| Wednesday, 14th October 2026, 9:23 am

മസ്ക്–അംബാനി തർക്കത്തിനിടെ സ്റ്റാർലിങ്കിന് അനുമതി നൽകരുതെന്ന് ആർ.എസ്.എസ് അനുകൂല സംഘടന

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകരുതെന്ന് ആർ.എസ്.എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്.ജെ.എം).

ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് ഈ സംഘടന കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ഇന്റർനെറ്റ് നിയന്ത്രണങ്ങളും സുരക്ഷാ നിരീക്ഷണവും സ്റ്റാർലിങ്കിന്റെ സാങ്കേതികവിദ്യയിലൂടെ പ്രയാസകരമാകുമെന്നാണ് സംഘടനയുടെ വാദം.

ഇന്ത്യയിൽ സേവനം ആരംഭിക്കാൻ സ്റ്റാർലിങ്ക് നാല് വർഷമായി കാത്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നരേന്ദ്ര മോദി സർക്കാരും ശതകോടീശ്വരനായ മുകേഷ് അംബാനിയും ചേർന്ന് റിലയൻസ് ജിയോയ്ക്ക് അനുകൂലമായി സ്റ്റാർലിങ്കിന്റെ പ്രവേശനം തടയുകയാണെന്ന് മസ്ക് ആരോപിച്ചതോടെ കമ്പനിയുടെ അനുമതി നടപടികൾ വീണ്ടും ചർച്ചയായി.

രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും രാജ്യവിരുദ്ധ പ്രചാരണങ്ങളും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് എസ്.ജെ.എം ദേശീയ കൺവീനർ അശ്വനി മഹാജൻ പറഞ്ഞു.

വിഘടനവാദം, ഭീകരവാദം, കലാപങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ക്രമസമാധാനം നിലനിർത്താൻ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ തടയേണ്ടിവരാറുണ്ടെന്നും, സ്റ്റാർലിങ്കിന് ഇന്ത്യയിൽ അനുമതി നൽകിയാൽ വിലക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം മുന്നോട്ടുവച്ച ന്യായം.

സ്റ്റാർലിങ്കിന്റെ പ്രവേശനം തടയാൻ അംബാനി ശ്രമിക്കുന്നുവെന്ന മസ്കിന്റെ ആരോപണം കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. അനുമതി നൽകുന്ന നടപടികൾ അന്യായമോ വിവേചനപരമോ ആണെന്ന വാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.

സ്റ്റാർലിങ്കിനും റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയുടെ പിന്തുണയുള്ള ഉപഗ്രഹ ഇന്റർനെറ്റ് സംരംഭങ്ങൾക്കും അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

അമേരിക്കയുമായുള്ള വ്യാപാര തർക്കവും സ്റ്റാർലിങ്കിനെ നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നിലുണ്ടെന്ന് സംഘടന വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുകയാണെങ്കിൽ, സ്വന്തം ദേശീയ സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തിൽ സ്റ്റാർലിങ്കിനെ തടയാൻ ഇന്ത്യയ്ക്കും അവകാശമുണ്ടെന്ന് അശ്വനി മഹാജൻ പറഞ്ഞു.

നൂറുകോടിയിലധികം ഇന്റർനെറ്റ് വരിക്കാരുള്ള ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് സ്റ്റാർലിങ്ക് ശ്രമിക്കുന്നത്. സ്റ്റാർലിങ്കിനൊപ്പം റിലയൻസ് ജിയോയുടെയും ഭാരതി എയർടെലിന്റെയും പിന്തുണയുള്ള ഉപഗ്രഹ ഇന്റർനെറ്റ് സംരംഭങ്ങളും സേവനം ആരംഭിക്കാനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.

ഇന്ത്യൻ നിബന്ധനകൾ പാലിക്കുന്നതിനായി വർഷങ്ങളായി ശ്രമിച്ചിട്ടും സ്റ്റാർലിങ്കിന് ഇതുവരെ ലൈസൻസ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് മസ്ക് എക്സിലൂടെ അംബാനിയെ നിരന്തരം വിമർശിച്ചിട്ടുണ്ട്.

‘ഇന്ത്യയുടെ യഥാർഥ അധികാരി അംബാനിയാണോ?’ എന്നായിരുന്നു കഴിഞ്ഞയാഴ്ച മസ്ക് എക്സിൽ കുറിച്ചത്. സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് അംബാനി തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more