വവാദികളുടെ ഈ നീക്കത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വശക്തികളായിരുന്നു.
അഖണ്ഡരാമായണ യജ്ഞത്തിന് സമാപനം കുറിച്ചുകൊണ്ട് പള്ളിക്കകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭാ നേതാക്കള്‍ യു.പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായിരുന്നു!
ബാബാരാഘവദാസ്, ദ്വിഗ്വിജയ്നാഥ്, സ്വാമി സര്‍പത്നി തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ നടന്ന അഖണ്ഡ രാമായണ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ടാണ് പള്ളിക്കകത്തേക്ക് അതിക്രമിച്ചു കടന്നത്.
ഇതിനെല്ലാം സഹായവും ഫൈസാബാദ് ഡിസ്ട്രിക്റ്റ് കലക്ടറായിരുന്ന കെ.കെ.നായരുടെ ഭാഗത്തുനിന്ന് ഹിന്ദുത്വവാദികള്‍ക്ക് ലഭിച്ചു. യു.പിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഗോവിന്ദവല്ലഭഭായ്പന്തിന്റെ സഹായവും അനുഗ്രഹാശിസുകളും ഉദാരമായിതന്നെ ഈ കൊടുംപാതകത്തിന് ഉണ്ടായിരുന്നു!
വിവരമറിഞ്ഞ ജവഹര്‍ലാല്‍ നെഹ്റു അതിക്രമിച്ച് പള്ളിക്കകത്ത് സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയാനാണ് ഗോവിന്ദ്വല്ലഭഭായ്പന്തിനോട് ആവശ്യപ്പെട്ടത്.
നെഹ്റുവിന്റെ അഭ്യര്‍ത്ഥനകളെ ഹിന്ദുത്വവാദികള്‍ക്കുവേണ്ടി നിരസിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്താന്‍ എല്ലാ സൗകര്യങ്ങളും ഹിന്ദുത്വവാദികള്‍ക്ക് ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്.
നെഹ്റു ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഹിന്ദുത്വവാദികള്‍ക്ക് പാദസേവചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ തലമുറ ഗോവധമുള്‍പ്പെടെയുള്ള ഹിന്ദുത്വ അജണ്ടയുടെ തുറന്ന വക്താക്കളായി പഴയപണി തുടരുകയാണല്ലോ.
1948-ല്‍ സോഷ്യലിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്ന ആചാര്യനരേന്ദ്രദേവ് തന്റെ എം.എല്‍.എ സ്ഥാനം രാജിവെച്ചതോടെ ഫൈസാബാദ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായി.
അദ്ദേഹത്തെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് ബാബ്റിമസ്ജിദ് തര്‍ക്കഭൂമിയാക്കുന്നതിന് നേതൃത്വം കൊടുത്ത, പിന്നീട് ബാബ്റിമസ്ജിദിനകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയ ഹിന്ദുമഹാസഭക്കാരനായ ബാബാരാഘവദാസിനെയായിരുന്നു.
ബാബ്റിമസ്ജിദ് സംഭവത്തില്‍ യു.പി സര്‍ക്കാരും കോണ്‍ഗ്രസും സ്വീകരിച്ച ഹീനമായ നീക്കങ്ങളില്‍ പ്രതിഷേധമുയര്‍ത്തി ഫൈസാബാദിലെ ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയബ്രഹ്‌മചാരി പരസ്യമായി രംഗത്തുവന്നു.
ഹിന്ദുത്വശക്തികളും കോണ്‍ഗ്രസും നടത്തുന്ന ഈ വര്‍ഗീയ ഒത്തുകളി രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും യു.പി ഗവണ്‍മെന്റും വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്നതിനെതിരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു.
ഹിന്ദുമഹാസഭക്കാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഫൈസാബാദിലെ അദ്ദേഹത്തിന്റെ ആശ്രമം അഗ്‌നിക്കിരയാക്കുകയായിരുന്നു. അതിനെതുടര്‍ന്ന് അദ്ദേഹത്തിന് ലക്നൗവിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഉടുതുണിപോലുമില്ലാതെ ആ കോണ്‍ഗ്രസ് ജില്ലാകമ്മറ്റി സെക്രട്ടറിക്ക് മതഭ്രാന്തരായ സ്വന്തം അണികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകേണ്ടിവന്നു.
