| Thursday, 2nd October 2025, 7:05 am

ആർ.എസ്.എസിന്റെ സ്റ്റാമ്പും നാണയവും: ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ നിന്നും വിട്ടുനിന്നവർ, ഭരണഘടനയെ അപമാനിച്ചു: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആർ.എസ്.എസ് സ്ഥാപകദിനത്തിനത്തിന്റെ നൂറാം വാർഷിക ദിനത്തിൽ നൂറ് രൂപയുടെ നാണയവും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

നടപടി ഭരണഘടനയോടുള്ള അപമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ നിന്നും വിട്ടുനിന്നവരാണെന്നും വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളുടെയും അവർ വിഭാവനം ചെയ്ത മതേതര, ഏകീകൃത ഇന്ത്യയ്ക്കും നേരെയുള്ള ആക്രമണമാണ് ആർ.എസ്.എസിന് നൽകിയ ബഹുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം, സംഭവത്തിൽ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും എ.എ. റഹീം എം.പിയും വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

നൂറ് രൂപയുടെ നാണയവും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയതിലൂടെ ചരിത്രത്തെ വ്യാജമായി നിർമിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു. ആർ.എസ്.എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്ന് സി.പി.ഐ.എം ചൂണ്ടിക്കാണിച്ചു.

ഹിന്ദുത്വ രാഷ്ട്രം എന്ന വിഭാഗീയ ആശയത്തിന്റെ പ്രതീകമായി ആർ.എസ്.എസ് ആഘോഷമാക്കുന്ന ഒരു ഹിന്ദു ദേവതയുടെ ‘ഭാരത് മാതാ’ എന്ന ചിത്രം ഔദ്യോഗിക നാണയത്തിൽ പകർത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഔദ്യോഗിക കുറിപ്പിലൂടെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചിരുന്നു.

രാജ്യത്തിന്റെ ഐക്യത്തിന് യാതൊരു സംഭാവനയും നൽകാത്ത സംഘടനയെ മഹത്വവൽക്കരിക്കുന്ന വില കുറഞ്ഞ നീക്കമെന്നാണ് എ.എ റഹീം വിമർശിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. സംഭവം സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കലും രാജ്യ ചരിത്രത്തോടുള്ള നീതി നിഷേധവുമാണെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യത്തിന്റെ സുദീർഘമായ സ്വാതന്ത്ര്യ-സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ സ്വാതന്ത്ര്യത്തിനായോ രാജ്യത്തിന്റെ ഐക്യത്തിനോ അഖണ്ഡതയ്ക്ക് വേണ്ടിയോ യാതൊരു സംഭാവനയും നൽകാത്ത ഒരു സംഘടനയെ രാജ്യത്തിന്റെ മുഖമായി ചിത്രീകരിക്കാനുമുള്ള വില കുറഞ്ഞ നീക്കം അത്യന്തം അപലപനീയമാണെന്നും റഹീം പറഞ്ഞു.

ദൽഹിയിൽ സംഘടിപ്പിച്ച ആർ.എസ്.എസ് വാർഷിക വേളയിലാണ് കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രമുള്ള നൂറ് രൂപ നാണയവും സ്റ്റാമ്പും നരേന്ദ്രമോദി പുറത്തിറക്കിയത്.

രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും ആദ്യമെത്തുന്ന സംഘടനയാണ് ആർ.എസ്.എസ് എന്നും വയനാട്ടിൽ ഉരുൾപ്പൊട്ടൽ ഉണ്ടായപ്പോൾ ആദ്യം എത്തിയത് ആർ.എസ്.എസ് ആണെന്നും മോദി പരിപാടിയിൽ പറഞ്ഞിരുന്നു.

Content Highlight: RSS 100 coin and stamp: Chief Minister calls it an insult to the Constitution

We use cookies to give you the best possible experience. Learn more