| Monday, 13th October 2025, 9:31 am

സ്‌കൂളിലെ അടക്കം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണം; സിദ്ധരാമയ്യയോട് കര്‍ണാടക മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സംസ്ഥാനത്ത് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.

ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനയുടെ ആത്മാവിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ കത്ത് പുറത്തുവരുന്നത്.

സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമുള്ള ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ നാലിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പോലും ആര്‍.എസ്.എസ് ശാഖ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാര്‍ഗെ നടപടി ആവശ്യപ്പെട്ടത്. കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ ആര്‍.എസ്.എസ് വിഷം കുത്തിവെക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശിക്ഷാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സ്‌കൂളുകളില്‍ ആര്‍.എസ്.എസ് ശാഖ നടത്തുന്നത്. വടികളും മറ്റും ഉപയോഗിച്ച് ആക്രണണത്മക പ്രകടനങ്ങളും നടത്തുന്നുണ്ട്. ഇതിന് പൊലീസിന്റെ അനുമതിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

ഇത്തരം ചെയ്തികള്‍ കുട്ടികളില്‍ ദോഷകരമായ മാനസിക ആഘാതം ഉണ്ടാക്കുമെന്നും മന്ത്രി പ്രതികരിച്ചു. ആര്‍.എസ്.എസിന്റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും ഇന്ത്യയുടെ മതേതര ചട്ടക്കൂടിന് വിരുദ്ധമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

നിലവില്‍ സംഘിക്, ബൈഠക് എന്നീ പേരുകളില്‍ ആര്‍.എസ്.എസ് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നാണ് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള അധികാരം ഭരണഘടന സംസ്ഥാനത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി കത്തില്‍ പറയുന്നുണ്ട്.

കത്ത് ചര്‍ച്ചയായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി, ഏതെങ്കിലും സ്വകാര്യ വ്യക്തിയുടെ സ്വത്തുകളില്‍ ആര്‍.എസ്.എസ് ശാഖ നടത്തിക്കോട്ടെയെന്നും പൊതുസ്ഥലങ്ങളില്‍ വേണ്ടെന്നും പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രിയങ്ക് ഖാര്‍ഗെയുടെ ആവശ്യം സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ അംഗീകരിച്ചതായാണ് വിവരം. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് യതീന്ദ്രയും അഭിപ്രായപ്പെട്ടു.

എന്നാല്‍ ആര്‍.എസ്.എസിനെ നിരോധിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരമില്ലെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ മണ്ടത്തരമാണ് ഖാര്‍ഗെ പ്രകടിപ്പിക്കുന്നതെന്നും ബി.ജെ.പി വിമര്‍ശിച്ചു.

‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് കേട്ടിരുന്നവരെ ‘ഭാരത് മാതാ കീ ജയ്’ അലോസരപ്പെടുത്തുന്നതായി തോന്നുന്നുവെന്നാണ് വിജയേന്ദ്ര യെദ്യൂരപ്പ വിഷയത്തില്‍ പ്രതികരിച്ചത്.

Content Highlight: RSS activities, including in schools, should be banned: Karnataka minister to Siddaramaiah

We use cookies to give you the best possible experience. Learn more