സ്വതന്ത്ര ഇന്ത്യയില്‍ ബാബ്റിമസ്ജിദ് തര്‍ക്കഭൂമിയായി കണ്ട് പൂട്ടിയിട്ടത് ഡല്‍ഹിയിലെയും യു.പിയിലെയും കോണ്‍ഗ്രസ് ഗവണ്‍മെന്റുകളാണ്.
1975-ലെ അടിയന്തിരാവസ്ഥക്കുശേഷം കോണ്‍ഗ്രസ് ആസൂത്രിതമായി തന്നെ ഹിന്ദുകാര്‍ഡ് ഇളക്കിക്കളിക്കുകയായിരുന്നു. അടിയന്തിരാവസ്ഥയുടെ രണ്ടാംഘട്ടം ആകുമ്പോഴേക്കും ഇന്ദിരാഗാന്ധി അമേരിക്കന്‍ അനുകൂല നിലപാടുകളിലേക്ക് പരസ്യമായി പതിക്കുന്നതാണ് കണ്ടത്.
ലോകബാങ്കിന്റെയും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെയും വ്യവസ്ഥകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വഴങ്ങി സമ്പദ്ഘടനയെ ഘടനാപരമായ ക്രമീകരണങ്ങള്‍ക്ക് വിധേയമാക്കാന്‍ ഇന്ദിരാഗാന്ധി നീക്കങ്ങള്‍ ആരംഭിച്ചു. പുറംകാഴ്ചയില്‍ സോവിയറ്റ് അനുകൂലമെന്ന് തോന്നിച്ച ഇന്ദിരാനിലപാടുകള്‍ അടിയന്തിരാവസ്ഥാ ഭീകരതയില്‍ നഗ്‌നമായ അമേരിക്കന്‍ സേവയായും പരിണമിക്കുകയായിരുന്നു.
ഇന്ദിരാഗാന്ധി
ഇതോടെ ആര്‍.എസ്.എസ് ആദ്യം അഞ്ചിന പരിപാടിക്കും പിന്നീട് ഇരുപതിന പരിപാടിക്കും പരസ്യപിന്തുണ നല്‍കി. തങ്ങള്‍ക്കെതിരായ നിരോധനം പിന്‍വലിക്കണമെന്നും തങ്ങളെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ആര്‍.എസ്.എസ് മേധാവി ദേവറസ് ഇന്ദിരക്ക് കത്തയച്ചു.
1977-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടായി. ജനാധിപത്യ പുനസ്ഥാപനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ജെ.പിയുടെ നിര്‍ദ്ദേശമനുസരിച്ച് ജനസംഘം പിരിച്ചുവിട്ട് അവര്‍ ജനതാപാര്‍ടിയുടെ ഭാഗമായി. ജനതാപാര്‍ട്ടിക്കകത്ത് ആര്‍.എസ്.എസ് അംഗത്വം വിവാദമാവുകയും രാഷ്ട്രീയധ്രുവീകരണങ്ങള്‍ക്ക് വഴിവെക്കുകയും പഴയ ജനസംഘം ബി.ജെ.പി എന്ന നിലയില്‍ പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്തു.
ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ ജനതാപാര്‍ടിയെ ശിഥിലമാക്കുകയും 1980-ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവരികയും ചെയ്തു. ഒന്നാം ഐ.എം.എഫ് വായ്പയും പരസ്യമായ ഹിന്ദുത്വ നിലപാടുകളും സ്വീകരിച്ചുകൊണ്ട് ഇന്ദിരാഗാന്ധി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതാണ് പിന്നീട് കണ്ടത്.
1983-ല്‍ ഇന്ദിരാഗാന്ധി ഹരിദ്വാറിലെ ഏകാത്മാ യജ്ഞത്തില്‍ പങ്കെടുത്തത് തന്റെ ഹിന്ദുത്വാനുകൂല നിലപാട് വെളിപ്പെടുത്താന്‍ വേണ്ടിയായിരുന്നു. രാഷ്ട്രീയരംഗത്ത് ഈ ഹിന്ദുത്വാനുകൂല നിലപാട് ഇന്ദിരാഗാന്ധിക്ക് പരസ്യമായ ആര്‍.എസ്.എസ് പിന്തുണ നേടികൊടുക്കുന്നതിലേക്ക് എത്തി.
ആ വര്‍ഷം ജമ്മുകാശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് കോണ്‍ഗ്രസിനെ പിന്തുണച്ചു. ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ടുനല്‍കേണ്ടതെന്ന് നിര്‍ദ്ദേശം നല്‍കി.
1984-ല്‍ മഹാരാഷ്ട്രയിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശിവസേനയുമായി പരസ്യ സഖ്യമുണ്ടാക്കി. ആര്‍.എസ്.എസിന്റെ രഹസ്യപിന്തുണയും നേടി. 1984-ല്‍ ആര്‍.എസ്.എസ് സ്ഥാപകദിനമായ വിജയദശമി ദിനത്തില്‍ ദേവറസ് കോണ്‍സ്രിന് ആര്‍.എസ്.എസിനോട് വിരോധമില്ലെന്ന് പരസ്യമായ പ്രഖ്യാപനം നടത്തി.
ഇന്ദിരാഗാന്ധിയുടെ വധമുള്‍പ്പെടെയുള്ള അത്യന്തം ദുരന്തപൂര്‍ണമായ ദേശീയസാഹചര്യത്തെ ഹിന്ദുത്വാനുകൂലമായ പ്രത്യയശാസ്ത്രവല്‍ക്കരണത്തിനുള്ള അവസരമാക്കി സംഘപരിവാര്‍ ആഘോഷപൂര്‍ണമാക്കുകയായിരുന്നല്ലോ.
രാജീവ്ഗാന്ധി
1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധി അയോധ്യയില്‍ നിന്നാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. രാമരാജ്യ പ്രഖ്യാപനത്തോടെ ആരംഭിച്ച കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഹിന്ദുവോട്ട് ബാങ്കുകളെ ലക്ഷ്യവെച്ചുള്ള പരസ്യമായ വര്‍ഗീയ പ്രചരണമാകുകയായിരുന്നു.
ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 48% വോട്ടും 415 സീറ്റും കിട്ടിയപ്പോള്‍ രാഷ്ട്രത്തിന്റെ ആത്മാവിന് തീകൊളുത്താന്‍ കാത്തിരിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാര്‍ നിയമാതീതമായി അഴിഞ്ഞാടാനുള്ള അവസരം കൂടി സൃഷ്ടിക്കപ്പെടുകയായിരുന്നു.
രാജീവ് ഗാന്ധി ഗവണ്‍മെന്റ് ഇലക്ട്രോണിക്സ് യുഗത്തിലേക്ക് രാജ്യത്തെ നയിക്കുന്നുവെന്ന വ്യാജേന ദൂരദര്‍ശന്‍ ചാനലിലൂടെ രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു. രാമാനന്ദസാഗറിന്റെ ടി.വി രാമായണം സംഘപരിവാറിന്റെ രാമക്ഷേത്ര അജണ്ടക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുത്തുകയായിരുന്നല്ലോ.
1986 ഫെബ്രുവരി 1-ന് ഒരു മുന്‍സിഫ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നല്ലോ അന്നത്തെ യു.പിയിലെ എന്‍.ഡി.തിവാരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റ് 1949-ല്‍ തര്‍ക്കഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുത്വശക്തികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.
രാജീവ്ഗാന്ധി സര്‍ക്കാര്‍ തന്നെയായിരുന്നല്ലോ തര്‍ക്കഭൂമിയെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ച സ്ഥലത്ത് 1989 നവംബല്‍ 9-ന് സര്‍ക്കാര്‍ ഒത്താശയോടെ ശിലാന്യാസത്തിന് അനുമതി നല്‍കിയത്. ദേശീയ ഉദ്ഗ്രഥനസമിതയുടെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശങ്ങളെയും കല്‍പനകളെയും തൃണവല്‍ഗണിച്ചുകൊണ്ടാണല്ലോ 1992 ഡിസംബര്‍ 6-ന് ബാബ്റിമസ്ജിദ് തകര്‍ക്കാനെത്തിയ കര്‍സേവകര്‍ക്ക് നരസിംഹറാവുസര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തത്.
അയോധ്യാ പ്രശ്നത്തില്‍ ആവശ്യമായ എന്തുനടപടിയും സ്വീകരിക്കാനും കേന്ദ്രസര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് 1992 നവംബര്‍ 25-ലെ സുപ്രീംകോടതി വിധി വ്യക്തമാക്കിയതാണ്. വി.പി.സിംഗ് ഗവണ്‍മെന്റ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശയനുസരിച്ച് പിന്നോക്കജാതിവിഭാഗങ്ങള്‍ക്ക് 27% സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ബി.ജെ.പിയും കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളും ആ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുത്സിതമായ നീക്കങ്ങളാണ് നടത്തിയത്.
കോണ്‍ഗ്രസിന്റെ ഹിന്ദുത്വാനുകൂല നിലപാടുകളാണ് ഇന്ന് സംഘപരിവാറിനെ ദേശീയാധികാരത്തിലെത്തിച്ചിരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച പഴയ എല്ലാ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരം പിടിച്ചെടുക്കുന്നതിലേക്കാണെത്തിയത്.
അരുണാചല്‍ പ്രദേശില്‍ പശുവിന്റെ രൂപസാദൃശ്യമുള്ള മിഥുന്‍ എന്ന മൃഗത്തെ അറക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ച് ഇത് ഗോവധമാണെന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണല്ലോ നബാംതൂക്കി സര്‍ക്കാരിനെ ബി.ജെ.പിയും കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചേര്‍ന്ന് അട്ടിമറിച്ചത്. ഉത്തരഖണ്ഡിലെ ഹരീഷ്റാവത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളോടൊപ്പം ചേര്‍ന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം എം.എല്‍.എമാര്‍ തന്നെയായിരുന്നു.
ദാത്രിയിലും ഷിംലയിലും ഝാര്‍ഖണ്ഡിലുമെല്ലാം നടന്ന പശുവിന്റെ പേരിലുള്ള നരഹത്യകള്‍ക്കെതിരെ ദേശവ്യാപകമായി ഒരു പ്രക്ഷോഭം ഉയര്‍ത്താന്‍ പോലും കോണ്‍ഗ്രസ് തയ്യാറാവുന്നില്ല.
ദാത്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെ മൃഗീയമായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം കത്തിനില്‍ക്കുമ്പോഴാണ് എ.ഐ.സി.സി വക്താവ് ദ്വിഗ്‌വിജയ് സിങ് ഗോവധ നിരോധന ആവശ്യവുമായി രംഗത്തുവന്നത്! മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലയാളികള്‍ക്കെതിരായി മതനിരപേക്ഷ ജനാധിപത്യശക്തികള്‍ പ്രതിഷേധ പ്രക്ഷോഭം നടത്തുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ടി പശുബെല്‍റ്റിലെ വോട്ടുബാങ്കുകളില്‍ കണ്ണുവെച്ച് ഗോവധ നിരോധന മുദ്രാവാക്യം ഉയര്‍ത്തുകയാണ് ചെയ്തത്!
മുഹമ്മദ് അഖ്‌ലാക്ക്
ഷിംലയില്‍ പശുക്കടത്തിന്റെ പേരില്‍ ന്യൂമാനെന്ന ചെറുപ്പക്കാരനെ തല്ലിക്കൊന്ന ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസെടുക്കാന്‍ മടിച്ചുനിന്നത് ഹിമാചല്‍പ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ്.
പശുവിനെ കടത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ന്യൂമാനെതിരായി കേസെടുത്തവര്‍ ന്യൂമാനെ മൃഗീയമായി മര്‍ദ്ദിച്ചുകൊന്ന ആര്‍.എസ്.എസുകാര്‍ക്കെതിരായി കേസെടുത്തത് ദേശീയരാഷ്ട്രീയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നതോടെയാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും ഹിന്ദുത്വ അജണ്ടയെ ഒരേപോലെ ഏറിയും കുറഞ്ഞും ഏറ്റെടുത്തും പ്രയോഗവല്‍ക്കരിച്ചുമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നത്. ഭൂരിപക്ഷമത വോട്ടുബാങ്കുകളില്‍ കണ്ണുനട്ട് രാജ്യത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും അപകടപ്പെടുത്തുന്ന ഈ നീക്കങ്ങളെ ജനാധിപത്യവാദികള്‍ അതിശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്.
1949-ല്‍ ഹിന്ദു കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ചരിത്രപ്രസക്തമാണ്. നെഹ്റുവും അംബേദ്കറും ഹിന്ദുകോഡിനുവേണ്ടി നിലകൊണ്ടതും ചരിത്രം. ഹിന്ദുകോഡ് നടപ്പിലാക്കിയാല്‍ കൂട്ടുകുടുംബം തകരുമെന്നും വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയാകെ ഇല്ലാതാക്കുമെന്നുമാണ് ഹിന്ദുമഹാസഭാ നേതാക്കളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിലെയും ഒരു വലിയവിഭാഗം നേതാക്കള്‍ വിശ്വസിച്ചത്.
ഹിന്ദുസമൂഹത്തിന്റെ ശൈഥില്യമാണ് ഹിന്ദുകോഡ് ഉണ്ടാക്കുകയെന്ന് വാദിച്ച് ഭൂരിപക്ഷ മതവിശ്വാസികളെ നെഹ്റു സര്‍ക്കാരിനെതിരെ ഇളക്കിവിടാന്‍ ഹിന്ദുമഹാസഭ നടത്തിയ നീക്കങ്ങളോടൊപ്പം കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളും ചേരുകയായിരുന്നു. ഇതിനെ സധൈര്യം നേരിട്ടുകൊണ്ടാണ് നെഹ്റു ഹിന്ദുകോഡ് യാഥാര്‍ത്ഥ്യമാക്കിയത്.
ഭൂരിപക്ഷ മതവിശ്വാസികളില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്ന ഇത്തരമൊരു നിയമനിര്‍മ്മാണം ആത്മഹത്യാപരമല്ലേയെന്ന് ചിന്തിച്ചിരുന്ന കോണ്‍ഗ്രസിലെ യാഥാസ്ഥിതികരോട് നെഹ്റു പറഞ്ഞത്; ഭൂരിപക്ഷം അങ്ങേയറ്റം പിന്തിരിപ്പനായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അവരുടെ പിറകെ ഇഴയുകയല്ല പുരോഗമനവാദികള്‍ ചെയ്യേണ്ടത്. ആധുനികതക്കുവേണ്ടി നിലകൊള്ളുന്ന അവര്‍ ന്യൂനപക്ഷമാണെങ്കിലും അവരോടൊപ്പം നില്‍ക്കുകയാണ് വേണ്ടത്.
ഇന്ന് ബില്ലിനെ എതിര്‍ക്കുന്ന യാഥാസ്ഥിതികര്‍ക്ക് ആധുനിക ജീവിതത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അവരുടെ നിലപാടുകളെ മാറ്റേണ്ടിവരുമെന്നാണ്. ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണഗതിക്കൊപ്പം ചേരുകയെന്നതാണ് പുരോഗമനജനാധിപത്യവാദികളുടെ ഉത്തരവാദിത്വമെന്നാണ് നെഹ്റു ഓര്‍മ്മപ്പെടുത്തിയത്.
ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ വെള്ളിശിലകള്‍ നല്‍കിയവരും ബി.ജെ.പിയുടെ ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ ഇലക്ടറല്‍ ബോണ്ടായി നല്‍കിയവരുമാണ് ഇന്ത്യയിലെ കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത്.
സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയോട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ തുടര്‍ച്ചയായി വിസമ്മതിക്കുന്ന കോണ്‍ഗ്രസ് വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരായ വിശാലമായ ബഹുജനഐക്യത്തെ തുരങ്കംവെക്കുന്ന നിലപാടുകളാണ് ഏറ്റവുമൊടുവില്‍ ഹരിയാന സംസ്ഥാന തെരഞ്ഞെടുപ്പില്‍ വരെ സ്വീകരിച്ചത്.
കോണ്‍ഗ്രസിലെ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ആര്‍.എസ്.എസുമായി രഹസ്യബന്ധവും അതനുസരിച്ചുള്ള നീക്കുപോക്കുകളും നടത്തി ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയം കളിക്കുന്ന നേതാക്കളെ തിരിച്ചറിയണമെന്നുള്ളതാണ് വര്‍ഗീയ വിരുദ്ധ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം അവരോടിന്ന് ആവശ്യപ്പെടുന്നത്.
content highlights: RSS affiliation of Congress; History and present